അക്രമണത്തിനിരയായ ജനങ്ങളെ സഹായിക്കുവാൻ നോമ്പുകാലം പ്രയോജനപ്പെടുത്തുക: കോംഗോ ബിഷപ്പ്

കിഴക്കൻ കോംഗോയിലും ഇറ്റൂരിയുടെ സമീപ പ്രദേശങ്ങളിലും ദൈവാലയങ്ങളിലും നടന്ന ആക്രമണ പരമ്പരകളിൽ നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് കോംഗോ ബിഷപ്പ് മെൽക്കിസദേക്ക് സിക്കുളി. ആക്രമണത്തിനിരയായ ജനങ്ങളെ സഹായിക്കുവാൻ നോമ്പുകാലം പ്രയോജനപ്പെടുത്തുവാൻ വിശ്വാസികളോട് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഞായറാഴ്ച ദൈവാലയ ശുശ്രൂഷയ്ക്കിടെ കോംഗോയിലെ ഒരു ദൈവാലയത്തിൽ അക്രമികൾ അതിക്രമിച്ചു കടക്കുകയും 30 പേരെ വകവരുത്തുകയും ചെയ്തിരുന്നു. വര്‍ദ്ധിച്ചു വരുന്ന അരക്ഷിതാവസ്ഥ മറ്റു പ്രതികൂല സാഹചര്യങ്ങളുമായി ചേർന്ന് ജനങ്ങളിൽ കൂടുതൽ നിരാശാജനകമായ മനോഭാവം സൃഷ്ടിക്കുന്നതിനാൽ പലായനം ചെയ്യുന്ന ജനതയ്ക്ക് ആവശ്യമായ സഹായങ്ങളെങ്കിലും ഈ നോമ്പുകാലത്ത് നൽകുവാൻ മറ്റുള്ളവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനേകം അനാഥരെയും വിധവകളെയും സംരക്ഷിക്കേണ്ട സമയമാണിത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും ഈ ക്രൂരമായ അതിക്രമങ്ങൾ അവസാനിക്കുന്നതുവരെ അവർക്കായി അണിചേരണമെന്നു ബിഷപ്പ് സിക്കുളി പറഞ്ഞു. കോംഗോയിലെ 67.5 ദശലക്ഷം നിവാസികളിൽ മൂന്നിൽ രണ്ടുഭാഗവും കത്തോലിക്കാ വിശ്വാസികളാണ്. നിരന്തരമായ ആക്രമണങ്ങളെ തുടർന്ന് ദശലക്ഷം ആളുകളാണ് പലായനം ചെയ്തതെന്ന് 2020 -ലെ യു എന്നിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.