അമലോത്ഭവ മാതാവിന്റെ തിരുനാളിനായി ഒരുങ്ങാൻ ഏതാനും മാർഗ്ഗങ്ങൾ ഇതാ

ദൈവപുത്രന്റെ മാതാവാകാൻ ദൈവം ആദിയിലെ തിരഞ്ഞെടുത്ത, കറ കൂടാതെ ജനിച്ച പരിശുദ്ധ അമ്മയുടെ തിരുനാളാണ് ഡിസംബർ എട്ട്. ഈ ദിവസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റുമായി ആത്മീയമായി ഒരുങ്ങുന്ന ധാരാളം ആളുകളുണ്ട്. ഇതിനൊപ്പം തന്നെ പരിശുദ്ധ അമ്മയുടെ ചിന്തകൾ മനസ്സിൽ നിറയ്ക്കാൻ ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. പരിശുദ്ധ അമ്മയുടെ മാതാപിതാക്കളുടെ മാദ്ധ്യസ്ഥ്യം തേടാം

പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ വി. അന്നയെയും യോവാക്കിമിനെയും ഓർമ്മിക്കാം. പരിശുദ്ധ അമ്മയുടെ വിശുദ്ധരായ മാതാപിതാക്കളോട്, ജീവിതത്തിൽ വിശുദ്ധിയോടെ ആയിരിക്കാനും വിശുദ്ധരായ മക്കൾക്ക് ജന്മം നൽകാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

2. മാമ്മോദീസായിലൂടെ സഭയിൽ അംഗമായത് നന്ദിയോടെ ഓർക്കുക

മാമ്മോദീസയിലൂടെ ജന്മപാപം തുടച്ചുനീക്കപ്പെടാൻ അവസരം ലഭിച്ചതിനെ നന്ദിയോടെ ഓർക്കുക. നിങ്ങളെ വിളിച്ച ദൈവത്തിനു നന്ദി പറയുകയും ആ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചാണോ നിങ്ങൾ ജീവിക്കുന്നത് എന്ന് ആത്മശോധന ചെയ്യുകയും ചെയ്യുക. മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ച കൃപ നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം.

3. ആത്മാവിനെ ശുദ്ധീകരിക്കാൻ

ഏറ്റവും നിർമ്മലയായ പരിശുദ്ധ അമ്മയുടെ തിരുനാളിനായി ഒരുങ്ങുമ്പോൾ നമ്മുടെ ഉള്ളിലും കളങ്കമുണ്ടാകാതിരിക്കണം. അതിനായി ആത്മാവിനെ ശുദ്ധീകരിക്കാം. സമയമെടുത്ത് ആത്മശോധന ചെയ്തതിനു ശേഷം നല്ലൊരു കുമ്പസാരം നടത്തുക. നല്ല കുമ്പസാരം നമ്മെ വിശുദ്ധിയിലേക്കു നയിക്കുക മാത്രമല്ല, പരിശുദ്ധ അമ്മയുടെ സഹായത്താൽ ഉണ്ണീശോയുടെ ജനനത്തിനായി ഒരുങ്ങുക കൂടിയാണ് അപ്പോൾ ചെയ്യുക.

4. മനസും ഹൃദയവും ശുദ്ധീകരിക്കാം

നല്ല കുമ്പസാരത്തിനു ശേഷം നമ്മുടെ ചിന്തകളും വികാരവിചാരങ്ങളും നല്ലതാകണം. അതിന് നല്ല വായനയും നന്മപ്രവർത്തികളും സഹായിക്കും. നമ്മുടെ ശരീരവും ഹൃദയവും മനസും ശുദ്ധിയായിരിക്കുമ്പോൾ നാം ദൈവത്തിന്റെ ആലയമായി മാറും. ദൈവപുത്രനെ ഉള്ളിൽ വഹിച്ച പരിശുദ്ധ അമ്മ ദൈവാലയമായി മാറുകയായിരുന്നു. ചിന്തയിലും വാക്കിലും പ്രവർത്തിയിലും നല്ലതും ദൈവികമായതും വരുത്തിക്കൊണ്ട് മാതാവിന്റെ അമലോത്ഭവ തിരുനാളിനായി ഒരുങ്ങാം.

5. ജപമാല ചൊല്ലാം

അമലോത്ഭവ തിരുനാളിനായി ഒരുങ്ങുമ്പോൾ ജപമാല പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കാം. ഓരോ ജപമണികളിലൂടെയും മുന്നോട്ട് പോകുമ്പോൾ പരിശുദ്ധ അമ്മയുടെ ജീവിതത്തെക്കുറിച്ച് ധ്യാനിക്കാം. അമ്മയെപ്പോലെ ദൈവഹിതം നിറവേറ്റാനുള്ള കൃപക്കായി യാചിക്കാം.

6. മാതാവിന്റെ അത്ഭുത കാശുരൂപം ധരിക്കാം

മാതാവിന്റെ അത്ഭുത കാശുരൂപം നമുക്ക് നൽകുന്ന സംരക്ഷണം വളരെ വലുതാണ്. പല പ്രതിസന്ധികളിൽ നിന്നും അപകടങ്ങളിൽ നിന്നും അത് നമ്മെ രക്ഷിക്കും. ഈ അത്ഭുത കാശുരൂപം ധരിക്കുകയും മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്യുക. ഇത് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഓർമ്മകളും അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന്റെ ശക്തിയും നിരന്തരം നമ്മെ ഓർമിപ്പിക്കും.

7. മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ ധ്യാനിക്കാം

നിരവധി സ്ഥലങ്ങളിൽ പലർക്കായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഈ പ്രത്യക്ഷപ്പെടലുകളും അപ്പോൾ നൽകിയിട്ടുള്ള സന്ദേശങ്ങളും ഒരിക്കൽക്കൂടി കണ്ടെത്തി വായിക്കാം. ഒപ്പം മാതാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യാം. ഒപ്പം, വായിച്ചറിയുന്നവ മക്കൾക്കും പേരക്കുട്ടികൾക്കുമായി പറഞ്ഞുകൊടുക്കാം. അത് ഒരാളിൽ മാത്രമല്ല ഒരു കുടുംബം മുഴുവൻ മരിയഭക്തിയിൽ നിറയുന്നതിനു കാരണമാകും.