അമലോത്ഭവ മാതാവിന്റെ തിരുനാളിനായി ഒരുങ്ങാൻ ഏതാനും മാർഗ്ഗങ്ങൾ ഇതാ

പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനായി ഏറെ പ്രാർത്ഥനയോടെ ഒരുങ്ങുന്ന ദിവസങ്ങളാണ് ഇത്. ദൈവപുത്രന്റെ മാതാവാകുവാൻ ദൈവം ആദിയിലെ തിരഞ്ഞെടുത്ത, കറകൂടാതെ ജനിച്ച പരിശുദ്ധ അമ്മയുടെ തിരുനാൾ ആണ് ഡിസംബർ എട്ടാം തിയതി.  ഈ ദിവസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റുമായി ആത്മീയമായി ഒരുങ്ങുന്ന ധാരാളം ആളുകൾ ഉണ്ട്. ഇതിനു ഒപ്പം തന്നെ പരിശുദ്ധ അമ്മയുടെ ചിന്തകൾ മനസ്സിൽ നിറയ്ക്കാൻ ഏതാനും മാർഗ്ഗങ്ങൾ ഇതാ:

1. പരിശുദ്ധ അമ്മയുടെ മാതാപിതാക്കളുടെ മാധ്യസ്ഥ്യം തേടാം

പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ വിശുദ്ധ അന്നയേയും യോവാക്കിമിനെയും ഓർമിക്കാം. പരിശുദ്ധ അമ്മയുടെ വിശുദ്ധരായ മാതാപിതാക്കളോട് ജീവിതത്തിൽ വിശുദ്ധിയോടെ ആയിരിക്കുവാനും വിശുദ്ധരായ മക്കൾക്ക് ജന്മം നൽകുവാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

2. മാമ്മോദീസായിലൂടെ സഭയിൽ അംഗമായത് നന്ദിയോടെ ഓർക്കുക

മാമ്മോദീസയിലൂടെ ജന്മപാപം തുടച്ചു നീക്കപ്പെടുവാൻ അവസരം ലഭിച്ചതിനെ നന്ദിയോടെ ഓർക്കുക. നിങ്ങളെ വിളിച്ച ദൈവത്തിനു നന്ദി പറയുകയും ആ ദൈവത്തിന്റെ ഹിതത്തിനു അനുസരിച്ചാണോ നിങ്ങൾ ജീവിക്കുന്നത് എന്ന് ആത്മശോധന ചെയ്യുകയും ചെയ്യുക. മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ച കൃപ നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം.

3. ആത്മാവിനെ ശുദ്ധീകരിക്കാൻ

ഏറ്റവും നിർമ്മലയായ പരിശുദ്ധ അമ്മയുടെ തിരുന്നാളിനായി ഒരുങ്ങുമ്പോൾ നമ്മുടെ ഉള്ളിലും കളങ്കമുണ്ടാകാതിരിക്കണം. അതിനായി ആത്മാവിനെ ശുദ്ധീകരിക്കാം. സമയമെടുത്ത് ആത്മശോധന ചെയ്തതിനു ശേഷം നല്ലൊരു കുമ്പസാരം നടത്തുക. നല്ല കുമ്പസാരം നമ്മെ വിശുദ്ധിയിലേക്ക് നയിക്കുക മാത്രമല്ല പരിശുദ്ധ അമ്മയുടെ സഹായത്താൽ ഉണ്ണീശോയുടെ ജനനത്തിനായി ഒരുങ്ങുക കൂടിയാണ് അപ്പോൾ ചെയ്യുക.

4. മനസും ഹൃദയവും ശുദ്ധീകരിക്കാം

നല്ല കുമ്പസാരത്തിനു ശേഷം നമ്മുടെ ചിന്തകളും വികാര വിചാരങ്ങളും നല്ലതാകണം. അതിനു നല്ല വായനയും നന്മ പ്രവർത്തികളും സഹായിക്കും. നമ്മുടെ ശരീരവും ഹൃദയവും മനസും ശുദ്ധിയായിരിക്കുമ്പോൾ നാം ദൈവത്തിന്റെ ആലയമായി മാറും. ദൈവ പുത്രനെ ഉള്ളിൽ വഹിച്ച പരിശുദ്ധ അമ്മ ദൈവാലയമായി മാറുകയായിരുന്നു. ചിന്തയിലും വാക്കിലും പ്രവർത്തിയിലും നല്ലതും ദൈവികമായതും വരുത്തി കൊണ്ട് മാതാവിന്റെ അമലോത്ഭവത്തിരുന്നാളിനായി ഒരുങ്ങാം.

5. ജപമാല ചൊല്ലാം

അമലോത്ഭവ തിരുന്നാളിനായി ഒരുങ്ങുമ്പോൾ ജപമാല പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കാം. ഓരോ ജപമണികളിലൂടെയും മുന്നോട്ട് പോകുമ്പോൾ പരിശുദ്ധ അമ്മയുടെ ജീവിതത്തെ കുറിച്ച് ധ്യാനിക്കാം. അമ്മയെ പോലെ ദൈവഹിതം നിറവേറ്റാൻ ഉള്ള കൃപയ്ക്കായി യാചിക്കാം.

6. മാതാവിന്റെ അത്ഭുത കാശുരൂപം ധരിക്കാം

മാതാവിന്റെ അത്ഭുത കാശുരൂപം നമുക്ക് നൽകുന്ന സംരക്ഷണം വളരെ വലുതാണ്. പല പ്രതിസന്ധികളിൽ നിന്നും അപകടങ്ങളിൽ നിന്നും അത് നമ്മെ രക്ഷിക്കും. ഈ അത്ഭുത കാശുരൂപം ധരിക്കുകയും മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്യുക. ഇത് പരിശുദ്ധ അമ്മയെ കുറിച്ചുള്ള ഓർമ്മകളും അമ്മയുടെ മാധ്യസ്ഥ്യത്തിന്റെ ശക്തിയും നിരന്തരം നമ്മെ ഓർമിപ്പിക്കും.

7. മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ ധ്യാനിക്കാം

നിരവധി സ്ഥലങ്ങളിൽ പലർക്കായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഈ പ്രത്യക്ഷപ്പെടലുകളും അപ്പോൾ നൽകിയിട്ടുള്ള സന്ദേശങ്ങളും ഒരിക്കൽ കൂടെ കണ്ടെത്തി വായിക്കാം. ഒപ്പം മാതാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യാം. ഒപ്പം വായിച്ചറിയുന്നവ മക്കൾക്കും പേരക്കുട്ടികൾക്കുമായി പറഞ്ഞു കൊടുക്കാം. അത് ഒരാളിൽ മാത്രമല്ല ഒരു കുടുംബം മുഴുവൻ മരിയ ഭക്തിയിൽ നിറയുന്നതിനു കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ