രണ്ടാം വർഷവും ഫ്രാൻസിസ് പാപ്പാ ദൈവകാരുണ്യത്തിന്റെ ഞായർ വത്തിക്കാന് പുറത്ത് ആചരിക്കും

ദൈവകരുണയുടെ തിരുനാൾ ദിനമായ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ വിശുദ്ധ ബലി അർപ്പിക്കും. പൊതുജന പങ്കാളിത്തം ഒഴിവാക്കിയായിരിക്കും പ്രാദേശിക സമയം രാവിലെ 10.30 -ന് വിശുദ്ധ കുർബാന നടക്കുക. തുടർച്ചയായ രണ്ടാം വർഷമാണ് പാപ്പാ ദൈവകരുണയുടെ ഞായർ വത്തിക്കാന് പുറത്ത് ആചരിക്കുന്നത്.

ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രമായി വിശുദ്ധ ജോൺ പോൾ മാർപാപ്പയാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. 1995 -ലെ ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദർശിച്ചിരുന്നു. വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന ‘ദി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി’ സന്യാസിനി സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാർത്ഥനകൾക്കും, വിവിധ ശുശ്രൂഷകൾക്കും ക്രമീകരണം നടത്തുന്നത്.

തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. റോമിന്റെ ഔദ്യോഗിക ദൈവകരുണയുടെ ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.