ക്ഷമാശീലം അഭ്യസിക്കാം, ഈ മാര്‍ഗ്ഗങ്ങളിലൂടെ…

മറ്റുള്ളവരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുക

തന്നിലോ മറ്റുള്ളവരിലോ ഉള്ള കുറവുകള്‍ പരിഹരിക്കാന്‍ കഴിയാത്തപ്പോള്‍ ക്ഷമയോടെ സഹിക്കണം. ദൈവം മറ്റു വിധത്തില്‍ ക്രമീകരികുന്നതു വരെ നമ്മുടെ മേന്മയ്ക്കും ക്ഷമയ്ക്കും ഇത് കൂടുതല്‍ നല്ലതാണ്. ഇതു കൂടാതെ നമ്മുടെ സുകൃതങ്ങള്‍ക്ക് വിലയില്ല. ഇത്തരം പ്രതിസന്ധികളില്‍ നന്നായി വര്‍ത്തിക്കാനായി ദൈവസഹായം യാചിക്കണം.

ക്ഷമാശീലനാവുക

ഒന്നു – രണ്ടു തവണ പറഞ്ഞിട്ടും സഹകരിക്കുന്നില്ലെങ്കില്‍ അവനോട് മല്ലിടരുത്. എല്ലാം ദൈവത്തിന് ഏല്‍പിച്ചുകൊടുക്കുക. അവിടുത്തെ ഇഷ്ടം നിറവേറട്ടെ. അവിടുത്തെ എല്ലാ ദാസരിലും അവിടുന്ന് മഹത്വീകൃതനാകട്ടെ. തിന്മയില്‍ നിന്നും നന്മയുളവാക്കാന്‍ അവിടുത്തേക്ക് നന്നായി അറിയാം.

ഇതരരുടെ കുറവുകളും വീഴ്ചകളും വഹിക്കുന്നതില്‍ നാം ക്ഷമാശീലരായിരിക്കണം. മറ്റുള്ളവരെ സഹിക്കേണ്ടതായ നിരവധി കുറവുകള്‍ നമ്മിലുമുണ്ട്. നാം ആഗ്രഹിക്കുന്നതുപോലെ സ്വയം മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, മറ്റുള്ളവരെ മാറ്റാന്‍ കഴിയുമോ? മറ്റുള്ളവര്‍ പൂര്‍ണ്ണരാകുന്നത് നമുക്കിഷ്ടമാണ്. പക്ഷേ നമ്മുടെ കുറവുകള്‍ നാം പരിഹരിക്കാറില്ല.

അവരെയും നമ്മെയും തിരുത്തുക

മറ്റുള്ളവര്‍ കര്‍ശനമായി തിരുത്തപ്പെടണം; നമ്മെ തിരുത്താന്‍ നാം തയ്യാറുമല്ല. ഇതരര്‍ക്ക് വിശാലസ്വാതന്ത്ര്യമുള്ളത് നമുക്കിഷ്ടമല്ല. പക്ഷേ നമുക്ക് വേണ്ടതെല്ലാം കിട്ടിയിരിക്കണം. മറ്റുള്ളവരെ നിയമം വഴി നിയന്ത്രിക്കാന്‍ നാം ഇഷ്ടപ്പെടുന്നു. പക്ഷേ, നമുക്ക് നിയന്ത്രണങ്ങള്‍ വയ്ക്കുന്നത് ഹിതകരമല്ല. നമ്മെപ്പോലെയല്ല നമ്മുടെ അയല്‍ക്കാരെ പലപ്പോഴും നാം കാണുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. എല്ലാവരും പൂര്‍ണ്ണരാണെങ്കില്‍ ദൈവത്തെപ്രതി അവരില്‍ നിന്ന് സഹിക്കാന്‍ എന്താണുണ്ടാവുക.

കുറവില്ലാത്തവരായി ആരുമില്ല എന്ന് മനസിലാക്കുക

നാം പരസ്പരം ഭാരങ്ങള്‍ വഹിക്കണമെന്ന് (ഗലാ. 6:2) ദൈവം ആഗ്രഹിക്കുന്നു. ആരും കുറവുകള്‍ ഇല്ലാത്തവരും സ്വയം പര്യാപതരുമല്ല, തികഞ്ഞ ജ്ഞാനിയുമല്ല. നാം പരസ്പരം ഭാരം വഹിക്കണം. പരസ്പരം ആശ്വസിപ്പിക്കണം. അതുപോലെ പരസ്പരം സഹായിക്കണം ഉപദേശിക്കണം, തിരുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.