വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കിതാ ചില പരിഹാര മാർഗ്ഗങ്ങൾ

ക്രിസ്തു നമ്മെ സ്നേഹിക്കുന്നു എന്നതിന്റെ വലിയ അടയാളമാണ് വിശുദ്ധ കുർബാന. എന്നും അർപ്പിക്കപ്പെടുന്ന ബലിയിൽ ഈശോയുടെ ജീവിതം തന്നെയാണ് നാം അനുസ്മരിക്കുന്നത്. അതിൽ പങ്കെടുക്കുന്ന ഓരോരുത്തരും ഈശോയുടെ ബലിയിൽ ഭാഗഭാക്കാവുകയാണ്‌. അനുദിന ജീവിതത്തിൽ എന്നും വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കും.

വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനാഗ്രഹിച്ചിട്ടും അത് സാധിക്കാത്തവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ജോലി, കുടുംബം, കുട്ടികൾ ഇങ്ങനെ പല ആവശ്യങ്ങളും കൊണ്ടാകാം ഇവർക്ക്‌ സാധിക്കാത്തത്. ഈ ഒരു സാഹചര്യത്തിൽ വിശുദ്ധ കുർബാനയുടെ ചൈതന്യം കാത്തുസൂക്ഷിക്കുവാൻ ചില വഴികളുണ്ട്. അവ താഴെ കൊടുക്കുന്നു.

1. പ്രഭാത സമർപ്പണം

ഓരോ  ദിവസവും യേശുവിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ പ്രഭാതബലി നമ്മെ സഹായിക്കും. എന്നാൽ അത് സാധ്യമല്ലാത്ത അവസരങ്ങളിൽ ദിവസവും രാവിലെ അന്നത്തെ ദിനം മുഴുവനും ദൈവത്തിന് സമർപ്പിക്കുവാൻ സാധിക്കണം. അന്നേ ദിവസം നാം കടന്നുപോകാനിരുന്ന സാഹചര്യങ്ങൾ, ജോലി, തിരക്കുകൾ, നാം കടന്നുപോകുന്ന ചിന്തകൾ, ആകുലതകൾ ഒക്കെ ദൈവത്തിനു സമർപ്പിക്കാം.  അപ്പോൾ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവസാന്നിധ്യം അനുഭവിക്കുവാൻ നമുക്ക് സാധിക്കും.

2. അനുദിന ബൈബിൾ പാരായണം

വിശുദ്ധ കുർബാന പൂർണ്ണമാകുന്നത് ആരാധനയുടെയും വിശുദ്ധ ഗ്രന്ഥത്തിലൂടെയും കൂദാശാ വചനങ്ങളിലൂടെയും കടന്നുവന്ന് വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴാണ്. വിശുദ്ധ കുർബാനയിൽ വചനം  ശ്രവിക്കുമ്പോൾ ക്രിസ്തുവിനെയാണ് നാം ശ്രവിക്കുന്നത്. വചനശുശ്രൂഷയിലൂടെ നമ്മോടും സഭയോടും ഈശോ സംസാരിക്കുകയാണ്.

വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ആ ദിവസത്തെ  വചനം വായിക്കുന്നത് ക്രിസ്തുവിനെ ശ്രവിക്കുന്നതിന് തുല്യമാകും. ലോകം മുഴുവനും വിശുദ്ധ ബലിയിൽ വായിക്കപ്പെടുന്ന വചനം ഒന്നു തന്നെയാണ്. സഭയോട് ചേർന്നുനിന്ന് വചനത്തെ ഉൾക്കൊള്ളുവാൻ ഇതിലൂടെ നമുക്ക് സാധിക്കുന്നു.

3. ആത്മീയ വളർച്ച

വിശുദ്ധ കുർബാനയിൽ നിന്നും ലഭിക്കുന്ന കൃപകൾ നമുക്ക് എപ്പോൾ വേണമെങ്കിലും സ്വീകരിക്കാം. അതിന് നമ്മുടെ ഹൃദയം സജ്ജമാണോ എന്നുള്ളത് പ്രധാനപ്പെട്ടതാണ്. നമ്മുടെ ഹൃദയത്തിൽ സ്നേഹമുണ്ടെങ്കിൽ അവിടെ ദൈവമുണ്ട്. കുമ്പസാരം, കാരുണ്യപ്രവർത്തികൾ എന്നിവയെല്ലാം നമ്മെ ദൈവസ്നേഹത്തിലേയ്ക്ക് അടുപ്പിക്കുന്നു.

4. നന്ദി പ്രകാശനം

ഗ്രീക്ക് ഭാഷയിൽ വിശുദ്ധ കുർബാന എന്ന വാക്കിന്റെ അർത്ഥം തന്നെ ‘നന്ദി പ്രകാശനം’ എന്നാണ്. കുർബാനയിൽ കേന്ദ്രീകൃത ജീവിതം നയിക്കുന്ന ഒരു വ്യക്തി എപ്പോഴും എല്ലാറ്റിനോടും നന്ദിയുള്ളവർ ആയിരിക്കും. ദൈവം ചെയ്ത അനുഗ്രഹങ്ങളോട് നന്ദിയുള്ളവർ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിനെയും പോസിറ്റീവായി കാണുന്ന വ്യക്തികളാണ്. നന്ദിയുള്ളവർ ആകുവാൻ ചില പ്രായോഗിക കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. ചെറിയ കാര്യങ്ങൾക്കു പോലും നന്ദി പറയുക

2. ഭക്ഷണത്തിനു മുൻപ് പ്രാർത്ഥിക്കുക

3. ദൈവം ചെയ്ത മുന്ന് അനുഗ്രഹങ്ങൾ എല്ലാദിവസവും എഴുതി സൂക്ഷിക്കുക .

4. ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങളിൽ അതിനെ അതിജീവിക്കുവാൻ സാധിച്ചതിനെ ഓർമ്മിക്കുക.

ക്രിസ്തുവിനാൽ നാം സ്നേഹിക്കപ്പെടുന്നുണ്ടെന്ന അനുഭവം കൂടുതൽ നന്ദിയോടെ ജീവിക്കുവാൻ നമ്മെ സഹായിക്കും. അതിനാൽ വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃത ജീവിതം നമ്മെ കൂടുതൽ അനുഗ്രഹിക്കും.