
കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് അവരുടെ ജീവിതത്തിന് കരുത്തു പകരുന്നതിനു തുല്യമാണ്. കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്കുപോലും കൂടുതൽ ശ്രദ്ധ നൽകുമ്പോഴും അവയെ പ്രോത്സാഹിപ്പിക്കുമ്പോഴുമൊക്കെ അവരുടെ ആത്മവിശ്വാസമാണ് വർദ്ധിക്കുന്നത്. ഈ ഒരു ബോധ്യം എല്ലാ മാതാപിതാക്കൾക്കും ഉണ്ടാകണം. കാരണം, കുട്ടികളുടെ കരുത്ത് എന്നാൽ മാതാപിതാക്കൾ നൽകുന്ന ആത്മവിശ്വാസമാണ്, പ്രോത്സാഹനമാണ്. ഈ അർത്ഥത്തിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുവാൻ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും ചില മാർഗ്ഗങ്ങൾ ഇതാ…
1. നിങ്ങൾ കാണുന്നത് എന്താണെന്ന് വിവരിക്കുക
കുട്ടി ചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുകയും അത് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുക. ഒരു ചെറിയ പ്രവർത്തിയാണെങ്കിൽ കൂടെ അതിനെ അഭിനന്ദിക്കുക. അപ്പോൾ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ കുട്ടി താല്പര്യപ്പെടുകയും അതിനായുള്ള അവസരങ്ങൾ തേടുകയും ചെയ്യും.
2. കുട്ടിയുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുക
ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യുവാൻ കുട്ടികൾക്ക് കഴിയില്ല. അവരുടെ ചിന്തകളിൽ വരുന്ന ചെറുതും എന്നാൽ ചിന്തിപ്പിക്കുന്നതുമായ കാര്യങ്ങളാണ് കുട്ടികൾ, തങ്ങളുടെ ഓരോ പ്രവർത്തിയിലൂടെയും ആവിഷ്കരിക്കുന്നത്. ആ പ്രവർത്തികൾ ചിലപ്പോൾ നല്ലതാകാം; ചിലപ്പോൾ അവർ ഉദ്ദേശിച്ച ഫലം ലഭിച്ചില്ല എന്നും വരാം. എന്തുതന്നെ ആയാലും ആ ഒരു പ്രവർത്തി ചെയ്യുവാൻ കുട്ടിയെടുത്ത പരിശ്രമത്തെ അഭിനന്ദിക്കാം.
3. കുഞ്ഞുങ്ങളുടെ പ്രവർത്തിയെക്കുറിച്ച് ചർച്ച ചെയ്യാം; തിരുത്താം
നമ്മുടെ കുഞ്ഞുങ്ങൾ എന്തെങ്കിലുമൊരു നല്ല കാര്യം ചെയ്തിരിക്കാം. അത് കണ്ടിട്ടും, പിന്നീട് അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്ന ശീലം നമുക്ക് ഉപേക്ഷിക്കാം. ഒഴിവുസമയങ്ങളില്‍ കുഞ്ഞുങ്ങളോടൊപ്പം ആയിരിക്കുമ്പോൾ അവർ ചെയ്ത ആ പ്രവര്‍ത്തിയെക്കുറിച്ച് സംസാരിക്കുകയും അവരുടെ പാളിച്ചകൾ തിരുത്തിക്കൊടുക്കുകയും ചെയ്യാം. ഒപ്പം അവരുടെ മനസിലെ ആശയങ്ങൾക്ക് കൂടെ സ്ഥാനം നൽകണം.
4. അവരുടെ വികാരങ്ങളിൽ ഒപ്പം നിൽക്കാം
കുഞ്ഞുങ്ങൾ എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയതു. അത് ശരിയായാൽ അവർക്കു സന്തോഷവും ശരിയായില്ലെങ്കിൽ സങ്കടവും ഉണ്ടാകും, സ്വാഭാവികം തന്നെ. എന്നാൽ അവരുടെ വികാരം എന്തായാലും അതിനൊപ്പം നിൽക്കുവാൻ മാതാപിതാക്കൾക്കുക് കഴിയണം. സങ്കടത്തിൽ ആശ്വസിപ്പിക്കുവാനും കൂടുതൽ ഊർജ്ജം പകരുവാനും ശ്രദ്ധിക്കണം.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ നമ്മുടെ കുഞ്ഞുങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നല്കുവാനും അതുവഴി അവരെ ആത്മവിശ്വാസമുള്ളവരായി വളർത്തുവാനും നമുക്ക് കഴിയും.