ഉത്കണ്ഠയെ അതിജീവിക്കാനുള്ള നാല് വഴികൾ

അമിതമായി ആകുലപ്പെടുന്നതു കൊണ്ട് നമ്മുടെ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല. അതിനാൽ, ആകുലപ്പെടുത്തുന്ന ചിന്തകളെയും പ്രശ്നങ്ങളെയും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഓർമ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, വിഷാദം, ഉത്കണ്ഠ, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഉത്കണ്ഠകളിൽ നിന്നും പുറത്തുകടക്കേണ്ടത് ആവശ്യമാണ്. ഉത്ക്കണ്ഠകളെ അതിജീവിക്കാനുള്ള നാല് വഴികൾ ഇതാ…

1. ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും ഓക്‌സിജൻ കൂടുതലായി എത്തുന്നതോടെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് തലച്ചോർ  ശരീരത്തിലേക്ക് ഒരു സന്ദേശം അയയ്ക്കുന്നു. അതുവഴി പാരാസിംപതിറ്റിക് സിസ്റ്റം സജീവമാകുന്നു. അത് ശാന്തത, വിശ്രമം, സംതൃപ്തി എന്നിവയുടെ സംവേദനങ്ങൾ പുറപ്പെടുവിക്കുന്നു.

ശ്വാസോഛ്വാസത്തില്‍ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ,  വർത്തമാനകാലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ അതു നമ്മെ സഹായിക്കുന്നു. അതിനാൽ തന്നെ ആശങ്കകളും കുറയും. ദീർഘനിശ്വാസം എടുക്കുമ്പോൾ എണ്ണുക. തുടർന്ന് നാല് സെക്കൻഡ് ശ്വാസം വിടുക. നിങ്ങൾക്ക് ആശ്വാസം തോന്നുന്നതു വരെ ഇപ്രകാരം ആവർത്തിക്കുക.

2. മനസ്സും പ്രാർത്ഥനയും

മനസ് ശാന്തമായിരിക്കുന്നതിലൂടെ നമ്മുടെ ശ്വസനം, ശരീര സംവേദനങ്ങൾ, ബാഹ്യമായ ശബ്ദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയിലൂടെയൊക്കെ നെഗറ്റീവ് ചിന്തകൾ പുറത്തുവിടാൻ സാധിക്കും. അതിന് പ്രാർത്ഥനയും വളരെ സഹായകരമാണ്. ദൈവത്തിന്റെ കരങ്ങളിൽ നമ്മെത്തന്നെ ഏൽപ്പിക്കുകയും അവന്റെ നന്മയെയും ശക്തിയെയും ധ്യാനിക്കുകയും ചെയ്യുക. ആത്മീയസമാധാനം കൊണ്ടുവരാനും നമ്മുടെ ഹൃദയത്തെ ശാന്തമാക്കാനും പ്രാർത്ഥനക്കു സാധിക്കും.

3. വ്യായാമം

നന്നായി വ്യായാമം ചെയ്യുന്നത്, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉത്കണ്ഠകളിൽ നിന്ന് മനസ്സ് മാറ്റുന്നതിനും കൂടുതൽ സഹായിക്കും. വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ തുടങ്ങിയ ടീം സ്‌പോർട്‌സുകളും സ്ക്വാഷ്, ആയോധന കലകൾ തുടങ്ങിയ വ്യക്തിഗത കായികയിനങ്ങളും എയ്‌റോബിക് പരിശീലനവും ക്രോസ്ഫിറ്റും ഇതിൽ ഉൾപ്പെടുന്നു. അതിലുപരിയായി, നീണ്ടുനിൽക്കുന്ന ശാരീരികപ്രവർത്തനങ്ങളിൽ മസ്തിഷ്കം പുറത്തുവിടുന്ന എൻഡോർഫിനുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും പ്രകൃതിദത്തമായ ശാന്തത നൽകാൻ സഹായിക്കുന്നവയാണ്.

4. അനുഷ്ഠാനങ്ങള്‍

മതപരമായ അനുഷ്ഠാനങ്ങള്‍ ഊഷ്മളമായ ഒരു ബോധ്യം കൊണ്ടുവരാൻ സാധിക്കുന്നവയാണ്. നമ്മുടെ വീട്ടിലെ പ്രാർത്ഥനാമുറിയിലോ, വിശുദ്ധ കുർബാനക്കു മുമ്പിലോ ശാന്തമായി കുറച്ചു സമയം ചിലവഴിക്കുക. ജപമാല ചൊല്ലുന്നത്, പരിശുദ്ധ കന്യകയുമായും ദൈവവുമായും നമ്മെ ബന്ധിപ്പിക്കുന്നതിനൊപ്പം നമ്മുടെ ബാല്യത്തിൽ പ്രാർത്ഥിച്ചതിന്റെ ഓർമ്മകളുണർത്താൻ നമ്മെ സഹായിക്കും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.