ബാഗ്ദാദിൽ നാല് ജീവകാരുണ്യ പ്രവർത്തകരെ തട്ടിക്കൊണ്ടു പോയി

ക്രിസ്ത്യൻ ജീവകാരുണ്യസംഘടനയുടെ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നാല് പേരെ ബാഗ്ദാദിൽ കാണാതായി. ഫ്രാൻസിൽ നിന്നുള്ള മൂന്നു പേരെയും ഇറാഖിൽ നിന്നുള്ള ഒരാളെയുമാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഇവരെ കാണാതായത്.

ബാഗ്ദാദിലെ ഫ്രഞ്ച് എംബസിയുടെ സമീപം ആണ് ഇവരെ അവസാനമായി കണ്ടത്. തട്ടിക്കൊണ്ട് പോയതായിട്ടാണ് സംശയം. എങ്കിലും മോചനദ്രവ്യമോ മറ്റോ ചോദിച്ചു ആരും മുന്നോട്ട് വരാത്തത് അന്വേഷകരുടെ ഉള്ളിൽ സംശയം ജനിപ്പിക്കുന്നു എന്ന് ഓർഗനൈസേഷന്റെ ഡയറക്ടർ വെളിപ്പെടുത്തി .

വിദേശികളെ തട്ടികൊണ്ട് പോവുക എന്നത് ഇറാഖിൽ വളരെ അപൂർവമായി മാത്രം നടക്കുന്ന ഒന്നാണ്. മുൻപ് അൽ ക്വായിദയും മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ള സംഘങ്ങളും ആളുകളെ തട്ടികൊണ്ട് പോകുന്നതിൽ ഏർപ്പെട്ടിരുന്നു. എന്നാൽ അവർ ഒക്കെയും വൈകാതെ തന്നെ മോചന ദ്രവ്യം ആവശ്യപ്പെട്ട് മുന്നോട്ടും വന്നിരുന്നു. ഇവിടെ ദിവസങ്ങൾ കഴിഞ്ഞിട്ടും അങ്ങനെ ഒരു ആവശ്യവുമായി ആരും മുന്നോട്ട് വരാത്തത് ആശങ്ക ജനിപ്പിക്കുന്നു.

ഈ നാലുപേരും ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനായി ആണ് അവരുടെ മുറികളിൽ നിന്നും പുറത്തിറങ്ങിയത്. എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു പറഞ്ഞതായി കേട്ടിട്ടില്ല. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.