പ്രാര്‍ത്ഥനകള്‍ സഫലം! ബിനോയി അച്ചന് ജാമ്യം

ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട കോതമംഗലം രൂപതാംഗം ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന് ജാമ്യം ലഭിച്ചതായി വികാരി ജനറാള്‍ ഫാ. എന്‍. എം. തോമസിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്ത്.

അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ബഹുമാനപ്പെട്ട കോടതി ബിനോയ് അച്ചനും, അച്ചനോടൊപ്പം കുറ്റാരോപിതനായ മുന്ന എന്ന വ്യക്തിക്കും ജാമ്യം നല്‍കിയെന്ന് അറിയിച്ചുകൊണ്ടും അച്ചന് നീതി ലഭിയ്ക്കുന്നതിനുവേണ്ടി വിവിധ തലങ്ങളില്‍ വേണ്ട സഹായങ്ങള്‍ ചെയ്ത ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുമുള്ള കത്താണ് പുറത്തുവിട്ടിരിക്കുന്നത്. വികാരി ജനറാളിന്റെ കത്തിന്റെ പൂര്‍ണരൂപം ചുവടെ..

പ്രിയ അച്ചന്മാരെ, സിസ്റ്റേഴ്‌സ്, സുഹൃത്തുക്കളെ,

ദൈവത്തിനു സ്തുതി ! ബഹുമാനപ്പെട്ട കോടതി ഇന്ന് ( 16-09-2019) ഉച്ചകഴിഞ്ഞ് 02.30 ന് ബിനോയ് അച്ഛനും മുന്നയ്ക്കും ജാമ്യം അനുവദിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ.

ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടു; അവിടുത്തെ കാരുണ്യത്തിന് നന്ദിയും സ്തുതിയും അര്‍പ്പിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണത്തിനും ഐക്യദാര്‍ഢ്യത്തിനും നന്ദി പറയുന്നു.

കൃത്യസമയത്ത് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ നമ്മുടെ പ്രിയ ബിഷപ്പ് കുര്യനും, ബിനോയ് അച്ചന്റെയും മുന്നയുടെയും ജാമ്യത്തിനുവേണ്ടി പിന്തുണയും, സഹായവും, ആത്മാര്‍ഥമായ പ്രാര്‍ഥനയും പ്രദാനം ചെയ്ത എല്ലാ അച്ചന്മാര്‍ക്കും സിസ്‌റേഴ്‌സിനും സഹോദരങ്ങള്‍ക്കും വിശ്വാസികള്‍ക്കും അഭ്യുദയകാംഷികള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

അതോടൊപ്പം, അവരുടെ ജാമ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ബുദ്ധിമുട്ടിലും വേദനയിലും പരീക്ഷണങ്ങളിലും ഞങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്ത ഭഗല്‍പൂര്‍ രൂപതയ്ക്ക് പുറത്തുള്ള ആയിരക്കണക്കിന് പുരോഹിതന്മാര്‍ക്കും, സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും ഞങ്ങളുടെ ഹൃദയസ്പര്‍ശിയായ നന്ദി..

കൂടാതെ മേജര്‍ ആര്‍ച്ചബിഷപ് Most. Rev. ജോര്‍ജ് ആലഞ്ചേരിക്കും, Rt. Rev. ജോര്‍ജ് മഠത്തിക്കണ്ടത്തിലിനും (ബിഷപ്പ്‌കോതമംഗലം), ഉമ്മന്‍ ചാണ്ടി (മുന്‍ കേരളമുഖ്യമന്ത്രി), ഡീന്‍ കുര്യാക്കോസ് (M.P. ഇടുക്കി), പി. ജെ.ജോസഫ് (MLA തൊടുപുഴ), കെ.സി. ജോസഫ് (MLA തിരിക്കൂര്‍) എന്നിവര്‍ക്കും ജാമ്യം ലഭിക്കുന്നതിന് അവര്‍ പ്രകടിപ്പിച്ച താല്പര്യത്തിനും തടവ് മോചനത്തിനുള്ള പ്രയത്‌നങ്ങള്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.

ഗൊഡ്ഡ ജയിലില്‍ വന്ന് ബിനോയ് അച്ചനെയും മുന്നയെയും സന്ദര്‍ശിക്കുകയും ബിനോയ് അച്ചന്‍ പോലീസ് കസ്റ്റഡിയിലെടുക്കപ്പെട്ട രജ്ദാ മിഷന്‍ സന്ദര്‍ശിക്കുകയും ചെയ്ത ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന് ഞങ്ങളുടെ ആത്മാര്‍ഥമായ കൃതജ്ഞത അറിയിക്കുന്നു.

ബിനോയ് അച്ഛന്റെ ഇടവക വികാരി Fr. ആന്റണി പുലിമലയിലിനും ഇടവകസമൂഹത്തിനും അദ്ദേഹത്തിന്റെ സ്‌നേഹിതരും സഹകാരികളുമായ എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.

ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ബിനോയ് അച്ചനും മുന്നക്കും ഏറെ പ്രത്യേകമായി രജ്ദാ മിഷനും വേണ്ടി പ്രാര്‍ത്ഥനാസഹായം യാചിക്കുകയും ചെയ്യുന്നു.

ഫാ. തോമസ് N. M.
വികാരി ജനറാള്‍

കടപ്പാട്: ജെയ്‌മോന്‍ കുമരകം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.