വി. മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച വൈദികൻ അന്തരിച്ചു

വി. മദര്‍ തെരേസയെ ഏറ്റവും ഒടുവില്‍ കുമ്പസാരിപ്പിച്ച വൈദികന്‍ എന്ന നിലയില്‍ സവിശേഷശ്രദ്ധ നേടിയ വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. ചെറിയാന്‍ കാര്യാങ്കല്‍ അന്തരിച്ചു. ഒഡീഷയിലെ സ്‌റ്റെല്ലാ മരിയ നേവിഷേറ്റ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹത്തിന് 88 വയസ്സായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 11 മണിക്ക് ഒറീസയിലെ ഗോപാല്‍പുരിലുള്ള സെന്റ് ബനഡിക്ട് പള്ളിയില്‍.

മദര്‍ തെരേസയുടെ ആത്മീയജീവിതം ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ വ്യക്തിയാണ് ഫാ. ചെറിയാന്‍. 1996 മുതല്‍ മദര്‍ തെരേസയുടെ സന്യാസിനീ സമൂഹത്തിന്റെ കുമ്പസാരക്കാരനായിരുന്നു. നല്ല ഒരുക്കത്തോടെയായിരിക്കണം കുമ്പസാരിക്കേണ്ടത് എന്ന് നിര്‍ബന്ധമുള്ള അച്ചന്‍, മദറിന്റെ അഭ്യര്‍ത്ഥനപ്രകാരം കുമ്പസാരത്തിനു മുമ്പ് സന്ദേശം നല്‍കുകയും കൂദാശ സ്വീകരണത്തിനായി അംഗങ്ങളെ ഒരുക്കുകയും ചെയ്തിരുന്നു. വിശുദ്ധ കുര്‍ബാനയും കുമ്പസാരവും കൂദാശയുമാണ് മദറിന്റെ ആത്മീയജീവിതത്തിന്റെ ഊര്‍ജ്ജമെന്ന് അച്ചന്‍ പറയുമായിരുന്നു.

1952 -ല്‍ വിന്‍സെന്‍ഷ്യന്‍ മിഷനറീസിന്റെ കട്ടക് മിഷനില്‍ ചേര്‍ന്നു. 1963 -ലായിരുന്നു പൗരോഹിത്യം. വിവിധ സ്ഥലങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം 1996 മുതല്‍ മദര്‍ തെരേസയുടെ സന്യസിനീ സമൂഹത്തിന്റെ കുമ്പസാരക്കാരനായി. കൊല്‍ക്കത്ത അതിരൂപതയുടെ ചാപ്ലിയ്നായും സേവനം ചെയ്തിട്ടുണ്ട്.

പാലാ വേഴാങ്ങാനം കാര്യാങ്കല്‍ ചുമ്മാര്‍ മാണി, പാലാ കിഴക്കേക്കര അന്ന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.എം. മാണി, പരേതരായ കെ.എം. ജോസഫ്, ചുമ്മാര്‍ മാണി. പരേതയായ മേരി ജോസഫ് കോച്ചേരില്‍, അന്നക്കുട്ടി ജോസഫ് കല്ലാക്കാവുങ്കല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.