ഗർഭാവസ്ഥയിലെ തളർച്ചകള്‍ മറികടക്കുന്നതിനുള്ള നാല് വഴികൾ

ദൈവം നമുക്ക് തരുന്ന വലിയ അനുഗ്രഹമാണ് മക്കൾ. ഗർഭവതിയായ ഒരു സ്ത്രീയിൽ നിന്നും അമ്മയിലേയ്ക്ക് നീളുന്ന ഒൻപതു മാസങ്ങൾ അതികഠിനമാണെന്നു നമുക്കറിയാം. വേദനകളും പ്രയാസങ്ങളും മാനസിക സമ്മർദങ്ങളും ഏറെയുള്ള സമയം. ഈ സമയങ്ങളിൽ സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നമാണ് തളർച്ച. ഈ തളർച്ചയെ ഒഴിവാക്കി ഊർജ്ജ്വസ്വലതയോടെ ആയിരിക്കുവാനും ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ട് പോസിറ്റീവ് ആയി നിലനിൽക്കുവാനും ഗർഭിണികളായവരെ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. എല്ലാം ദൈവം തന്ന ദാനത്തിനെ സ്വീകരിക്കുന്നതിനാണെന്നു മനസിലാക്കാം

കുഞ്ഞുങ്ങൾ ദൈവദാനമാണ്. ആ ദാനത്തെ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് നീണ്ട ഒമ്പതുമാസം കൊണ്ട്. ഈ സഹനങ്ങളും വേദനകളുമൊക്കെ ദൈവത്തിന്റെ ആ മഹത്തായ ദാനത്തെ സ്വീകരിക്കുന്നതിന് നമ്മെ ഒരുക്കുകയാണെന്നു മനസിലാക്കാം. പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കാം. ശാന്തതയോടെ, സ്വസ്ഥതയോടെ ആയിരിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

2. കൂടുതൽ സമയം വിശ്രമിക്കാം

ഗർഭിണികളായ സ്ത്രീകൾക്ക് കൂടുതൽ മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉദരത്തിൽ ഒരു കുഞ്ഞു വളരുക എന്നത് നിസ്സാരമായ കാര്യമല്ല. അതിന്റേതായ ക്ഷീണവും തളർച്ചയുമൊക്കെ ഉണ്ടാകാം. ക്ഷീണത്തിനെതിരായ നിങ്ങളുടെ ആദ്യ പ്രതിരോധമാർഗ്ഗം എന്നത് നിങ്ങൾ പതിവിലും നേരത്തെ ഉറങ്ങുക, പകൽസമയങ്ങളിൽ കുറച്ചു സമയം വിശ്രമിക്കുക എന്നതാണ്.

3. പോഷകാഹാരങ്ങൾ കൂടുതൽ കഴിക്കാം

ഗര്‍ഭകാലത്തെ അമിതമായ ക്ഷീണത്തിന് ചില സമയമെങ്കിലും പോഷകക്കുറവുമായി ബന്ധമുണ്ടാകാം. പ്രോട്ടീൻ, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി 6 അല്ലെങ്കിൽ വിറ്റാമിൻ ഡി എന്നിവ കുറവാണെങ്കിൽ ആ കുറവ് നിങ്ങളുടെ ക്ഷീണത്തിന് കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുമായി സംസാരിച്ചശേഷം കഴിക്കേണ്ട ഭക്ഷണങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ തീരുമാനിക്കാം. അമ്മയുടെ ആരോഗ്യം അത് കുഞ്ഞിന്റേതു കൂടെയാണ്.

4. വരാനിരിക്കുന്ന കുഞ്ഞിനെ സ്വപ്നം കാണാം

ഒരു അമ്മയുടെ സഹനങ്ങളിൽ എപ്പോഴും ആശ്വാസം നൽകുന്ന ഒന്നാണ്, ഇവയൊക്കെ തന്റെ കുഞ്ഞിനു വേണ്ടിയാണല്ലോ എന്ന ചിന്ത. ഈ ചിന്തയിൽ കഴിയുന്നത് പോസിറ്റീവായ ചിന്തയാൽ നിറയുന്നതിന് നമ്മെ സഹായിക്കും.

തങ്ങൾക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിറയാം. കുഞ്ഞ് ആണാണോ പെണ്ണാണോ, ഡോക്ടറാക്കണോ എഞ്ചിനീയർ ആക്കണോ എന്നല്ല സ്വപ്നം കാണേണ്ടത്. മറിച്ച്, ദൈവഭയത്തിനും അനുസരണയിൽ എല്ലാവര്‍ക്കും പ്രീതികരമായ സ്വഭാവത്തിലും വളർന്ന് മാതാപിതാക്കൾക്ക് സന്തോഷം നൽകുന്ന മക്കളായി, അവര്‍ വളരുന്ന സ്വപ്‌നങ്ങൾ കാണാം. അതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.