തടവറ പ്രേഷിതനായി ഇത് രണ്ടാമൂഴം: ഫാ. ഫ്രാന്‍സിസ് കൊടിയന്‍

    കീര്‍ത്തി ജെയ്ക്കബ്

    സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരിലേക്കും അവശത അനുഭവിക്കുന്നവരിലേക്കും പ്രത്യേകിച്ച് തടവറയില്‍ കഴിയുന്നവരിലേക്കും ഈശ്വര സ്‌നേഹവുമായി കടന്നുവരുന്ന, സിബിസിഐ പ്രിസണ്‍ മിനിസ്ട്രി ഇന്ത്യയുടെ ദേശീയ ഡയറക്ടറായി ചുമതലയേറ്റിരിക്കുകയാണ്, റവ. ഡോ. ഫ്രാന്‍സിസ് കൊടിയന്‍ എം.സി.ബി.എസ്. ജയില്‍ മിനിസ്ട്രി എന്ന പ്രേഷിത പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയായിരുന്നു ഫാ. കൊടിയന്‍. ആധുനിക സമൂഹത്തില്‍ ക്രിസ്തു സ്‌നേഹം പരത്താനും പ്രഘോഷിക്കാനുമായി സഭ ഏറ്റെടുത്തിരിക്കുന്ന പ്രത്യേക ദൗത്യത്തിന്റെ സുപ്രധാന നടത്തിപ്പുകാരനായി ചുമതലയേറ്റ ഫാ. ഫ്രാന്‍സിസ് കൊടിയന്‍, താനേറെ ഇഷ്ടപ്പെടുന്നതും പുതുതായി ഏറ്റെടുത്തിരിക്കുന്നതുമായ ദൗത്യത്തെക്കുറിച്ച് ലൈഫ്‌ഡേയോട് സംസാരിക്കുന്നു…

    ജയില്‍ മിനിസ്ട്രിയുടെ ആരംഭം

    വടവാതൂര്‍ സെമിനാരിയില്‍ പഠിക്കുന്ന കാലത്ത്, 1986 ല്‍ കൊടിയനച്ചനും
    സഹപാഠിയായിരുന്ന വര്‍ഗീസ് കരിപ്പേരി എന്ന വൈദികനും ചേര്‍ന്നാണ് ജയില്‍ മിനിസിട്രി എന്ന ഇന്ന് കാണുന്ന വലിയ പ്രേഷിത പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ആ വലിയ ആശയത്തിന്റെ പിറവിയെക്കുറിച്ച് അച്ചന്‍ പറയുന്നതിങ്ങനെ ‘ സെമിനാരിയില്‍ വച്ച്, ഞങ്ങളുടെ ബാച്ചിലെ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പിലാണ് ഈ പ്രേഷിത പ്രവര്‍ത്തനം ആരംഭിച്ചത്. റെക്ടറച്ചന്റെ അനുവാദം വാങ്ങി കോട്ടയം സബ്ജയിലിലാണ് പോയി തുടങ്ങിയത്. പ്രാര്‍ത്ഥനയും ഉപവാസവും നടത്തി ആദ്ധ്യാത്മിക നിറവോടെയാണ് ഞങ്ങള്‍ ആ ശുശ്രൂഷ നടത്തി വന്നത്. ശുശ്രൂഷ
    ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് സെമിനാരികളിലും ഈ ശുശ്രൂഷ നടത്താന്‍ ബിഷപ്പ് നിര്‍ദേശിച്ചു. 1990 ആയപ്പോള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഈ ശുശ്രൂഷയ്ക്ക് ജീസസ് ഫ്രറ്റേണിറ്റി എന്ന പേരില്‍ ഔദ്യോഗിക അംഗീകാരവും നല്‍കുകയുണ്ടായി’.

    വളര്‍ച്ച

    ‘അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് പട്ടം കിട്ടിയിരുന്നു. അതോടെ പിഒസിയില്‍
    ഓഫീസ് തന്ന് കെസിബിസി എന്നെ അവിടെ നിയമിച്ചു. അവിടെ ആയിരുന്ന സമയത്ത്, ജയില്‍ മോചിതരായ കുറ്റവാളികള്‍ക്കുവേണ്ടി ഏതാനും റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ഒന്ന് തൃശൂരിലെ വെട്ടുകാട് പുരുഷന്മാര്‍ക്കുവേണ്ടിയും മറ്റൊന്ന് തിരുവന്തപുരത്ത് സ്ത്രീകള്‍ക്കു വേണ്ടിയും. അതിന്റെ ചുവട് പിടിച്ച് വിവിധ സന്ന്യാസ, സന്ന്യാസിനി സ്ഥാപനങ്ങളും വിവിധ പ്രായക്കാരായ ജയില്‍ മോചിത സഹോദരര്‍ക്കുവേണ്ടി പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടു. 1995 ല്‍ ഈ പ്രവര്‍ത്തനങ്ങള്‍ പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ എന്ന പേരില്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു. ബംഗളൂരുവിലായിരുന്നു തുടക്കം. 2014 ല്‍ ഈ
    ശുശ്രൂഷയ്ക്ക് സിബിസിഐയുടെ അംഗീകാരം ലഭിക്കുകയും ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴിലാവുകയും ചെയ്തു.

    പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ

    സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരിലേക്കും അവശത അനുഭവിക്കുന്നവരിലേക്കും പ്രത്യേകിച്ച് തടവറയില്‍ കഴിയുന്നവരിലേക്കും ഈശ്വര സ്‌നേഹവുമായി കടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് PMI ചെയ്തുവരുന്നത്. കൂടാതെ
    തടവറയില്‍ കഴിയുന്നവരുടെ കുട്ടികള്‍, തെരുവുകളില്‍ ജീവിതം
    ഹോമിക്കുന്നവര്‍, ജീവിത മാര്‍ഗത്തിനായി ശരീരം വില്‍ക്കുന്നവര്‍,
    തുടങ്ങിയവര്‍ക്ക് പ്രാര്‍ത്ഥനയും പരിശീലനവും നല്‍കി നേരായ ജീവിത മാര്‍ഗം കാണിച്ചു കൊടുക്കുന്നു. എല്ലാവരും ഈശ്വരന്റെ മുന്‍പില്‍ ഏകോദര സഹോദരങ്ങളാണ് എന്ന അടിസ്ഥാന തത്വമാണ് ഈ കൂട്ടായ്മയുടെ ശക്തി. ഇന്ന് ഇന്ത്യയുടെ എല്ലാ തടവറകളിലും തന്നെ ജയില്‍ പ്രേഷിതര്‍ക്കു എത്തിച്ചേരാന്‍ സാധിച്ചിട്ടിട്ടുണ്ട്. 6000ത്തോളം സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇന്നിത്.

    തടവറയിലെ പ്രേഷിതത്വം ഇങ്ങനെ

    ജയില്‍ സന്ദര്‍ശനം, ദിവ്യബലിയര്‍പ്പണം, വചന പ്രേഘോഷണം, പ്രാര്‍ത്ഥന,
    കൗണ്‍സിലിംഗ് എന്നിവ സംഘടിപ്പിക്കാറുണ്ട്. ലീഗല്‍ സഹായം
    ആവശ്യമുള്ളവര്‍ക്ക് അത് ചെയ്തു കൊടുക്കുന്നു. ഇതിന് പുറമേ തടവറയില്‍
    കഴിയുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബ ബന്ധങ്ങള്‍
    വീണ്ടെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. ജയിലില്‍ തടവുകാരുടെ മാനസികോല്ലാസത്തിനായി കായികോപകരണങ്ങള്‍ സംഘടിപ്പിച്ച് എത്തിക്കുക, നല്ല പുസ്തകങ്ങള്‍ വിതരണം ചെയ്യുക. ബോധവല്‍ക്കരണ ക്‌ളാസ്സുകളും മൂല്യബോധമുണര്‍ത്തുന്ന കലാപരിപാടികളും ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രധാനമായും ചെയ്ത് വരുന്നത്.

    മറ്റ് സേവനങ്ങള്‍

    ജോലിസാധ്യതകള്‍ ഉള്ള വിവിധ പരിശീലന ക്ലാസുകള്‍ ജയിലിനുള്ളില്‍ PMI നടത്താറുണ്ട്. കാരാഗൃഹവാസികളുടെ മക്കളെ സ്‌കൂളില്‍ അയച്ചു
    പഠിപ്പിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. കൂടാതെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം നവീകരണ പുനരധിവാസ കേന്ദ്രങ്ങളും നടത്തിക്കൊണ്ടുപോകുന്നു.

    പ്രവര്‍ത്തന മണ്ഡലങ്ങള്‍

    നമ്മുടെ രാജ്യത്ത് നാല് ലക്ഷത്തോളം കാരാഗൃഹവാസികള്‍ 1450 ജയിലുകളിലായി കഴിയുന്നുണ്ട്. ആറായിരത്തോളം വോളണ്ടീര്‍മാര്‍ പല യൂണിറ്റുകളിലും റീജിയണുകളിലും വിവിധ രൂപതകളിലുമായി സേവനം അനുഷ്ടിച്ചു വരുന്നു. ധാരാളം കത്തോലിക്ക വൈദീകര്‍, സന്യാസിനികള്‍, ബ്രെദേഴ്‌സ്, അല്മായര്‍ എന്നിവരിലൂടെ നടത്തപ്പെടുന്ന ഒരു പ്രേഷിത പ്രവര്‍ത്തനമാണ് ഈ ജയില്‍ മിനിസ്ട്രി. ദൈവാനുഗ്രത്താലും കൂട്ടായ പ്രവര്‍ത്തനങ്ങളാലും ഈ ശുശ്രൂഷാ മേഖലയിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അച്ചന്‍ പറഞ്ഞു നിര്‍ത്തുന്നു.

    രണ്ട് തവണ എം സി ബി എസ് എമ്മാവുസ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ ആയും മഹാരാഷ്ട്ര മിഷന്റെയും രാജസ്ഥാന്‍ മിഷന്റെയും മിഷന്‍ സുപ്പീരിയര്‍ ആയും ശുശ്രൂഷ ചെയ്ത അച്ചനു ഈ പുതിയ നിയോഗത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണ്.

    കീർത്തി ജെയ്ക്കബ്