
പുനരൈക്യ പ്രസ്ഥാനത്തിന്റെ ആരംഭദശയില്‍ പുതുതായി രൂപം പ്രാപിച്ച സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആത്മീക-ഭൗതിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ പുരോഹിതരോ സന്യസ്തരോ ഇല്ലാതിരുന്നതിനാല്‍ പുനരൈക്യ ശില്പിയും ദൈവദാസനുമായ മാര്‍ ഈവാനിയോസ് പിതാവ് ആലുവാ പൊന്തിഫിക്കല്‍ സെമിനാരി സന്ദര്‍ശിച്ചപ്പോള്‍ പ്രവിത്താനം സ്വദേശി ജോസഫ് കുഴിഞ്ഞാലില്‍ ശെമ്മാശ്ശാന്റെ ജ്വലിക്കുന്ന മിഷന്‍ തീക്ഷ്ണതയാല്‍ ആകര്‍ഷിക്കപ്പെട്ടു.
1933 ഡിസംബര്‍ 17-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ ജെയിംസ് കാളാശ്ശേരി പിതാവില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച നവവൈദികന്‍ ജോസഫ് കുഴിഞ്ഞാലിലച്ചനെ വന്ദ്യ മാര്‍ ഇവാനിയോസ് പിതാവ് തന്നെ സഹായിക്കുന്നതിനായി തിരുവനന്തപുരത്തേയ്ക്കു ക്ഷണിച്ചു. മിഷനറിയായി മാര്‍ ഇവാനിയോസ് പിതാവിനെ സഹായിക്കാന്‍ ഏറെ താല്പര്യമുണ്ടായിരുന്ന നവവൈദികന്‍, പ്രതിന്ധങ്ങളെല്ലാം തരണം ചെയ്ത് വന്ദ്യ കാളശ്ശേരി തിരുമേനിയില്‍ നിന്നും അനുവാദം വാങ്ങി 1934 ജൂണ്‍ 28-ന് തിരുവനന്തപുരത്തെത്തി.
നവവൈദികനെ മാര്‍ ഇവാനിയോസ് തിരുമേനി തെക്കന്‍ തിരുവിതാംകൂറിലെ വിശാലമായ ഹിന്ദു – നാടാര്‍ കേന്ദ്രമായ മാര്‍ത്താണ്ഡത്തേക്കയച്ചു. അരനൂറ്റാണ്ട് ദൈവപരിപാലനയിലാശ്രയിച്ച് ക്രിസ്തുവിന്റെ ആ മിഷനറി, ആ പ്രദേശം മുഴുവന്‍ ക്രിസ്തുരാജപുരമാക്കി മാറ്റി. മാര്‍ത്താണ്ഡത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരു ചെറുകുടിലില്‍ താമസമാക്കി. (3 രൂപാ വാടകയ്ക്കു ലഭിച്ചു)
1934 ജൂണ്‍ 30-ന് (ആ കുടിലില്‍ നിന്ന്) ജനമദ്ധ്യത്തിലേയ്ക്കിറങ്ങിയ ജോസഫ് കുഴിഞ്ഞാലിലച്ചന്‍ 16 പേരെ ഉപദേശികളായി തെരഞ്ഞെടുത്ത് അത്യാവശ്യ പരിശീലനം നല്‍കി തന്റെ സഹായത്തിനായി നിയോഗിച്ചു. നാട്ടുപ്രമാണികളുടെയും ഉപദേശിമാരുടെയും സഹായത്താല്‍ 1934 ജണ്‍ 30 മുതല്‍ 1936 വരെ ജോസഫ് കുഴിഞ്ഞാലിലച്ചന്‍ വളരെയേറെ ആളുകള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുകയും പനച്ചമൂട് വിമലപുരം, അമ്പിളികോണം, കിരാത്തൂര്‍, കുളപ്പുറം, കട്ടച്ചിവിള, വെട്ടുമണി, പാകോട്, മഞ്ചാലുംമൂട്, മാര്‍ത്താണ്ഡം, പാറശ്ശാല, ചെല്ലകോണം, അംശി എന്നിവിടങ്ങളില്‍ ഷെഡ്ഡുകള്‍ ഭാവിദേവാലയങ്ങള്‍ക്കായി പണികഴിപ്പിച്ച് ജനങ്ങളെ വിശ്വാസത്തിലുറപ്പിക്കുകയും വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും ജപമാലയും പഠിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
1938 മെയ് 8-ന് വന്ദ്യ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ആശീര്‍വാദത്തോടും അനുവാദത്തോടും കൂടെ സമര്‍പ്പണജീവിതത്തിനായി ആഗ്രഹിച്ചു കഴിഞ്ഞിരുന്ന തന്റെ ബന്ധുവായ ഏലിയാമ്മ കല്ലറയക്കല്‍, ആഗ്നസ് വടക്കന്‍ എന്നിവരോടൊപ്പം ബഥനിയില്‍ പരിശീലനത്തിലായിരുന്ന കൊച്ചുകാലായില്‍ ശോശാമ്മയെക്കൂടി വന്ദ്യപിതാവ് അയച്ചു. ഇവര്‍ മൂന്നു പേരെയും ചേര്‍ത്ത് മാര്‍ത്താണ്ഡത്ത് മേരീമക്കള്‍ മിഷനറി സന്യാസിനീ സമൂഹം ബഹുമാനപ്പെട്ട ജോസഫ് കുഴിഞ്ഞാലിലച്ചന്‍ തന്റെ മിഷന്‍ പ്രവര്‍ത്തനത്തിനു സഹായിക്കുവാനായി ആരംഭിച്ചു.
‘തെക്കന്‍ മിഷന്‍’ എന്ന മഹായജ്ഞത്തിനു കൂട്ടുചേരുന്നതിനും അതിന്റെ പുണ്യഫലങ്ങള്‍ മനുഷ്യസമൂഹങ്ങള്‍ക്ക് വ്യാപകമായി സംലഭ്യമാക്കുന്നതിനും ആ കര്‍മ്മയോഗി (മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍) കണ്ടുപിടിച്ച പ്രേഷിതസാധനയാണ് മേരീമക്കള്‍ സന്യാസ സമൂഹം എന്ന് പ്രഥമ കാതോലിക്കാബാവാ മോറാന്‍ മോര്‍ സിറില്‍ മാര്‍ ബസേലിയോസ് തിരുമേനി സാക്ഷിക്കുന്നു. തിരുവന്തപുരം ആര്‍ച്ചുബിഷപ്പായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ വാക്കുകളില്‍ പിതാവായ അബ്രാഹത്തിന്റെ വിശ്വാസവും വി. പൗലോസ് ശ്ലീഹായുടെ പ്രേഷിതചൈതന്യവും വി. വിന്‍സെന്റ് ഡി പോളിന്റെ സ്‌നേഹാര്‍ദ്രതയും ഈ ദൈവദാസനില്‍ ശോഭിച്ചിരുന്നു.
സമൂഹസ്ഥാപനത്തിനുശേഷം അച്ചന്‍ സ്ഥാപിച്ച മിഷനുകളാണ് ആറ്റൂര്‍ (1958) ഉണ്ണാമലക്കട (1960) സൂസൈപുരം (1963) പ്ലാങ്കാലാ (1971) തുടങ്ങിയവ. മാര്‍ത്താണ്ഡം രൂപതയ്ക്കും പാറശ്ശാല രൂപതയ്ക്കും അടിസ്ഥാനമായത് ജോസഫ് കുഴിഞ്ഞാലിലച്ചന്റെ ക്രിസ്തുരാജസ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന മിഷന്‍ പ്രവര്‍ത്തനമാണെന്നുള്ളത് നിസ്തര്‍ക്കമായ വസ്തുതയാണ്. കുഴിഞ്ഞാലിലച്ചന്‍ അതിരൂപതയ്ക്കുവേണ്ടി വാങ്ങിയ സ്ഥലമാണ് ഇപ്പോള്‍ മാര്‍ത്താണ്ഡം കത്തീഡ്രലും വൈദികമന്ദിരവും ഇരിക്കുന്ന സ്ഥലം.
കുഴിഞ്ഞാലില്‍ ജോസഫച്ചന്റെ ബഹുമുഖസേവനങ്ങളെ അംഗീകരിച്ച് പരിശുദ്ധ സിംഹാസനം അദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കുകയും 1978 ജനുവരി 27-ന് തിരുവനന്തപുരം പട്ടം കത്തീഡ്രലില്‍ വച്ച് അഭിവന്ദ്യ ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തുരുമേനി സ്ഥാനവസ്ത്രം നല്‍കി ആശീര്‍വദിക്കുകയും ചെയ്തു.
അദ്ദേഹം മാര്‍ത്താണ്ഡം ഇടവകയെ ക്രിസ്തുരാജനു സമര്‍പ്പിച്ചു. സ്‌നേഹരാജനായ ക്രിസ്തുവിനെ മനുഷ്യഹൃദയങ്ങളില്‍ കുടിയിരുത്തുക എന്നതായിരുന്ന അച്ചന്‍ ഏറ്റെടുത്ത മിഷനറി ദൗത്യം. അച്ചന്‍ പണിയിച്ച സ്‌ക്കൂള്‍, പ്രസ്സ്, തൊടുവെട്ടിയില്‍ പണിയിപ്പിച്ച് ഇന്നു രൂപതയുടെതായി നിലകൊള്ളുന്ന ബില്‍ഡിംഗ്‌സ്, എസ്റ്റേറ്റ്, വര്‍ക്‌ഷോപ്പ് എല്ലാറ്റിനും ക്രിസ്തുരാജന്റെ പേരു നല്‍കി. മാര്‍ത്താണ്ഡത്തെ മുഴുവന്‍ ക്രിസ്തുരാജപുരമാക്കി മാറ്റി. ക്രിസ്തുരാജന്റെ തിരുനാള്‍ പത്തു ദിനങ്ങള്‍ ഒരുമിച്ച് ഘോഷിച്ചിരുന്നു.
ആര്‍ഭാടം കൂടാതെ ജീവിച്ച് അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച ഒരു അതിശയ മനുഷ്യനാണ് മോണ്‍. ജോസഫ് കുഴിഞ്ഞാലിലച്ചന്‍. അദ്ദേഹത്തിന്റെ ജീവിതകേന്ദ്രം വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യഭക്തിയുമായിരുന്നു. തിരുഹൃദയഭക്തി, ദൈവമാതൃഭക്തി, വി. യൗസേപ്പിതാവിനോടുള്ള ഭക്തി ഇവ അച്ചനില്‍ നിറഞ്ഞുനിന്നു. തിരുസഭയുടെയും മലങ്കര സഭയുടെയും വിശ്വസ്തപുത്രനും ഭൃത്യനുമായിരുന്നു അദ്ദേഹം.
താന്‍ സ്ഥാപിച്ച സമൂഹത്തെ ഒരു മിഷനറി സമൂഹമായി തന്റെ ജീവിതത്തിലൂടെ മാതൃക നല്‍കി കെട്ടിപ്പടുത്തു. വിശുദ്ധ ബലി അര്‍പ്പിച്ചിട്ടു മരിക്കണമെന്ന അച്ചന്റെ ആഗ്രഹം, ഒന്നല്ല മൂന്നു ദിവ്യലികളര്‍പ്പിച്ചശേഷം രാത്രി വിശ്രമസമയത്ത് 1983 ആഗസ്റ്റ് 22 രാത്രി താന്‍ ആരെ മരണം വരെ സേവിച്ചുവോ ആ ക്രിസ്തുരാജന്‍ നിത്യസമ്മാനത്തിനായി, തന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി വര്‍ഷം സ്വര്‍ഗ്ഗത്തിലേയ്ക്കു കൊണ്ടുപോയി.
“ആകാശം ഇടിഞ്ഞു വീണാലും ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല’ എന്നു ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ദൈവപരിപാലനയുടെ പ്രവാചകന്‍ ഇന്നും അനേകരിലൂടെ ജീവിക്കുന്നു.”
മദര്‍ മേരി കല്ലറക്കല്‍ – മേരിമക്കള്‍ മിഷനറി സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപക
നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന് ദരിദ്രരെയും വികലാംഗരെയും കുരുടരെയും മുടന്തരെയും ഇവിടെ കൂട്ടികൊണ്ടുവരുക (ലൂക്കാ: 14/21).
1898 ഏപ്രില്‍ 17 -ാം തീയതി മദര്‍ മേരി (ഏലിയാമ്മ) പാലാ രൂപതയില്‍ പ്രവിത്താനം ഇടവകയില്‍ കല്ലറയ്ക്കല്‍ മിസ്റ്റര്‍ മാത്തന്റെയും ഏലിയാമ്മയുടെയും മകളായി ഒരു ധനിക കുടുംബത്തില്‍ പിറന്നു. ഹൈസ്‌ക്കൂള്‍ വിഭ്യാഭ്യാസത്തിനുശേഷം ആരാധനാമഠത്തില്‍ ഒരു അര്‍ത്ഥിനിയായി ചേര്‍ന്നെങ്കിലും, ക്ഷയരോഗ ആരംഭത്താല്‍ വീട്ടില്‍ ചികിത്സയ്ക്കായി തിരികെ അയച്ചു.
പ്രാര്‍ത്ഥനയുടെയും താപസികതയുടെയും ഒരു ജീവിതം നയിച്ചുകൊണ്ടിരുന്ന ഏലിയാമ്മയെ, ബന്ധുവായ ജോസഫ് കുഴിഞ്ഞാലിലച്ചന്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഒരു മിഷനറി സന്യാസിനീ സമൂഹം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഏലിയാമ്മ ഉടന്‍ തന്നെ, ജേഷ്ഠത്തിയുടെ മകള്‍, മിഷനറിയാകാന്‍ ആഗ്രഹിച്ചിരുന്ന വടക്കന്‍ മേരിയെയും (സി. ആഗ്നസ്) കൂട്ടി മാര്‍ത്താണ്ഡത്തേയ്ക്കു പോകുവാനായി തിരുവനന്തപുരത്തെത്തി. ഒരു മിഷനറി സമൂഹം തുടങ്ങുവാനനുവാദം നല്‍കിയ അഭിവന്ദ്യ മാര്‍ ഇവാനിയോസ് തിരുമേനി ഇവരെ സ്വീകരിച്ചു. നാലാഞ്ചിറ ബഥനി സന്യാസിനീ മഠത്തിലേയ്ക്കു കൊണ്ടുപോയി ഒരാഴ്ചക്കാലം ഭജനത്തിനായി അവിടെ താമസിപ്പിച്ചു. അവിടെ പരിശീലനത്തിലിരുന്ന കൊച്ചുകാലായില്‍ ശോശാമ്മയെ (സി. തെരസാ) കൂടി ഇവരുടെ കൂടെ മിഷനറി സന്യാസിനീ സമൂഹം തുടങ്ങുവാനായി ഒരാഴ്ച്ചക്കു ശേഷം മാര്‍ത്തണ്ഡത്തേയ്ക്കയച്ചു.
ബ. മദര്‍ ബാസിം SIC-യെ ഇവരുടെ പരിശീലന ചുമതല നല്‍കി, അവരുടെ കൂടെ മാര്‍ത്താണ്ഡത്തേയച്ചു. അങ്ങനെ 1938 മെയ് 8 -ാം തീയതി കന്യാകുമാരി ഡിസ്ട്രിക്ടില്‍ മാര്‍ത്താണ്ഡത്ത് വന്ദ്യ മോണ്‍. ജോസഫ് കുഴിഞ്ഞാലിലച്ചനാല്‍ മേരീമക്കള്‍ സന്യാസിനീ സമൂഹം സ്ഥാപിതമായി. സഹസ്ഥാപക ബ. മദര്‍ മേരി, ആദ്യ അംഗങ്ങള്‍ സി. ആഗ്നസ്, സി. തെരാസാ എന്നിവര്‍ 1940, ജൂണ്‍ 5-ന് ആദ്യവ്രത വാഗ്ദാനം ചെയ്ത് സന്യാസപ്രതിഷ്ഠ നടത്തി. 1940 മുതല്‍ 1959 വരെ സമൂഹത്തിന്റെ സുപ്പീര്യര്‍ ജനറലായിരുന്നു ബ. മദര്‍ മേരി കല്ലറയ്ക്കല്‍.
വിശുദ്ധ കുര്‍ബ്ബാനയുടെ മേരി എന്ന നാമം സ്വീകരിച്ച മദറിന് വിശുദ്ധ കുര്‍ബാനയോട് വലിയ ഭക്തിയും ആഴമായ വിശ്വാസവും അളവറ്റ സ്‌നേഹവും ഉണ്ടായിരുന്നു. നിരുപാധിക സമര്‍പ്പണത്തിലൂടെ ദൈവഹിതം പൂര്‍ണ്ണമായി നിറവേറ്റിയ പരിശുദ്ധ അമ്മയെ ഏറ്റം അടുത്തനുകരിച്ചിരുന്ന ഒരു മിഷനറിയായിരുന്നു മദര്‍. ഫ്രാന്‍സിസ്‌ക്കന്‍ ജീവിതശൈലി ജീവിക്കുവാനുള്ള പ്രചോദനം മദര്‍ മേരിയിലൂടെ സമൂഹാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. സഭയെ സ്‌നേഹിക്കുവാനും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊള്ളുവാനും യുവജനങ്ങളെ പരിശിലിപ്പിച്ചു. ജീവിതം മുഴുവനും പാവപ്പെട്ടവരോടൊത്തും പാവപ്പെട്ടവര്‍ക്കുമായിട്ടാണ് മദര്‍ ചെലവഴിച്ചത്. മിഷന്‍ തീക്ഷ്ണതയാല്‍ കത്തിജ്ജ്വലിച്ച മദര്‍ ആത്മാക്കളുടെ രക്ഷയിലുള്ള ശുഷ്‌കാന്തിയാല്‍ എരിഞ്ഞ് തന്നെത്തന്നെ വ്യയം ചെയ്യുന്നതിന് എപ്പോഴും ജാഗരൂകയായിരുന്നു.
സന്ധ്യാസമയങ്ങളില്‍ ഒരു റാന്തല്‍ വിളക്കും, മറുകയ്യില്‍ ജപമാലയുമേന്തി മാര്‍ത്താണ്ഡത്തും പരിസരത്തുമുള്ള ഓരോ ഭവനങ്ങളും കയറിയിറങ്ങി കുടുംബാംഗങ്ങളെ ഒരുമിപ്പിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിപ്പിക്കുന്നതിനും ദൈവവചനം പങ്കുവയ്ക്കുന്നതിനും അതീവ തീക്ഷ്ണത പുലര്‍ത്തിയിരുന്നു. അക്ഷരജ്ഞാനമില്ലാതിരുന്ന ദൈവജനത്തെ വചനസ്വീകരണത്തിന് പ്രാപ്തരാക്കുവാന്‍ മഠങ്ങളുടെ പാര്‍ലറില്‍ കുട്ടികളെ സംഘടിപ്പിച്ച് അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയിരുന്നു. അതോടൊപ്പം തന്നെ രോഗികളായവര്‍ക്ക് പ്രാഥമിക ശുശ്രൂഷയും നല്‍കി വന്നു. തുടര്‍ന്ന് പലയിടങ്ങളിലും സ്‌കൂളുകളും, അഞ്ചല്‍, പനച്ചമൂട് എന്നിവിടങ്ങളില്‍ ആശുപത്രിയും ആരംഭിച്ചു.
1962 -ല്‍ അനാഥരായ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി മാര്‍ത്താണ്ഡത്ത് ബാലഭവന്‍ ആരംഭിച്ചു. തുടര്‍ന്ന് വൃദ്ധമന്ദിരങ്ങള്‍, ബോയ്‌സ് ഹോം തുടങ്ങി ധാരാളം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. ക്രൂശിതന്റെ ജീവിതം ഏറ്റുവാങ്ങി കുരിശിന്റെ പാതയിലൂടെ ഈ നല്ല തീര്‍ത്ഥാടക സമൂഹത്തിന്റെ ശ്രേയസ്‌ക്കരമായ ഭാവിക്കും ജനകോടികളുടെ വിശുദ്ധീകരണത്തിനുമായി തന്റെ ജീവിതം ഹോമിച്ചു. മുള്ളരഞ്ഞാണം ഉപയോഗിക്കുകയും ചമ്മട്ടിയടിക്കുകയും കൂടാതെ തന്റെa അനാരോഗ്യവും ദിവ്യമണവാളനോടൊത്ത് തന്റെ ബലിജീവിതം പൂര്‍ത്തിയാക്കുവാന്‍ സഹായകമായി. 1985 ജൂലൈ 30-ന് സ്വര്‍ഗീയസമ്മാനത്തിനായി വിളിക്കപ്പെട്ടു.
മേരീമക്കള്‍ ഇന്ന്
186 ഭവനങ്ങളിലായി 907 അംഗങ്ങള്‍ ഈ സന്യാസിനീ സമൂഹത്തിലുണ്ട്. 22 ശുശ്രൂഷാകേന്ദ്രങ്ങളും 450 മിഷന്‍ സ്റ്റേഷനുകളും ഏഴോളം പ്രോവിന്‍സുകളും ഇവര്‍ക്കുണ്ട്.