വന നശീകരണം എന്ന പാതകം: പാപ്പായുടെ അഭിമുഖം

വന നശീകരണം എന്നാല്‍ നരവംശഹത്യയാണെന്ന് മാര്‍പ്പാപ്പാ. ഇറ്റലിയിലെ ഒരു ദിനപത്രമായ “ല സ്താമ്പ”യ്ക്ക് (LA STAMPA) അനുവദിച്ച സുദീര്‍ഘമായ ഒരു അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ആമസോണ്‍ സംരക്ഷണത്തിന്‍റെ പ്രാധാന്യം അടിവരയിട്ടു കാട്ടിക്കൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്.

നാം ശ്വസിക്കുന്ന പ്രാണവായുവിന്‍റെ, അഥവാ ഓക്സിജന്‍റെ സിംഹഭാഗത്തിന്‍റെയും ഉറവിടം ആമസോണ്‍ പ്രദേശമാണെന്നും നമ്മുടെ ഭൂമിയുടെ അതിജീവനത്തില്‍ സമുദ്രങ്ങളോടൊപ്പം തന്നെ നിര്‍ണ്ണായകമായ ഒരു പങ്ക് ആമസോണ്‍ പ്രദേശത്തിനുണ്ടെന്നും ആ പ്രദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വത്തിക്കാനില്‍ ഇക്കൊല്ലം ഒക്ടോബര്‍ 6 മുതല്‍ 27 വരെ മെത്രാന്മാരുടെ സിനഡിന്‍റെ അസാധാരണ സമ്മേളനം നടക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി പാപ്പാ വിശദീകരിച്ചു.

ആമസോണ്‍ പ്രദേശം: സഭയ്ക്കും പരിസ്ഥിതി വിജ്ഞാനീയത്തിനും നൂതന സരണികള്‍” എന്നതാണ് ഈ സിനഡ് യോഗത്തിന്‍റെ വിചിന്തന പ്രമേയം. ആമസോണ്‍ പ്രദേശം എന്നുപറയുമ്പോള്‍ ഒരു രാഷ്ട്രമല്ല, 9 നാടുകള്‍ (ബ്രസീല്‍, ഇക്വദോര്‍, വെനെസ്വേല, സുറിനാം, പെറു, കൊളംബിയ, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന-Brazil, Ecuador, Venezuela, Suriname, Peru, Colombia, Bolivia, Guyana, and French Guiana) അടങ്ങിയിരിക്കുന്നു എന്നതും അനുസ്മരിക്കുന്ന പാപ്പാ ആമസോണ്‍ പ്രദേശത്തുള്ള ജൈവ വൈവിധ്യത്തിന്‍റെയും സസ്യജാലത്തിന്‍റെയും ജീവികളുടെയും സമ്പന്നതയെക്കുറിച്ചും വിസ്മയം കൊള്ളുന്നു.

എന്നാല്‍, തദ്ദേശ ആമോസോണ്‍ ജനതയ്ക്കും ആ പ്രദേശത്തിനും നേര്‍ക്ക് സമൂഹത്തിലെ പ്രബലശക്തികളുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാര്‍ത്ഥതാല്പര്യങ്ങളുടെ ഫലമായി ഉയരുന്ന ഭീഷണി ആ പ്രദേശത്തിന്‍റെ സംരക്ഷണത്തിന് പ്രതിബന്ധമായി ഭവിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ആകയാല്‍ സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന പ്രവണതയ്ക്കും അഴിമതിയുടെ വഴികള്‍ക്കും അറുതി വരുത്തുന്ന നയങ്ങള്‍ സ്വീകരിക്കപ്പെടേണ്ടതുണ്ടെന്നും സമൂര്‍ത്തമായ നടപടികള്‍ അവലംബിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.