പിശാചിന്റെ ഈ തന്ത്രങ്ങളെ അതിജീവിക്കാം; പ്രാർത്ഥനയിൽ ശക്തരാകാം

നാം പ്രാർത്ഥനയിൽ ആഴപ്പെടുമ്പോഴാണ് ദൈവവുമായി കൂടുതൽ അടുക്കുന്നത്. ദൈവവുമായുള്ള മനുഷ്യന്റെ സംസാരമാണ് പ്രാർത്ഥനയായി രൂപപ്പെടുന്നത്. പ്രാർത്ഥനയിൽ ആഴപ്പെടുന്നതോടെ മനുഷ്യനു ഏകാഗ്രത കൈവരുകയും ദൈവത്തിന്റെ സ്വരം കേൾക്കുവാൻ തക്ക വിധത്തിൽ ശക്തമായ ആത്മീയത അവനിൽ വളരുകയും ചെയ്യും.

എന്നാൽ ഇതൊന്നും പിശാചിന് ഇഷ്ടമല്ല. അതിനാൽ തന്നെ മനുഷ്യനെ ഏതു വിധേയനയും പ്രാർത്ഥനയിൽ നിന്ന് പിന്മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. പ്രാർത്ഥിക്കാൻ തുടങ്ങുന്ന ആളുകളിൽ അല്ലെങ്കിൽ പ്രാത്ഥനയിൽ നാം ആഴപ്പെടുമ്പോൾ നാല് തരത്തിലുള്ള പ്രലോഭനങ്ങളാണ് സാത്താൻ നമുക്ക് മുന്നിലേയ്ക്ക് വയ്ക്കുന്നത്. ഈ പ്രലോഭനങ്ങളെ അതിജീവിക്കാതെ പ്രാർത്ഥനയിൽ മുന്നേറാൻ നമുക്ക് കഴിയില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം:

1. പ്രാർത്ഥന കൊണ്ട് പ്രയോജനമില്ലെന്ന തോന്നൽ

പ്രയോജനങ്ങൾ തരുന്ന പ്രവർത്തികളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ പ്രാർത്ഥന പലപ്പോഴും മാനുഷികമായ ചിന്തകളിൽ ഒരു സമയം പോക്ക് മാത്രമായി മാറാറുണ്ട്. പലപ്പോഴും കന്യാസ്ത്രീകളോടും വൈദികരോടും നിങ്ങൾ എന്തിനു ഈ ജീവിതം വെറുതെ കളയുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് പിന്നിൽ ഇത്തരം മിഥ്യയായ ധാരണയാണ് ഉള്ളത്.

ജോലിത്തിരക്കിന്റെ പേരിൽ പ്രാർത്ഥനക്കുള്ള സമയം മാറ്റിവയ്ക്കാതിരിക്കുമ്പോൾ നമ്മുടെ ഉള്ളിലും ഇത്തരം മിഥ്യാ ധാരണ വളരുകയാണ്. എന്നാൽ ലാഭങ്ങളുടെ കണക്കിൽ നിന്ന് മാറികൊണ്ട് സ്നേഹത്തിന്റെ കണക്കിൽ നമുക്ക് പ്രാർത്ഥനയെ വിലയിരുത്താം. നമുക്ക് നല്ല ഭക്ഷണം, താമസിക്കാൻ ഒരിടം, നല്ല ചുറ്റുപാട്… ഓർത്താൽ എണ്ണിയാൽ തീരാത്ത നന്മകൾ നമുക്ക് ചുറ്റും ഉണ്ട്. ഈ നന്മകൾ തന്ന ദൈവത്തോട് നാം നന്ദി പറയണം. കാരണം നമ്മുടെ അധ്വാനം കൊണ്ട് മാത്രമല്ല ദൈവത്തിന്റെ കൃപകൊണ്ട് കൂടെയാണ് അവയെല്ലാം ഉണ്ടായത്. അതിനാൽ പ്രാർത്ഥിക്കുന്നത് കൊണ്ട് പ്രയോജനമില്ല എന്ന് തോന്നിയാൽ ആ നിമിഷം തന്നെ ദൈവം നൽകിയ അനുഗ്രഹമാണ് ഓർക്കേണ്ടത്. നന്ദി പറയുക. അങ്ങനെ സാത്താന്റെ ഒന്നാമത്തെ കെണിയെ നമുക്ക് അതിജീവിക്കാം.

2. എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയില്ല

പലപ്പോഴും പലരുടെയും പ്രശ്നമാണ് എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയില്ല എന്നത്. ആളുകളുടെ കാഴ്ചപ്പാടിൽ ജപമാലയും സന്ധ്യാ പ്രാത്ഥനകളും വിശുദ്ധ കുർബാനയും മാത്രമാണ് പ്രാർത്ഥന. അതിനപ്പുറം ഒന്നും അവർ ചിന്തിക്കുന്നില്ല. അതിനാൽ തന്നെ അവയ്ക്കു സമയം ഏറെ വേണ്ടതുണ്ട്. സമയമാണെങ്കിൽ ഒട്ടും ഇല്ലതാനും. അതല്ലെങ്കിൽ മറ്റൊരു കൂട്ടർ ഉണ്ട് പ്രാർത്ഥിക്കാൻ അറിയില്ല, അതുകൊണ്ട് പ്രാര്ഥിക്കുന്നില്ല എന്ന് വിചാരിക്കുന്നവർ.

എന്നാൽ നാം മനസിലാക്കേണ്ട ഒന്നുണ്ട്. പ്രാർത്ഥന എന്നാൽ ദൈവത്തോടുള്ള നമ്മുടെ സംഭാഷണമാണ്. നമ്മുടെ കൂടെയുള്ള ദൈവത്തോട് നാം ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുക. അതിനു വലിയ ഔപചാരികത ഒന്നും ആവശ്യമില്ല. ഒരു സുഹൃത്തിനോടെന്നപോലെ ദൈവത്തോട് സംസാരിക്കാൻ കഴിഞ്ഞാൽ ഉള്ളിൽ നിന്നുയരുന്ന ദൈവമേ, എന്ന വിളിപോലും പ്രാർത്ഥനയായി മാറും. അതിനാൽ ദൈവം കൂടെ ഉണ്ടെന്നു വിശ്വസിക്കുക. ആ ദൈവത്തോട് സംസാരിക്കുക.

3. സമയമുള്ളപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കും

സമയംകിട്ടട്ടെ അപ്പോൾ പ്രാർത്ഥിക്കാം. പലപ്പോഴും നാളെ നാളെ നീളെ നീളെ എന്ന് പറഞ്ഞു നാം കാര്യങ്ങൾ മാറ്റിവയ്ക്കാറുണ്ട്. എങ്ങനെ മാറ്റിവയ്ക്കുന്ന കാര്യങ്ങൾ നടക്കാറുണ്ടോ? ഉത്തരം ഇല്ലാ, എന്ന് തന്നെയാകും. സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കാം എന്നുകരുതിയാൽ പ്രാർത്ഥനയ്ക്കായി ഒരു സമയം മാറ്റി വയ്ക്കാൻ നമുക്ക് കഴിയില്ലെന്ന് മാത്രമല്ല പിശാചിന്റെ പ്രലോഭനങ്ങളിൽ നാം എളുപ്പം പതിക്കുകയും ദൈവത്തിൽ നിന്നും അകന്നു പോവുകയും ചെയ്യും.

പ്രാർത്ഥനയ്ക്കായി ഒരു സമർപ്പണം ആവശ്യമാണ്. അത് ദൈവത്തിനു നാം നൽകുന്ന ഒരു ബഹുമതിയാണ്. ദൈവത്തിനായി സമയത്തെ കണ്ടെത്തുന്നവനെ ദൈവം ഉയർത്തും.

4. നിങ്ങളുടെ ജോലിയെ പ്രാത്ഥനയാക്കുക

ജീവിതത്തിൽ എല്ലാം നേടിയെടുക്കാനായുള്ള ഓട്ടത്തിലാണ് നാം. അതിനിടയിൽ ജോലി അത്യന്താപേക്ഷിതമാണ്. ഒരാളുടെ ഒരു ദിവസത്തിൽന്റെ പകുതി സമയവും  ജോലി മേഖലയിലാണ് ചെലവിടുന്നത്. ഈ സമയം ജോലി മാത്രം ആകാതെ ആ ജോലിയെ പ്രാർത്ഥനയാക്കി മാറ്റുവാൻ പറ്റിയാൽ നമ്മുടെ ജീവിതം കൂടുതൽ അനുഗ്രഹീതമാകും. ജോലി കഴിഞ്ഞിട്ട് പ്രാർത്ഥന എന്ന തോന്നൽ പലപ്പോഴും പിശാച് നമ്മുടെ ഉള്ളിൽ തോന്നിപ്പിക്കും. ഈ തോന്നലിനെ അതിജീവിക്കാൻ നമ്മുടെ ജോലിയെ പ്രാർത്ഥനയാക്കി മാറ്റുന്നതിലൂടെ നമ്മുക്കു കഴിയും.

ഈ നാലു പ്രലോഭനങ്ങളെ അതിജീവിച്ച്‌ പ്രാർത്ഥനയിൽ ശക്തിപ്പെട്ടു കൊണ്ട് നമുക്കും ദൈവത്തോടൊപ്പം ആയിരിക്കാം.