പ്രാർത്ഥനാ ജീവിതത്തിൽ വളരുവാൻ സഹായിക്കുന്ന ഏഴ് കാര്യങ്ങൾ

പ്രാർത്ഥനാ ജീവിതത്തിൽ വളരുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ അതിനുള്ള പരിശ്രമങ്ങളും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പ്രാർത്ഥന വെറും കടമ തീർക്കൽ മാത്രമാണോ, അതോ അത് ദൈവത്തോട് കൂടെ ആയിരിക്കുന്ന അവസ്ഥയാണോ? ഇത്തരമൊരു സ്വയം പരിശോധനയിൽ നിന്നുമാണ് നമ്മുടെ പ്രാർത്ഥനാ ജീവിതത്തിന്റെ വളർച്ച ആരംഭിക്കേണ്ടത്. പ്രാർത്ഥനാ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതും വളർത്തേണ്ടതുമായ ചില കാര്യങ്ങൾ ഏവയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ദൈവവുമായി സന്തോഷം പങ്കിടുക

പ്രാർത്ഥനാ ജീവിതത്തിൽ വളരേണ്ടത് സ്വന്തം ആവശ്യമായി അംഗീകരിക്കുക. അതിനായി ആഗ്രഹിക്കുക എന്നതാണ് ആദ്യത്തെ പടി. ദൈവത്തോടൊപ്പം ആയിരിക്കുന്ന സമയം ചിലപ്പോൾ വിരസത അനുഭവപ്പെടാം. എന്നിരുന്നാലും നാം ദൈവത്തോട് കൂടെ ആയിരിക്കുവാൻ താത്പര്യപ്പെടുക. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഇറങ്ങുന്ന ഒരു വ്യക്തി ബന്ധം അവിടുത്തോട് പുലർത്തുക.

2. ദൈവത്തിൽ നിന്നും ആരംഭിക്കട്ടെ

എല്ലാം ദൈവത്തിൽ നിന്നും ആരംഭിക്കട്ടെ. ശൂന്യമായി, ദൈവത്താൽ നിറയപ്പെടുന്നതിനായി വിട്ടു കൊടുക്കുന്ന ഒരു മനസാണ് ആവശ്യം. നമ്മുടെ പദ്ധതികളും പ്രതീക്ഷകളും ദൈവത്തിന് നൽകുക. അവിടുന്ന് എല്ലാം ശുഭമായി പരിണമിപ്പിക്കും.

3. നിശബ്ദത അഭ്യസിക്കുക

നിശ്ശബ്‌ദത അഭ്യസിക്കുക എന്നാൽ ദൈവത്തിനായി സമയം മാറ്റി വെക്കുക എന്നർത്ഥം. ബഹളത്തിലോ ആകുലതകളിലോ അല്ല ദൈവം സംസാരിക്കുന്നത്. നിശ്ശബ്ദതയിലാണ്. നമ്മുടെ പ്രയാസങ്ങളിൽ ദൈവത്തോട് സംസാരിക്കാം. ഒരു സുഹൃത്തിനോടെന്നപോലെ ദൈവത്തോട് സംസാരിക്കാനും ഒപ്പം ദൈവത്തിന്റെ സമയത്തിനായി നിശബ്‌ദനാകാനും നമുക്ക് സാധിക്കണം.

4. ആത്മവിശ്വാസം ഉണ്ടായിരിക്കണം

പരിശുദ്ധാത്മാവാണ് നമ്മെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ സ്വന്തമായ കഴിവിൽ ആശ്രയിക്കാതെ ദൈവത്തിനായി നമ്മുടെ ആത്മീയ ജീവിതത്തെ വിട്ടു കൊടുക്കുക. ദൈവത്തിന്റെ കരുണയും സ്നേഹവും നമ്മിൽ ഉണ്ടെന്ന് ഉറപ്പായി വിശ്വസിക്കുക. ദൈവം നമ്മെ നോക്കിക്കൊള്ളും എന്ന ആത്മവിശ്വാസം നമ്മെ ഭരിക്കട്ടെ.

5. ദൈവത്തിലേക്ക് വളരുവാനുള്ള പരിശ്രമം

ദൈവത്തിലേക്ക് കൂടുതലായി വളരുവാനുള്ള പരിശ്രമം വളർത്തിയെടുക്കുക. അകന്നു പോയെങ്കിൽ മാറ്റം വരുത്തേണ്ടവയെ തിരിച്ചറിയുക. നിരന്തരമുള്ള ശ്രമം തുടരുക. ദൈവത്തിന്റെ മുൻപിൽ നാം ബലഹീനരാണെന്ന തിരിച്ചറിവോടെ അതിനായി പരിശ്രമിക്കുകയും എളിമയുള്ള മനോഭാവം നമ്മിൽ വളരുകയും ചെയ്യട്ടെ.

6. പ്രാർത്ഥനയ്ക്കായി ഒരു സജ്ജീകരണം വീട്ടിൽ ക്രമപ്പെടുത്തുക

പ്രാർത്ഥനയ്ക്കായിട്ടുള്ള ഒരു ഒരുക്കവും സജ്ജീകരണവും വീട്ടിൽ രൂപപ്പെടുത്തുക. പ്രാർത്ഥനയിൽ നമ്മുടെ സുഹൃത്തുക്കളെയും ഭാഗഭാക്കുക. ഇതിലൂടെ ജീവിതത്തിൽ നാം ദൈവത്തിനായി മാറ്റി വെച്ചിരിക്കുന്ന സമയവും സ്ഥലവും അവിടുത്തോടുള്ള നമ്മുടെ സ്നേഹവുമാണ് മറ്റുള്ളവർക്ക് മുന്നിൽ നാം വെളിപ്പെടുന്നത്.

7. ധ്യാനത്തിൽ സംബന്ധിക്കുക

വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരു ധ്യാനത്തിൽ സംബന്ധിച്ച് ഒരുങ്ങുന്നത് നമ്മുടെ ആത്മീയ ജീവിതത്തിൽ വളരുന്നതിന് വളരെ സഹായകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.