ഇനിയുമുണ്ടാകട്ടെ ഇത്തരം പുരോഹിതൻമാർ!

[avatar user=”Sheen” size=”100″ align=”right”]Sheen Palakuzhy[/avatar]

“എന്റെ പൗരോഹിത്യ സ്വീകരണത്തോടനുബന്ധിച്ച്, മറ്റാർക്കും കൊടുക്കാത്ത അതിവിശിഷ്ടമായ ഒരു സമ്മാനം ദൈവം തമ്പുരാൻ എനിക്കായി കരുതി വച്ചിട്ടുണ്ടായിരുന്നു. നാലു വർഷങ്ങൾക്കു മുമ്പു തന്നെ അവിടുന്ന് അതെനിക്കു സമ്മാനിക്കുകയും ചെയ്തു.”

കണ്ണുകളിൽ നിറഞ്ഞ ആകാംക്ഷയോടെ ജനങ്ങൾ മുഴുവനും നവാഭിഷിക്തനായ ഫാ. ബനഡിക്ടിന്റെ മുഖത്തേക്കുറ്റു നോക്കി. “കാൻസർ എന്ന മഹാരോഗവും അതിന്റെ കഠിന വേദനകളുമായിരുന്നു എനിക്കുള്ള ആ സമ്മാനം!”

പുഞ്ചിരിയോടെ അതു പറയുമ്പോൾ, ഇക്കഴിഞ്ഞ ഡിസംബർ 26 ന്, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിനു വേണ്ടി, വൈദികനായി അഭിഷിക്തനായ, അജു എന്നു കൂട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന, ഫാ. ബനഡിക്ടിന്റെ മിഴികൾ തിളങ്ങി. ആ സ്വരം ഗദ്ഗദം കൊണ്ട് പാതിയിൽ മുറിയുകയോ കണ്ണുകളിൽ ജലം നിറഞ്ഞ് കാഴ്ചകൾ മറയുകയോ ചെയ്തില്ല.

കാരണം ബലഹീനമായ മൺപാത്രങ്ങളിൽ നൽകപ്പെടുന്ന നിധിയായ പൗരോഹിത്യമെന്ന അവർണ്ണനീയമായ ദാനം സ്വന്തമാക്കാൻ അദ്ദേഹം കൊടുത്ത വിലയായിരുന്നു ആ നൊമ്പരങ്ങൾ! ഓർമ്മിച്ചു കരയാനുള്ളവയല്ല; ഓർക്കുന്തോറും ആനന്ദിക്കാനുള്ളവയായിരുന്നു ആ വേദനകൾ!

ബാലരാമപുരം സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ ബലിയർപ്പിച്ച് ജനങ്ങളോടു സംസാരിക്കുമ്പോൾ, പെയ്തൊഴിഞ്ഞ മാനം പോലെ ആ മനസ്സ് ശാന്തമായിരുന്നു. ആ മനസ്സിൽ നിന്ന്, ജീവനുള്ള ഓർമ്മകൾ നീലാകാശത്തെ തൂവെള്ള മേഘങ്ങൾ പോലെ ശാന്തമായി ഒഴുകിക്കൊണ്ടേയിരുന്നു.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയ്ക്കടുത്ത് വെണ്ണിയൂർ എന്ന ഗ്രാമത്തിൽ, ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വീണ അജു എന്ന ബാലന്റെ മനസ്സിൽ ദൈവം പൗരോഹിത്യത്തിന്റെ ഒരു വിത്തുപാകിയത് അന്നാരുമറിഞ്ഞിരുന്നില്ല. ഇടവക വികാരിമാരും തൊട്ടടുത്തുണ്ടായിരുന്ന ഡി. എം. സന്യാസിനീ ഭവനത്തിലെ അമ്മമാരും ആവോളം നൽകിയ സ്നേഹവാൽസല്യങ്ങൾ, ഒരു പൊക്കിൾക്കൊടി ബന്ധം പോലെ കരുത്തുറ്റതായിരുന്നതു കൊണ്ടാവണം അജുവിന്റെ ഹൃദയത്തിൽ ദൈവവിളിയുടെ വിത്തുകൾ വളരെ വേഗത്തിൽ പൊട്ടിമുളച്ചു വളരാൻ തുടങ്ങി. ദൈവാലയത്തെ പ്രണയിച്ച്, ഒടുവിൽ ബലിപീഠത്തിന്റെ വളർ കൊമ്പുകളിലേക്ക്, ദൈവവിളിയുടെ ആ മുന്തിരിവള്ളികൾ പടർന്നു കയറാൻ തുടങ്ങി.

‘അനേകം പേർ തുടങ്ങിവച്ചെങ്കിലും പൂർത്തിയാക്കാൻ കഴിയാത്ത ഒരു വലിയ നിയോഗമാണിത്. ഈ വഴി തെരഞ്ഞെടുത്താൽ പിന്നൊരു മടക്കയാത്രയുണ്ടാവരുത്!’ സെമിനാരിയിൽ ചേരാനുള്ള തീരുമാനമറിയിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും മുന്നോട്ടു വച്ച താക്കീതായിരുന്നു അത്. ഒരു പതിനഞ്ചു വയസ്സുകാരനെ നിരുത്സാഹപ്പെടുത്താൻ അതു ധാരാളം മതിയായിരുന്നെങ്കിലും യാതൊന്നിനും തടഞ്ഞു നിർത്താനാവാത്ത ഒരാഗ്രഹമായിരുന്നു അജുവിന്റെ ഉള്ളിൽ പൗരോഹിത്യം!
2005 ൽ തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്ന അജു പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രായത്തിൽ കവിഞ്ഞ പക്വതയും പഠനമികവും ആത്മീയ ബലവും പ്രകടിപ്പിച്ച അജുവിനെ സഭാധികാരികൾ കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തിനായി നാഗ്പൂരിലെ സെന്റ് ചാൾസ് സെമിനാരിയിലേക്കയച്ചു. ഏറ്റവും മികച്ച രീതിയിൽ മൂന്നു വർഷത്തെ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ അജുവിനു വേണ്ടി ദൈവം കരുതി വച്ചിരുന്നത് നൊമ്പരങ്ങളുടെ ഒരു പരീക്ഷണ കാലമായിരുന്നു.

ഇടയ്ക്കിടെ വീണു കിട്ടിയ അവധി സമയങ്ങളിൽ വീട്ടിലെത്തിയപ്പോൾ അമ്മയാണ് ആദ്യമായി അജുവിന്റെ ശബ്ദത്തിലുണ്ടായ ചില വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞത്. വൈദിക പരിശീലനത്തിനിടയിലെ പ്രായോഗിക പരിശീലന ഘട്ടമായ റീജൻസി കാലത്താണ് അജുവിന് തൊണ്ടവേദന കാര്യമായി അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യമൊന്നും അതു കാര്യമാക്കിയില്ലെങ്കിലും പിന്നീട് വീണ്ടും വീണ്ടും അതാവർത്തിച്ചപ്പോൾ അജു തിരുവനന്തപുരത്തെ ജൂബിലി, കിംസ് തുടങ്ങിയ ഹോസ്പിറ്റലുകളിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായി. പരിശോധനകളുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. തൈയ്റോയ്ഡിൽ കാൻസർ! അടിയന്തിരമായി ഓപ്പറേഷൻ വേണം. തൈയ്റോയ്ഡ് നീക്കം ചെയ്യണം. ഇല്ലെങ്കിൽ അതു ശബ്ദത്തിനും പിന്നീട് ജീവനു തന്നെയും ഭീഷണിയാവും. പ്രാഥമികമായ ഒരു സർജറിക്കും തുടർ ചികിത്സകൾക്കും ശേഷം ഡോക്ടർമാർ അജുവിനെ തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്കയച്ചു. റീജണൽ കാൻസർ സെന്റർ! മരണത്തിന്റെ മണമുള്ള ഒരിടം. അജുവിന് അവിടേക്കു പോകാൻ ഭയമായിരുന്നു. മൃതിയുടെ ദൂതൻമാർ അടുത്ത ഇരയെക്കാത്ത് വട്ടമിട്ടു പറക്കുന്നിടം. എങ്കിലും പോകാതിരിക്കാനാവില്ലല്ലോ!

ബലിയാകാൻ ‘പ്രായമാകുമ്പോൾ നീ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അരമുറുക്കുകയും നിനക്കിഷ്ടമില്ലാത്തിടത്തേക്ക് നിന്നെ കൊണ്ടുപോവുകയും ചെയ്യുമെന്ന് പത്രോസിനോട് യേശു പറഞ്ഞത് അജു വീണ്ടും വീണ്ടും ഓർമ്മിച്ചു. ആ ആശുപത്രിക്കെട്ടിടത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുമ്പോൾ അജു ആദ്യം കണ്ടത് കവാടത്തിൽ നിഷ്ക്കളങ്കമായി ഓടിക്കളിക്കുന്ന നാലോ അഞ്ചോ വയസ്സു പ്രായമുളള കാൻസർ ബാധിതനായ, ഒരു കുഞ്ഞിനെയും അവന്റെ പിതാവിനെയുമാണ്. കീമോ ചെയ്ത് മുടിയൊക്കെ കൊഴിഞ്ഞ് ക്ഷീണിതനായ ഒരു പാവം കുട്ടി! അവന്റെ രോഗത്തെക്കുറിച്ച് അവനൊന്നുമറിയില്ല. പക്ഷെ എല്ലാമറിയുന്നൊരാൾ, എപ്പോഴും ഒരു കളിക്കൂട്ടുകാരനായി അവന്റെ പിന്നാലെയുണ്ടായിരുന്നു; അവന്റെ അപ്പൻ!
ഈ കാഴ്ചയും ചിന്തയും അജുവിനെ മാറ്റിമറിച്ചു. എല്ലാമറിയുന്ന സ്വർഗ്ഗത്തിലെ അപ്പൻ കൂടെയുള്ളപ്പോൾ എന്തിനു ഭയപ്പെടണം! അജുവിന്റെ മനസ്സിൽ പ്രത്യാശ നിറയുകയായിരുന്നു.

പീന്നീടുള്ള ചികിത്സയുടെ ദിനങ്ങൾ ശാരീരികമായും മാനസികമായും അജുവിനെ വല്ലാതെ തളർത്തി. ആരോടും മിണ്ടാനാവാതെ, പ്രാർത്ഥനകൾ ചൊല്ലാനാവാതെ, പഠിക്കാൻ കഴിയാതെ, ഉറങ്ങാൻ കഴിയാതെ വേദന മാത്രം തിന്ന് എത്രയോ മാസങ്ങൾ! ഇനി ശബ്ദം തിരിച്ചു കിട്ടുമോ എന്നറിയില്ല. വൈദിക പരിശീലനം തുടരാനാകുമോ എന്നറിയില്ല. എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ജീവിതത്തിൽ നിന്നു തന്നെ തിരികെ മടങ്ങേണ്ടി വരുമോ? രണ്ട് ഹൃദയാഘാതങ്ങളിൽ നിന്നു കരകയറിയ അപ്പനോടും മകനെ ഒരു വൈദികനായി കാണാൻ കണ്ണീരോടെ പ്രാർത്ഥിക്കുന്ന അമ്മയോടും ഇതൊക്കെ എങ്ങനെ പറയും?

പിന്നീടുള്ള പ്രാർത്ഥനകളിൽ ഒന്നു മാത്രമേ അജു ദൈവത്തോടാവശ്യപ്പെട്ടുള്ളൂ; ഒരു വിശുദ്ധ ബലിയെങ്കിലും അർപ്പിച്ചിട്ടു മരിക്കാനുള്ള അനുവാദം. ദൈവം ആ നിലവിളി കേട്ടു. ആ പ്രാർത്ഥനയ്ക്ക് ദൈവം സ്നേഹത്തോടെ നൽകിയ ഉത്തരമായിരുന്നു സ്വർഗ്ഗത്തിൽ നിന്ന് അജുവിനു നൽകപ്പെട്ട ശിഷ്ട ജീവിതം! മാസങ്ങൾക്കൊടുവിൽ വീണ്ടും പരിശോധനകൾക്കായി ആശുപത്രിയിലെത്തുമ്പോൾ അജുവിന്റെ ശരീരത്തിൽ സംഭവിച്ച അദ്ഭുതകരമായ മാറ്റം കണ്ട് ഡോക്ടർമാർ അന്തംവിട്ടു. രോഗം എതാണ്ട് പൂർണ്ണമായും മാറിയിരിക്കുന്നു. ഇതെങ്ങനെ സംഭവിക്കുമെന്നോർത്ത് അവർ പരസ്പരം വിസ്മയിക്കുമ്പോൾ സ്വർഗ്ഗത്തിലെ അപ്പന്റെ അദൃശ്യമായ വിരലുകളിൽ മുറുകെപ്പിടിച്ച് അജു പുഞ്ചിരിച്ചു.

രോഗക്കിടക്കയിൽ ഏറെ മാസങ്ങൾ നഷ്ടപ്പെട്ടെങ്കിലും സഹപാഠികൾക്കൊപ്പമെത്താൻ കഠിനാധ്വാനം ചെയ്ത് കൃത്യമായിത്തന്നെ അജുവും പഠനം പൂർത്തിയാക്കി. 2016 ഡിസംബർ 26 ന് മറ്റ് നാലു സഹപാഠികൾക്കൊപ്പം ഫാ. ബനഡിക്ട് എന്നപേരിൽ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ കരങ്ങളാൽ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.

“കർത്താവിന്റെ ബലിപീഠമേ സമാധാനത്തോടെ വസിക്കുക. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ മടങ്ങി വരുമോ എന്നെനിക്കു നിശ്ചയമില്ല’ എന്നു പ്രാർത്ഥിച്ച് കുർബാന പുസ്തകം മടക്കുമ്പോൾ നിശ്ചയമായും ബലിപീഠത്തിനു വെളിയിൽ ഞാനൊരു ബലി പ്രതീക്ഷിക്കുന്നു” വിശുദ്ധ ബലിക്കൊടുവിൽ അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ, സഹനം വിലയായി കൊടുത്തു സ്വന്തമാക്കിയ ഒരു പൗരോഹിത്യത്തിന്റെ തീക്ഷ്ണതയും ആവേശവും ആത്മവിശ്വാസവും ചൈതന്യവും ഞാനാ വാക്കുകളിൽ കണ്ടു.

പ്രിയപ്പെട്ട ബനഡിക്ടച്ചന് പ്രാർത്ഥനാശംസകൾ! ഇനിയുമുണ്ടാകട്ടെ ഇത്തരം പുരോഹിതൻമാർ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.