കുരിശു ധരിച്ചു: ബുർക്കീനോ ഫാസോയിൽ നാല് ക്രിസ്ത്യാനികളെ തീവ്രവാദികൾ കൊലപ്പെടുത്തി 

വടക്കുകിഴക്കൻ ബുർക്കീനോ ഫാസോയിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം രൂക്ഷമാക്കി മുസ്ലിം തീവ്രവാദികൾ. കുരിശു ധരിച്ചു എന്നതിന്റെ പേരിൽ നാലു ഗ്രാമവാസികളായ ക്രിസ്ത്യാനികളെ തീവ്രവാദികൾ കൊലപ്പെടുത്തി. ജൂൺ 27 നു നടന്ന ഈ ആക്രമണത്തെ കുറിച്ച് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ആണ് പുറത്തു വിട്ടത്.

ഗ്രാമവാസികൾ ഒരുമിച്ചു കൂടിയിരുന്ന സമയമാണ് തീവ്രമുസ്ലിം വിശ്വാസികൾ അവിടേയ്ക്കു കടന്നു വരുന്നത്. പെട്ടന്ന് എല്ലാവരും ഭീതിയോടെ തലതാഴ്ത്തി. കുരിശു ധരിച്ച ഗ്രാമവാസികളെ കണ്ട ആക്രമണകാരികൾ രോഷാകുലരാവുകയും അവരെ ബന്ദികളാക്കി വധിക്കുകയുമായിരുന്നു. അതിനു ശേഷം അവിടെയുണ്ടായിരുന്ന ഗ്രാമവാസികളെ എല്ലാവരെയും ഭീഷണിപ്പെടുത്തി. ആരൊക്കെ ഇസ്ലാമിൽ വിശ്വസിക്കാതിരിക്കുന്നോ അവരൊക്കെ കൊല്ലപ്പെടും എന്ന് ഭീഷണി മുഴക്കിയാണ് തീവ്രവാദികൾ കടന്നു പോയത്.

രാജ്യത്തെ ക്രിസ്ത്യാനികൾ ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും പലപ്പോഴും ഇവിടുത്തെ ഭീകരാവസ്ഥ പുറം ലോകം അറിയുന്നില്ലെന്നും ബുർകിന ഫാസോയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഡോറി രൂപതയുടെ ബിഷപ്പ് ലോറന്റ് ബിർഫുറോ ഡാബിറ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയോട് വെളിപ്പെടുത്തി. ഈ വർഷം ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. 2019 -ൽ ബുർക്കീന ഫാസോയിൽ മാത്രം 20 തോളം ക്രിത്യാനികളാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. ഈ അവസ്ഥ തുടർന്നാൽ ഇവിടുത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ അതീവ ഭീകരമാകും എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.