ജീവിതം ഇനി എന്ത്? അടുത്തത് എന്ത്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്, ആശ്രയിച്ചു കൊണ്ടുള്ള ഒരു ഉത്തരം തേടലാണ് ഒരുവന്റെ ആത്മീയജീവിതം. എന്നാല്‍ ശക്തമായ ആത്മീയ അടിത്തറയുള്ള ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതുമല്ല.
ആത്മീയജീവിതത്തില്‍ ഉയര്‍ച്ച-താഴ്ചകള്‍ സാധാരണമാണ്. ജീവിതാനുഭവങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയൊക്കെ ഇതിന് കാരണമാവാം. എന്നാല്‍, അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ആത്മീയജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ മനസിലാക്കുവാനും തിരികെ അതിലേയ്ക്ക് വരുവാനും കഴിയും. അതിന് സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. സമാധാനം വീണ്ടെടുക്കുക
മനസ് ആകുലചിത്തമാണെങ്കില് നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ച് അറിയുവാനോ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുവാനോ കഴിയില്ല. അതിനാല്‍ സ്വസ്ഥമാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനസ് ശാന്തമാക്കിയ ശേഷം ആത്മീയജീവിതത്തില്‍ നാം നേരത്തെ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുക. അതും ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്തു നോക്കാം. അപ്പോള്‍ നമുക്ക് സംഭവിച്ച വീഴ്ചകളും, വന്നുപോയ കുറവുകളും മനസിലാക്കുവാന്‍ കഴിയും. ഓര്‍ക്കുക ഒറ്റ ദിവസം കൊണ്ട് എല്ലാം നടത്തണം എന്ന വാശി പിടിക്കരുത്. പതിയെ പ്രശ്നങ്ങ്ള്‍ കണ്ടെത്തി പരിഹരിച്ച്, പഴയതു പോലെ ആത്മീയജീവിതത്തില്‍ ശക്തിപ്പെടാം.
2. തീവ്രമായ ആഗ്രഹം
വന്നുപോയ പാളിച്ചകള്‍ മനസിലാക്കി വെറുതെ ഇരുന്നാല്‍ പോരാ. അത് പരിഹരിക്കുവാനും തിരിച്ച് ദൈവത്തിലേയ്ക്കും ദൈവസ്നേഹത്തിലേയ്ക്കും പോകുവാനുള്ള അതിയായ ആഗ്രഹം ഉണ്ടാവണം. ദൈവത്തിൽ നിന്ന് അകലാൻ ഇടയാക്കിയ കാര്യങ്ങളെ അകറ്റിനിർത്താം. മുമ്പത്തേതിലും കൂടുതൽ ആഗ്രഹത്തോടെ തിരിച്ചുവരാൻ ആഗ്രഹിക്കാം.
3. പ്രാർത്ഥന
പ്രാർത്ഥനകൾക്ക് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. സ്വയംപ്രേരിത പ്രാർത്ഥനകളിലൂടെയും ധ്യാനങ്ങളിലൂടെയും ആത്മീയതയുടെ പാതയിലേയ്ക്ക് പതിയെ കടന്നുവരാം. ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കുവാനും പ്രാർത്ഥനയിൽ സമീപസ്ഥനായിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാനും ശ്രമിക്കാം. ഒപ്പം തന്നെ കൂദാശകൾ സ്വീകരിക്കുന്നത് നമുക്ക് ആത്മീയമായ ഉണർവ് ലഭിക്കുന്നതിനും കാരണമാകും.
4. ദൃഢനിശ്ചയം
പാപകരമായ ജീവിതമാണോ അതോ ദൈവത്തോടൊപ്പമുള്ള ജീവിതമാണോ തെരഞ്ഞെടുക്കുന്നത് എന്ന് ചിന്തിക്കുക. ദൈവത്തിൽ നിന്ന് അകറ്റുന്ന തെറ്റുകളിലേയ്ക്ക് പോകില്ല എന്ന് ദൃഢനിശ്ചയം എടുക്കുക. അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ അവയോട്, നോ എന്നു പറയാൻ ധൈര്യം കാട്ടണം. അങ്ങനെ ദൈവവുമായുള്ള ബന്ധത്തിൽ വളരുവാൻ കഴിയും. ദൈവവുമായുള്ള ബന്ധത്തില്‍ നിന്ന് അകറ്റുന്ന പ്രവർത്തികളിൽ നിന്ന് മാറിനിൽക്കാൻ ജാഗ്രത പുലർത്തണം. ദിവസം മുഴുവൻ പ്രാർത്ഥനയുടെ അരൂപിയിൽ ആയിരിക്കുന്നത് ദൈവവുമായി അടുത്തായിരിക്കുന്നതിന് സഹായിക്കും.
മേൽപ്പറഞ്ഞ നിർദ്ദേശങ്ങളിലൂടെ ആത്മീയപാതയിൽ മുന്നേറാൻ കഴിയും. എങ്കിലും ഓരോ മാസവും ആത്മീയജീവിതത്തിൽ താൻ എവിടെ നിൽക്കുന്നുവെന്ന് ആത്മപരിശോധന ചെയ്യുന്നത് അതിൽ നിലനിൽക്കുവാനും മുന്നേറുവാനും സഹായിക്കും.