പാട്ടിനോട് കൂട്ടുചേര്‍ത്ത മിഷന്‍ പ്രവര്‍ത്തനം; ഫാ. അശോക് കൊല്ലംകുടിയുടെ സംഗീതജീവിതം

കീര്‍ത്തി ജേക്കബ്

ഒരു തവണ പാടി പ്രാര്‍ത്ഥിക്കുന്നത് ഏഴു തവണ പറഞ്ഞു പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തവും തീക്ഷ്ണവുമാണെന്ന് വിശുദ്ധ ആഗസ്തീനോസ് പറഞ്ഞിട്ടുണ്ട്. വിശുദ്ധന്റെ ഈ വാക്കുകള്‍ സ്വന്തം ജീവിതത്തിലും പരീക്ഷിച്ച് വിജയിച്ച വ്യക്തിയാണ് മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് (എംഎസ്ടി) സഭാംഗവും മികച്ച സംഗീതജ്ഞനുമായ ഫാ. അശോക് കൊല്ലംകുടി. മലയാളത്തിലും ഹിന്ദിയിലും ദൈവാലയ ആരാധനയ്ക്ക് ഉപയോഗിച്ചു വരുന്ന നൂറുകണക്കിന് ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമായ ഫാ. അശോക് കൊല്ലംകുടി, നവി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ, മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് അക്കാദമി, ‘കലാസാധന’യുടെ ഡയറക്ടര്‍ കൂടിയാണ്. തന്റെ ദൈവവിളിയേയും വിളിയ്ക്കുള്ളിലെ വിളിയായി താന്‍ കരുതുന്ന സംഗീതത്തേയും കുറിച്ച് ലൈഫ്‌ഡേ വായനക്കാരോട് സംസാരിക്കുകയാണ് ഫാ. അശോക്. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

എന്നെ ഞാനാക്കിയ ദൈവവിളി

എന്നിലെ എന്നെ കണ്ടെത്താന്‍ സഹായിച്ചത് എനിക്ക് ലഭിച്ച ദൈവവിളിയാണെന്നു തന്നെ പറയാം. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വൈദിക ജീവിതത്തെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും തീരുമാനം ഒന്നും എടുത്തില്ല. പിന്നീട് പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിയ്ക്ക് ചേരുകയും ചെയ്തു. പക്ഷേ കോളജില്‍ ക്ലാസില്‍ ഇരിക്കുമ്പോഴും ഞാന്‍ ഇവിടെയല്ല ഇരിക്കേണ്ടത് എന്ന ചിന്ത എപ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ ആയിരിക്കുന്നിടത്തൊന്നും മനസില്ല എന്നറിയാം. പക്ഷേ അതെവിടെയാണെന്നും അറിയാത്ത അവസ്ഥ. അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ ഇടവകയിലെത്തിയ ഒരു കൊച്ചച്ചനെ പരിചയപ്പെടുന്നത്. ആ അച്ചന്‍ വഴി എംഎസ്ടി സമൂഹത്തെക്കുറിച്ച് അറിയുകയും പിന്നീട് ദൈവവിളി ക്യാമ്പുകളിലും ക്ലാസുകളിലും പങ്കെടുക്കുകയും പൗരോഹിത്യത്തോട് കൂടുതല്‍ ഇഷ്ടം തോന്നി ഭരണങ്ങാനത്തിനടുത്ത് മേലമ്പാറയിലെ മൈനര്‍ സെമിനാരിയില്‍ ചേരുകയുമായിരുന്നു. അവിടെ എത്തിയപ്പോഴാണ് എനിക്ക് മനസിലായത് ഞാന്‍ ഇവിടെയായിരുന്നു ആയിരിക്കേണ്ടത് എന്നും എന്റെ മനസ് ഇപ്പോള്‍ സ്വസ്ഥമായിരിക്കുന്നു എന്നും. 2001 -ലായിരുന്നു എന്റെ പൗരോഹിത്യ സ്വീകരണം.

സംഗീത പഠനം

വൈദികനായി ആദ്യ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നമുക്ക് പ്രത്യേക താത്പര്യമുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഭാധികാരികളില്‍ നിന്ന് അനുവാദം തേടാം. മധ്യപ്രദേശിലെ ഉജ്ജൈന്‍ മിഷനില്‍ സേവനം ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടുത്തെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ പ്രത്യേക പ്രോത്സാഹനവും പിന്തുണയും ലഭിച്ചതിനാല്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ കഴിഞ്ഞു. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ എംഎ എടുത്തത്. ഞാന്‍ പാടി നടന്നിരുന്ന പല ഹിന്ദുസ്ഥാനി ഭജന്‍സിന്റേയും ഉസ്താദായ സംഗീതജ്ഞന്‍, ഫാ. ചാള്‍സ് വാസ് എസ്‌വിഡിയുടെ അക്കാഡമിയിലാണ് പഠിച്ചതും. പിന്നീടും പല ഗുരുക്കന്മാരുടേയും പക്കല്‍ നിന്ന് സംഗീതത്തിലെ അറിവ് വളര്‍ത്തിക്കൊണ്ടുമിരുന്നു. കൂടാതെ വെസ്റ്റേണ്‍ ട്രിനിറ്റി കോളജ് ലണ്ടന്റെ കീഴില്‍ പിയാനോയുടെ ഗ്രേഡ്‌സും ചെയ്തു.

സംഗീതത്തോട് സ്‌നേഹം

ദൈവജനം നെഞ്ചിലേറ്റിയ ‘എത്ര വളര്‍ന്നാലും ദൈവമേ…’, ‘നാമം ചൊല്ലും നാവുകളില്‍…’, ‘ദിവ്യകാരുണ്യമേ ഹൃത്തിന്‍ ആനന്ദമേ…’, ‘കുടമാളൂരില്‍ തളിര്‍ത്ത വല്ലരിയേ..’, ‘ അമ്മയെന്ന രണ്ടരത്തില്‍..’ , ‘ മാതാവേ മാതാവേ ദൈവമാതാവേ..’, ‘ദൈവം ആദിയില്‍ തീര്‍ത്തൊരാലയം..’ , ‘നല്ലിടയാ നല്ലിടയാ..’, ‘കൈവെള്ളയില്‍ താണിറങ്ങി…’, എന്നീ ഗാനങ്ങള്‍ ഞാന്‍ രചിച്ച് ഈണം നല്‍കിയവയാണ്. ‘പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന..’ എന്നു തുടങ്ങുന്ന ഒരു ഭജന്‍ യൂട്യൂബില്‍ ഒന്നര മില്ല്യണ്‍ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

സീറോ മലബാര്‍ സഭയുടെ, ഒടുവില്‍ നടന്ന രണ്ട് അസംബ്ലികള്‍ക്ക് ആന്തം തയാറാക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. അത് എന്നെ സംബന്ധിച്ച് വളരെയധികം സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്. അതിലൊന്നില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളും ഉപയോഗിച്ചു എന്ന പ്രത്യേകതയുമുണ്ട്. ആന്തം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിബിസിഐയുടെ രെു അസംബ്ലിയ്്ക്കുവേണ്ടിയും ആന്തം തയാറാക്കുകയുണ്ടായി. ധാരാളം സ്‌കൂളുകള്‍ക്കുവേണ്ടിയും ആന്തം തയാറാക്കി നല്‍കിയിട്ടുണ്ട്. മത സൗഹാര്‍ദ്ദം വിളിച്ചോതുന്ന ഗാനങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഗാനങ്ങളുമെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലുമായി തയാറായിക്കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമത്തിലെ, പ്രത്യേകിച്ച് വിശുദ്ധവാരത്തില്‍ ഉപയോഗിക്കുന്ന പല ഗാനങ്ങളും ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റി സംഗീതം നല്‍കിയിട്ടുണ്ട്. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലായിരുന്നു ലിറ്റര്‍ജിയുടെ ഹിന്ദി സെക്ഷനില്‍ ഇന്‍ചാര്‍ജായിരുന്നത്. പിതാവിന്റെ സഹായത്തോടെയാണ് അത് സാധിച്ചതും. അതുപോലെ തന്നെ ശവസംസ്‌കാരങ്ങള്‍ക്കായുള്ള വലിയ ഒപ്പീസ് മൊഴിമാറ്റം ചെയ്തപ്പോഴും പാട്ടുകള്‍ ചെയ്തിരുന്നു.

ലോക്ഡൗണ്‍ സമയത്ത് പലയിടങ്ങളില്‍ നിന്നുള്ള എംഎസ്ടി വൈദികര്‍ ചേര്‍ന്ന് 20 ഭാഷകളില്‍ ‘joy of serving lord..’ എന്നാരംഭിക്കുന്ന ഗാനവും രചിച്ച് ഈണം നല്‍കിയിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ സമയത്ത് ‘മനസിനെ പാകപ്പെടുത്തുക നാം ഇനി ഒന്നില്‍ നിന്നെല്ലാം തുടങ്ങാം’ എന്നു തുടങ്ങുന്ന കവിതയും എഴുതിയിരുന്നു. മലയാളത്തില്‍ പാട്ടുകള്‍ പാടിയിട്ടില്ലെങ്കിലും ഹിന്ദിയില്‍ ധാരാളം പാട്ടുകള്‍ റെക്കോര്‍ഡിംഗിന് പാടിയിട്ടുണ്ട്. കെസ്റ്റര്‍, ബിജു നാരായണന്‍ എന്നിവരാണ് എന്റെ ഇഷ്ട ഗായകര്‍. എളിമ നിറഞ്ഞ അവരുടെ വ്യക്തിത്വമാണ് പ്രധാന ആകര്‍ഷണ ഘടകം.

കലാസാധനയുടെ തുടക്കം

കോഴ്‌സ് പൂര്‍ത്തിയാക്കിയ സമയത്ത് അന്നത്തെ ഞങ്ങളുടെ ഡയറക്ടര്‍ ജനറലായ ഫാ. ജെയിംസ് അത്തിക്കളമാണ് (നിലവില്‍ സാഗര്‍ രൂപതയുടെ ബിഷപ്പ്) മ്യൂസിക് മിനിസ്ടറിയിലുള്ള എന്റെ താത്പര്യം മനസിലാക്കി വേണ്ട പ്രോത്സാഹനമെല്ലാം നല്‍കിയത്. ബോംബെയില്‍ തന്നെ ചെറിയ സ്ഥലവും വീടും എടുത്തു തന്ന് അവിടെ മ്യൂസിക് ക്ലാസുകള്‍ നടത്തിക്കൊള്ളാന്‍ അദ്ദേഹം തന്നെ അനുവാദവും നല്‍കി. അങ്ങനെയാണ് ബോംബെയില്‍, 2010 -ല്‍, ‘കലാസാധന’ എന്ന പേരില്‍ മ്യൂസിക് അക്കാദമി തുടങ്ങിയത്.

ചെറുതെങ്കിലും യൂണിവേഴ്‌സിറ്റികളുടെ അഫിലിയേഷനും പരീക്ഷാ സെന്ററുകളും ഈ അക്കാദമിയ്ക്കുണ്ട്. രണ്ട് യൂണിവേഴ്‌സിറ്റികളുടെ കീഴിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ട്രിനിറ്റി കോളജ് ലണ്ടന്റെ കീഴിലുള്ള വെസ്‌റ്റേണ്‍ മ്യൂസികും (പിയാനോ, ഗിറ്റാര്‍, വയലിന്‍, ഡ്രംസ് ), അഖില ഭാരതീയ ഗാന്ധര്‍വ മഹാവിദ്യാലയ മണ്ഡലിന്റെ കീഴില്‍ ഇന്ത്യന്‍ മ്യൂസികും (ഭരതനാട്യം, ഹിന്ദുസ്ഥാനി സംഗീതം, തബല) അക്കാദമിയില്‍ പഠിപ്പിക്കുന്നുണ്ട്. മുന്നൂറിനടുത്ത് വിദ്യാര്‍ത്ഥികളുള്ള അക്കാദമിയിലെ അധ്യാപകരും അതാത് വിഭാഗത്തില്‍ ഉയര്‍ന്ന യോഗ്യതകളുള്ളവരാണ്.

പള്ളിയില്‍ പാടി തുടക്കം

ചെറുപ്പത്തില്‍ പള്ളി ക്വയറില്‍ പാടിയാണ് സംഗീത ലോകത്തേയ്ക്കുള്ള തുടക്കമിട്ടത്. ആലാപനം കൂടാതെ കവിതാ രചനയിലും ചെറുപ്പം മുതലേ സജീവമായിരുന്നു. സ്‌കൂള്‍ ജീവിതത്തിനിടെ സംസ്ഥാനതലം വരെയുള്ള ധാരാളം മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ചെറുപുഷ്പ മിഷന്‍ലീഗ് പോലുള്ള ഭക്തസംഘടനകളുടെ ഭാഗമായും മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയുമുണ്ടായി. പിന്നീട് സെമിനാരിയില്‍ ആയിരുന്ന സമയത്തും ഗാനങ്ങള്‍ എഴുതുകയും കംമ്പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംഗീതത്തിലൂടെ സുവിശേഷപ്രഘോഷണം

മിഷനറി വൈദികനെന്ന നിലയില്‍ പഠനത്തിന്റേയും സേവനത്തിന്റേയും ഭാഗമായി ഒരു പതിറ്റാണ്ടിലധികം കാലം ഞാന്‍ ഉജ്ജൈനില്‍ ആയിരുന്നു. അവിടെ ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലുമെല്ലാം പ്രവര്‍ത്തിക്കുന്നതിനിടയില്‍ നിരവധി ഗാനശുശ്രൂഷകളും നടത്തിയിട്ടുണ്ട്. കൂടാതെ ഒരു ഹിന്ദി മീഡിയം സ്‌കൂളില്‍ സേവനം ചെയ്തിരുന്ന സമയത്ത് കുട്ടികളെ വിവിധ സംഗീതോപകരണങ്ങള്‍ പഠിപ്പിക്കാനും അവസരം കിട്ടിയിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ കഴിഞ്ഞത് സംഗീതത്തിലൂടെ വളരെ നന്നായി സുവിശേഷം പ്രഘോഷിക്കാം, ഈശോയെ കൊടുക്കാം എന്നെല്ലാമാണ്.

വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ സേവനത്തിലൂടെയുമെല്ലാം ദൈവത്തെ കൊടുക്കാന്‍ ശ്രമിക്കുന്നതുപോലെ തന്നെ നേരിട്ടുള്ള സുവിശേഷ പ്രഘോഷണമാണ് സംഗീതത്തിലൂടെയും നടക്കുന്നത് എന്നത് മറന്നുകൂടാ. ഒരു പ്രാര്‍ത്ഥനാ ഗാനം രചിച്ച് സംഗീതം നല്‍കി അനേകരിലേയ്ക്ക് എത്തിക്കുമ്പോള്‍ ആ വരികളും അതിലെ പ്രാര്‍ത്ഥനയുമെല്ലാം കേള്‍ക്കുന്ന ഓരോരുത്തരുടേയും വ്യക്തിപരമായ പ്രാര്‍ത്ഥനയായി മാറുകയാണല്ലോ. അല്ലെങ്കില്‍ ദൈവത്തെ അറിയുകയും അനുഭവിക്കുകയുമാണല്ലോ ചെയ്യുന്നത്. ആ നിലയില്‍ ഒരു ഗാനം ശക്തമായ സുവിശേഷ പ്രഘോഷണമായി മാറുന്നു. ഇക്കാരണത്താല്‍ തന്നെ മ്യൂസിക് മിനിസ്ട്രിയിലേയ്ക്ക് അനേകം വൈദികരും സന്ന്യസ്തരും അത്മായരും കടന്നു വരേണ്ടതുമുണ്ട്.

ടാലന്റ് ഫോര്‍ ഗോഡ് ആന്‍ഡ് ഹ്യുമാനിറ്റി

2006 മുതലാണ് ഭക്തിഗാനത്തിന്റ സിഡികള്‍ ഞാന്‍ ഇറക്കി തുടങ്ങിയത്. ആ കാലഘട്ടത്തില്‍ തന്നെ ഹിന്ദിയിലും ഗാനങ്ങളൊക്കെ റെക്കോര്‍ഡ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു. മിഷന്‍ പ്രദേശങ്ങളിലേയ്ക്ക് വളരെ വേഗം ആ ഗാനങ്ങളൊക്കെ എത്തുകയും വിവിധ വേദികളിലും സ്ഥലങ്ങളിലും ഗാനം ആലപിക്കപ്പെടുകയും ചെയ്തുപോന്നു. മ്യൂസിക് അക്കാഡമിയില്‍ പഠിപ്പിക്കുമ്പോഴും ഇതേ മനോഭാവമാണ് ഞങ്ങള്‍ക്കുള്ളത്. നവി മുംബൈയിലെ ഞങ്ങളുടെ ‘കലാസാധന’ അക്കാഡമിയുടെ മോട്ടോ തന്നെ ‘ടാലന്റ് ഫോര്‍ ദി ഗ്ലോറി ഓഫ് ഗോഡ് ആന്‍ഡ് ദി സര്‍വ്വീസ് ഓഫ് ഹ്യുമാനിറ്റി’ എന്നാണ്. മനുഷ്യരുടെ കഴിവുകളെ വളര്‍ത്തുന്നത് ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയാണെന്ന സന്ദേശമാണ് അത്. വ്യക്തിത്വവികസനവും കഴിവുകളുടെ വികസനവും എളിമയുള്ള ജീവിതവുമൊക്കെയാണ് അക്കാഡമിയിലെ പഠനകാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഫീസിന്റെ കാര്യത്തിലും വലിയ ഇളവുകളാണ് അക്കാഡമി നല്‍കുന്നത്. സമ്പന്നര്‍ക്ക് മാത്രമാണ് സംഗീത പഠനം എന്ന ധാരണ തിരുത്തി ഇടത്തരക്കാരേയും സാധാരണക്കാരേയും സംഗീതത്തിന്റെ ലോകത്തിലേയ്ക്ക് എത്തിക്കുക, അവരിലെ കലാകാരന്മാരെ കണ്ടെത്തുക, അവസരങ്ങള്‍ നല്‍കുക എന്നതും അക്കാഡമിയിലൂടെയുള്ള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്.

‘കലാസാധന നവി മുംബൈ’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും നിലവിലുണ്ട്. ഹിന്ദി ഭക്തി ഗാനങ്ങളും അക്കാഡമിയില്‍ നടത്തി വരുന്ന മ്യൂസിക് ട്യൂട്ടോറിയല്‍സുമാണ് ചാനലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘മരിയന്‍ മെലഡീസ്’ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ മലയാളം ഭക്തി ഗാനങ്ങളും ലഭ്യമാണ്.

സംഗീതം ദൈവാരാധനയാകുമ്പോള്‍

മനസിന്റെ ഭാവങ്ങളെയും ഹൃദയ വികാരങ്ങളേയും ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗമാണ് നല്ല ധ്യാനചിന്തകള്‍ നിറഞ്ഞ വരികളോടു കൂടിയ ഗാനങ്ങള്‍. നാം അറിയാതെ തന്നെ ചില ഗാനങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയായി മാറും. അടുത്ത കാലത്ത് ഞാനെഴുതിയ ‘ദൈവമറിയാതെയെന്‍ ജീവിതത്തില്‍ ഒന്നുമേ..വന്നിടില്ലെന്നു ഞാന്‍ വിശ്വസിച്ചീടും…ദൈവത്തിന്നസാധ്യമായി ഒന്നുമില്ലീ ഭൂമിയില്‍..ദൈവരാജ്യം മാത്രം ഞാന്‍ തേടേണ്ടതുള്ളു’ എന്നൊരു പാട്ട് എഴുതി സംഗീതം നല്‍കിയിരുന്നു. എന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനാനുഭവത്തില്‍ നിന്നെഴുതിയ ഗാനമാണെങ്കിലും അത് പ്രചരിച്ചു കഴിഞ്ഞാല്‍ അതിലെ വരികള്‍ ദിവസങ്ങള്‍ കൊണ്ട് അനേകരുടെ പ്രാര്‍ത്ഥനയായി മാറുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഒരേയൊരു പ്രാര്‍ത്ഥന

എന്നും എപ്പോഴും എനിക്ക് ദൈവത്തോട് ഒരേയൊരു പ്രാര്‍ത്ഥന മാത്രമേയുള്ളു. ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ഗാനങ്ങള്‍ തയാറാക്കാന്‍ അവസാനം വരേയും എന്നെ അങ്ങയുടെ ഉപകരണമാക്കണമേ. നടക്കുമ്പോഴോ, വിശ്രമിക്കുമ്പോഴോ, പ്രാര്‍ത്ഥിക്കുമ്പോഴോ, യാത്രചെയ്യുമ്പോഴോ ഒക്കെയാവും ഒട്ടും പ്രതീക്ഷിക്കാതെ ചിലപ്പോ ട്യൂണ്‍ സഹിതം ഗാനത്തിന്റെ വരികള്‍ മനസിലേയ്ക്കും നാവിന്‍ തുമ്പിലേയ്ക്കുമെല്ലാം എത്തുന്നത്. ‘അമ്മയെന്ന രണ്ടക്ഷരം..’ എന്ന ഗാനം ഒരു യാത്രയ്ക്കിടെയാണ് മനസിലേയ്ക്ക് എത്തിയത്. എഴുതാനിരിക്കുമ്പോള്‍ ദൈവാനുഭവം കൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആനന്ദക്കണ്ണീരാണ് അത്. ഇത്തരം അനുഭവങ്ങള്‍ ഇനിയും ധാരാളം ഉണ്ടാകണമേ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.

കീര്‍ത്തി ജേക്കബ്

7 COMMENTS

  1. God bless you Father.. സഹപാഠി ആകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു..

  2. സംഗീതോപാസനയിലൂടെ ദൈവാരാധന നടത്തുന്ന ഈ ഫാദർ ഞങ്ങളുടെ നാട്ടുകാരനാണ്,പക്ഷേ ഇതെല്ലാം മറ്റൊരാൾ പറഞ്ഞറിയേണ്ടി വന്നു. പലതും നമ്മൾ തിരിച്ചറിയുന്നില്ല ,കാരണം തൂവൽ പൊഴിച്ച് മടങ്ങുന്ന പക്ഷികളെപ്പോലെ നിശ ബ്ദമായി ജീവിക്കുന്നവരാണവർ , ഫാദർ, അഭിനന്ദനങ്ങൾ

  3. Dear father, i note with great joy how you enriched so many people with spiritual vibrations through your ministry, transforming lives. Congratulations dear father. May the lord continue to make you His Voice for proclamation of good tidings.

Leave a Reply to AnonymousCancel reply