“അച്ചനെ സ്റ്റേജിൽ നിന്ന് തള്ളിയിട്ടതു തന്നെയാണ്. പക്ഷേ…” ഫാ. അലക്സ് സംസാരിക്കുന്നു

    മരിയ ജോസ്

    കഴിഞ്ഞ ദിവസങ്ങളിൽ, ബ്രസീലിലെ ഒരു വൈദികനെ ഒരു യുവതി തള്ളിയിട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഏറെ പ്രചാരത്തിൽ എത്തിയിരുന്നു. ഈ സംഭവത്തെ ചുറ്റിപ്പറ്റി മലയാളമാധ്യമങ്ങളിൽ ഉയർന്നുവന്ന തെറ്റായ പ്രചാരണത്തെ എതിർത്തുകൊണ്ടുള്ള ഒരു വൈദികന്റെ പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ആ വൈദികനാണ് ഫാ. അലക്സ് ഉഴുകയിൽ.

    മലയാളമാധ്യമങ്ങളിൽ മാത്രമല്ല, ബ്രസീലിലും ഏറെ ചർച്ചാവിഷയമായ ഈ സംഭവത്തെക്കുറിച്ചും അതിലുള്ള ബ്രസീലിയൻ ജനത്തിന്റെ പ്രതികരണത്തെക്കുറിച്ചും ലൈഫ് ഡേ-യോട്  സംസാരിക്കുകയാണ്, എട്ട് വർഷമായി ബ്രസീലിൽ സേവനം ചെയ്യുന്ന എംസിബിഎസ് സന്യാസ സഭംഗമായ ഫാ. അലക്സ് ഉഴുകയിൽ.

    യഥാർത്ഥ സംഭവം

    സംഭവത്തെക്കുറിച്ച് അച്ചൻ പറയുന്നത് ഇങ്ങനെയാണ്: വൈദികനെ ഒരു സ്ത്രീ തള്ളിയിട്ടതായ സംഭവം നടന്നുവെന്നത് സത്യം തന്നെയാണ്. ഈ സംഭവം നടക്കുന്നത് ഏകദേശം അമ്പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഒരു ധ്യാനത്തിനിടയിലാണ്. ഒരു വലിയ കൺവെൻഷൻ. വിശുദ്ധ കുർബാനയ്ക്കിടെ വലിയ ഒരു സ്റ്റേജിന്റെ മധ്യത്തിൽ നിന്ന് മാർസെല്ലോ റോസിയെ എന്ന വൈദികൻ സന്ദേശം നൽകുകയായിരുന്നു. ഇതിനിടയിലാണ് ഒരു സ്ത്രീ സ്റ്റേജിന്റെ സൈഡിലൂടെ വരുന്നത്. ഈ സ്ത്രീ വന്നതും തള്ളിയിട്ടതുമൊക്കെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ നടന്നു. സ്ത്രീ തള്ളിയിട്ടതിനെ തുടർന്ന് അച്ചൻ ജനത്തിനിടയിലേയ്ക്ക് വീഴുന്നതും മറ്റും ദൃശ്യങ്ങളിൽ കാണാം. അച്ചന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല എന്നതിനാൽ തന്നെ ഈ സ്ത്രീയോട് അച്ചൻ ക്ഷമിക്കുകയും കേസുമായി മുന്നോട്ടുപോകണ്ടാ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. വൈകാതെ തന്നെ അച്ചൻ കുർബാനയും തുടർന്നു.

    സംഭവശേഷം പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ അച്ചനോട് സംസാരിക്കണം എന്ന ചിന്തയോടെയാണ് അവർ സ്റ്റേജിൽ കയറിയത് എന്ന് വെളിപ്പെടുത്തി. പക്ഷേ സെക്യൂരിറ്റി പിറകെ വരുന്നുണ്ടോ എന്നു പേടിച്ച് പെട്ടന്ന് ഓടി അച്ചന്റെ അടുത്ത് എത്തുകയും അപ്പോള്‍ തോന്നിയ ഒരു ചിന്തയില്‍ അച്ചനെ തള്ളിയിട്ടു എന്നും ഇവർ വ്യക്തമാക്കി.

    വിശദമായ പരിശോധനയിൽ ഇവർ ബൈപോളാർ ഡിസീസ് എന്ന മാനസികരോഗത്തിന് അടിമയാണ് എന്ന് കണ്ടെത്തി. റിയോ ഡി ജനീറോയിൽ നിന്നു വന്ന ഈ 32-കാരി മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമാണ്. ബൈപോളാർ രോഗാവസ്ഥയിൽ ആയിരുന്നവർ ചില സമയങ്ങളില്‍ സന്തോഷം അമിതമായി പ്രകടിപ്പിക്കുകയും മറ്റുചില സമയങ്ങളിൽ അമിതമായ നിരാശയിലായിരിക്കുകയും ചെയ്യും. ഇതിന്റെ ഒരു പ്രതിഫലനമാണ് അച്ചനെ തള്ളിയിടുന്നതിന് അവരെ പ്രേരിപ്പിച്ചത്.

    ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ബ്രസീലിലെ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഈ സംഭവം എത്തുന്നത്. തുടർന്ന് ബ്രസീലിൽ ഈ സംഭവം വലിയ ചർച്ചയായി. ആളുകൾക്ക് ആ സ്ത്രീയോട് ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവരിലെ മാനസികരോഗമാണ് അവരെ അതിന് പ്രേരിപ്പിച്ചതെന്ന തിരിച്ചറിവിൽ ജനങ്ങൾക്ക് അവരോട് സഹതാപം തോന്നിത്തുടങ്ങിയിരിക്കുകയാണ്. തന്നെയുമല്ല, കേസും മറ്റുമായി മുന്നോട്ടുപോകുവാൻ താല്പര്യം ഇല്ലാ എന്ന് വൈദികൻ അറിയിച്ചതിനാൽ ഈ സംഭവം ഏതാണ്ട് കെട്ടടങ്ങിയ നിലയിലാണ്.

    വ്യാജപ്രചാരണത്തിൽ അച്ചന്റെ പ്രതികരണം

    സംഭവത്തിന്റെ നിജസ്ഥിതി മേൽപ്പറഞ്ഞതാണെങ്കിലും, മലയാളത്തിലെ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തപ്പോൾ ഭാഷ്യം വേറെ ആയിപ്പോയി എന്നു മാത്രം. ഈ സംഭവത്തെക്കുറിച്ച്  മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്റെ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചത്, ‘വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല’ എന്ന് അച്ചൻ പറഞ്ഞതിൽ കുപിതയായ സ്ത്രീ അച്ചനെ തള്ളിയിട്ടു എന്നാണ്. ഈ വാർത്ത അനേകം ആളുകളിലേയ്ക്കെത്തി. എന്നാൽ, ഈ വാർത്ത തെറ്റാണ്. മാർസെല്ലോ റോസിയെ എന്ന വൈദികൻ വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ പോർച്ചുഗീസ് ഭാഷയിൽ പറഞ്ഞത് “പാപികളും ബലഹീനരും എന്നോടല്ല, നേരിട്ട് ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്നാണ്. ആ സ്ത്രീയുടെ മാനസികരോഗം മൂലമാണ് അവർ അങ്ങനെ പ്രതികരിച്ചത്. അല്ലാതെ അച്ചൻ പറഞ്ഞതിന്റെ പേരിലല്ല ആ സ്ത്രീ അച്ചനെ തള്ളിയിട്ടത് – അലക്സ് അച്ചൻ പറഞ്ഞുനിർത്തി.

    വ്യാജപ്രചാരണങ്ങൾ പൊളിച്ചുകൊണ്ട് അലക്സച്ചൻ പോസ്റ്റ്‌ ചെയ്ത വീഡിയോ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. വ്യാജവാർത്ത അനേകരിലേയ്ക്ക് എത്തുന്നത് തടയുന്നതിനും സത്യം ജനങ്ങളെ ബോധിപ്പിക്കുന്നതിനും തനിക്ക് കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇദ്ദേഹം ഇപ്പോൾ.

    മരിയ ജോസ്