ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയുടെ ബിരുദ സ്വപ്നത്തിനായി കൈകോർത്ത് കത്തോലിക്കാ സ്‌കൂൾ

ബിരുദ സർട്ടിഫിക്കറ്റുമായി അബിഗെയ്ൽ എന്ന പെൺകുട്ടി എല്ലാവരുടെയും മുൻപിൽ നിൽക്കുമ്പോൾ സഹപാഠികൾക്കും കൂട്ടുകാർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. കാരണം അവരുടെ അബി വളരെയധികം പ്രത്യേകതകളുള്ള ഒരു കുട്ടിയാണ്. ഡൗൺ സിൻഡ്രോം ബാധിക്കപ്പെട്ടിട്ടും പഠിച്ച് ബിരുദം നേടിയവൾ. അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ വർഷങ്ങൾക്ക് മുൻപ് അവൾ വന്നു ചേർന്നപ്പോൾ മുതൽ അതൊരു “സ്പെഷ്യൽ” സ്‌കൂളായി മാറ്റപ്പെടുകയായിരുന്നു. കാരണം അവിടെയുണ്ടായിരുന്ന മറ്റുകുട്ടികളെല്ലാം സാധാരണ ബൗദ്ധിക നിലവാരത്തിലുള്ളവരായിരുന്നു.

ഒരു കത്തോലിക്കാ സ്‌കൂളിൽ തന്നെ തന്റെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് അബിയുടെ അമ്മ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അവർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ എത്തിച്ചേരുന്നത്. “എന്നാൽ എത്രത്തോളം വിജയകരമാകുമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമോ എന്ന് പോലും ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ അവൾ ഞങ്ങളിൽ നിന്ന് പഠിച്ചതിനേക്കാൾ കൂടുതൽകാര്യങ്ങൾ ഞങ്ങൾ അവളിൽ നിന്ന് സ്വീകരിച്ചു,” സ്‌കൂളിന്റെ പാസ്റ്റർ ആയ ഫാ. പീറ്റർ ഗോറി പറഞ്ഞു.” എല്ലാ വർഷവും, എല്ലാ ദിവസവും സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ അബി ഉണ്ടായിരുന്നത് സന്തോഷവും അനുഗ്രഹവും ആയിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂളിൽ നിന്ന് പഠിച്ച് ബിരുദം നേടുന്ന ആദ്യത്തെ ഡൗൺ സിൻഡ്രോം ബാധിതയായ വിദ്യാർത്ഥിയായി അബി മാറിയതിൽ അധ്യാപകരുടെയും സഹപാഠികളുടെയും മാതാപിതാക്കളുടെയും സർവ്വോപരി ദൈവത്തിന്റെയും പ്രത്യേക കരുതലുണ്ടെന്നുള്ളതിൽ സംശയമില്ല.

“അബിയുടെ നേട്ടം വളരെ ശ്രദ്ധേയമാണ്. അബിയെ വിദ്യാർത്ഥിയായി ലഭിച്ചതിലൂടെ സ്‌കൂളിലും സമൂഹത്തിലും അവൾ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അവളെ ഒരു സഹപാഠിയായും വിദ്യാർത്ഥിയായും ലഭിച്ചതിലൂടെ എല്ലാവരും അനുഗ്രഹിക്കപ്പെടുകയാണ് ചെയ്തത്,” ബോസ്റ്റൺ രൂപതയുടെ വിദ്യാഭ്യാസ വിഭാഗത്തിന്റെ സൂപ്രണ്ടന്റ് ആയ തോമസ് കരോൾ പറഞ്ഞു. ഡൌൺ സിൻഡ്രോം ഉള്ള വിദ്യാർത്ഥിയെ സ്വീകരിച്ച രൂപതയിലെ ആദ്യത്തെ സ്‌കൂളാണ് സെന്റ് അഗസ്റ്റിൻസ്.

അബിഗെയ്‌ലിന്റെ വിജയം വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു. എങ്കിലും അതിനു ലഭിച്ച പ്രതിഫലം ആ വെല്ലുവിളികളെ വിലമതിക്കുന്ന രീതിയിലുള്ള ഒന്നായിരുന്നു. ഈ മാതാപിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും ഈ മാതൃക ഇത്തരം വൈകല്യങ്ങളുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും പ്രതീക്ഷയുമാകുമെന്നതിൽ സംശയമില്ല.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.