നിര്‍ബന്ധിത ബ്രഹ്മചര്യം നിര്‍ത്തലാക്കാന്‍ വാദിക്കുന്നവര്‍ക്ക് മറുപടിയുമായി കത്തോലിക്കാ വൈദികന്‍

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വൈദികരുടെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന ആരോപണം ഉന്നയിച്ച്, നിര്‍ബന്ധിത ബ്രഹ്മചര്യം നിര്‍ത്തലാക്കണം എന്ന മുറവിളി പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. അതിനൊരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വാഷിംഗ്ടണ്‍ അതിരൂപതയിലെ ഒരു വൈദികന്‍.

വൈ സെലബസി..? എന്തു കൊണ്ട് ബ്രഹ്മചര്യം..? എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഫാ. കാര്‍ട്ടര്‍ ഗ്രിഫിന്‍ ആണ് ബ്രഹ്മചര്യത്തിന്റെ മേന്മകളെ അക്കമിട്ടു നിരത്തുന്നത്. ബ്രഹ്മചര്യം കത്തോലിക്കാ പൗരോഹിത്യത്തില്‍ സത്താപരമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നാണ് ഫാ. ഗ്രിഫിന്റെ അഭിപ്രായം. യേശുവിന്റെ കാലം മുതല്‍ക്കേ അത് അങ്ങനെയാണ്. യേശു, ബ്രഹ്മചാരി ആയിരുന്നു. തന്റെ ശിഷ്യന്മാരെ ആദ്യത്തെ പുരോഹിതരായി യേശു അഭിഷേകം ചെയ്തു. തന്റെ ചില ശിഷ്യന്മാരോട് ബ്രഹ്മചാരികളായിരിക്കാന്‍ യേശു കല്‍പിച്ചു. വിവാഹിതരോട് പൗരോഹിത്യത്തിനു ശേഷം വൈവാഹികബന്ധത്തില്‍ നിന്ന് മാറിനില്‍ക്കാനും അവിടുന്ന് കല്‍പിച്ചു. ‘ബ്രഹ്മചര്യം ഹൃദയത്തിന് തുറവി നല്‍കുന്നു. ഹൃദയത്തെ വിശാലമാക്കുന്നു. അങ്ങനെ, ഒരു പുരോഹിതനാകാന്‍ അയാള്‍ പ്രാപ്തനാകുന്നു. സ്വയം മറ്റുള്ളവര്‍ക്കായി നല്‍കാന്‍ അയാള്‍ക്ക് സാധിക്കുന്നു’ – ഫാ. ഗ്രിഫിന്‍ പറഞ്ഞു.

‘യേശു, സദാ മറ്റുള്ളവര്‍ക്ക് സംലഭ്യനായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമായി സമയം അനുവദിക്കുമ്പോള്‍ പലപ്പോഴും വിവാഹിതന് മറ്റുള്ളവര്‍ക്കായി സമയം പങ്കുവയ്ക്കാന്‍ കഴിയാതെ വരും. പുരോഹിതന്റേത് ആത്മീയപിതാവിന്റെ ദൗത്യമാണ്’ – ഫാ. ഗ്രിഫിന്‍ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.