തടവറയില്‍ ഫാ.ബിനോയിയ്ക്ക് ഊര്‍ജമായി അനേകരുടെ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന

ജയ്മോന്‍ കുമരകം

ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട കോതമംഗലം രൂപതാംഗം ഫാ. ബിനോയി വടക്കേടത്തുപറമ്പില്‍ ജയിലിലും പ്രാര്‍ഥന തുടരുകയാണ്. ഹൃദയ സംബന്ധമായ സര്‍ജറി കഴിഞ്ഞതിനാല്‍ പെയ്‌സ് മേക്കര്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യമൊന്നും പോലീസ് ഉന്നതാധികാരികളെ അറിയിച്ചിട്ടില്ല. സന്ദര്‍ശകരുടെ കാര്യത്തിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ മോചനത്തിനായി 15നു വൈകുന്നേരം 3.30 മുതല്‍ വെട്ടിമറ്റം വിശുദ്ധ ഫ്രാന്‍സിസ് ഡി. സാലസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന ക്രമീകരിച്ചിട്ടുണ്ട്. ഫാ. ബിനോയിയുടെ മോചനം വൈകുന്നതില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും കടുത്ത വിഷമത്തിലാണ്. ബീഹാറിലെ ഭഗല്‍പൂര്‍ രൂപതയുടെ കീഴില്‍ ജാര്‍ഖണ്ഡിലെ രാജ്ദാഹ മിഷനില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഫാ. ബിനോയി. ഈ സമയത്താണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം കള്ളക്കേസെടുത്തു അച്ചനെ ജയിലില്‍ അടച്ചതെന്ന് സഹപ്രവര്‍ത്തകനായ ഫാ. അരുണ്‍ പറയുന്നു.

ബിനോയി അച്ചനൊപ്പം കസ്റ്റഡിയിലെടുത്ത ഫാ. അരുണ്‍ വിന്‍സെന്റിനെ പ്രതിഷേധത്തെത്തുടര്‍ന്നു വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഫാ.ബിനോയിയുടെ തൊടുപുഴ വെട്ടിമറ്റത്തെ വീട്ടിലെത്തി ആശ്വാസം പകര്‍ന്നിരുന്നു. ഫാ.ബിനോയിയുടെ ജയില്‍മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രാര്‍ഥനയും അദ്ദേഹം വാഗ്ദാനംചെയ്തു.

കലയന്താനി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജേക്കബ് തലാപ്പിള്ളില്‍, ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍ എന്നിവരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു. ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ജാമ്യാമില്ലാ വകുപ്പു പ്രകാരമുള്ള കുറ്റമായി അടുത്ത കാലത്തു നിയമഭേദഗതി വരുത്തിയിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഫാ.ബിനോയിയെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്നാണ് സഭാധികാരികള്‍ പറയുന്നത്. ഏഴു ദിവസമായിട്ടും ഫാ. ബിനോയിയുടെ മോചനം സാധ്യമായിട്ടില്ല. ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടൂതല്‍ വാദത്തിനായി 16ലേക്കു മാറ്റിയിരിക്കുകയാണ്.

ഡീന്‍ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു സംസാരിച്ചിരുന്നു. നിരപരാധിയായ വൈദികന്‍ സത്യം തെളിഞ്ഞു ജയില്‍ മോചിതനാകാന്‍ വികാരി ഫാ. ആന്റണി പുലിമലയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

ജെയ്‌മോന്‍ കുമരകം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.