മറ്റുള്ളവരോടും നമ്മോടു തന്നെയും ക്ഷമിക്കാൻ നാലു വഴികൾ

‘ക്ഷമ’ എന്നത് വാക്കുകൾ കൊണ്ട് പറയാൻ വളരെ എളുപ്പമാണ്. എന്നാലത് കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും സമാധാനത്തോടെ ആയിരിക്കാൻ അത്യന്താപേക്ഷിതമായ ഒരു ഘടകവുമാണ്‌. അനുരഞ്ജനത്തിലേക്കു നയിക്കുന്ന വാക്കുകളും സംസാരവും ക്ഷമയിലേക്ക് നമ്മെ നയിക്കും. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും ഒരു വ്യക്തി എങ്ങനെ വളരണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം…

1. ആദ്യം സ്വയം ക്ഷമിക്കുക

സ്വയം ക്ഷമിക്കുക എന്നത് ലളിതമോ, എളുപ്പമോ അല്ല. പക്ഷേ, സ്നേഹിക്കുക എന്നത് ഒരു കൽപനയാണ്. ക്ഷമിക്കാതെ സ്നേഹം ഉണ്ടാകില്ല. ദൈവത്തെയും നമ്മുടെ സഹോദരീസഹോദരന്മാരെയും സ്നേഹിക്കുന്നതിനെക്കുറിച്ച്‌ നാം ചിന്തിക്കാറുണ്ട്. പക്ഷേ, നമ്മെത്തന്നെ സ്നേഹിക്കുന്നതിനെക്കുറിച്ച് പലപ്പോഴും നാം മറക്കുന്നു. തെറ്റിനെക്കുറിച്ചുള്ള ആശങ്കയിൽപെട്ട് ജീവിക്കുന്നവരാണ് നാം. ആദ്യം സ്വയം നമ്മെത്തന്നെ സ്നേഹിക്കാനും സ്വയം ക്ഷമിക്കാനും ആരംഭിക്കുക.

2. ക്ഷമയും മറവിയും തമ്മിൽ വ്യത്യാസമുണ്ട്

ഒരു കാര്യം ക്ഷമിച്ചിട്ടില്ലെങ്കിലും മറന്നുപോയാൽ അതിനെ ക്ഷമിച്ചു എന്നു പറയാൻ സാധിക്കുകയില്ല. ക്ഷമയും മറവിയും രണ്ട് കാര്യങ്ങളാണ്. പാപമോചനത്തിന്റെ പാത സത്യത്തിന്റെ പാതയാണ്. ക്ഷമിക്കുക എന്നത് വേദന നിറഞ്ഞ ഒരു പ്രക്രിയ ആണ്. എന്നാൽ, ഒരാളോട് പൂർണ്ണമായും ക്ഷമിച്ചു കഴിയുമ്പോൾ മാനസികമായി വലിയ സ്വാതന്ത്ര്യം ലഭിക്കും.

3. ക്ഷമിക്കാനുള്ള താല്‍പര്യം ശുദ്ധമാണെന്ന് ഉറപ്പാക്കുക

കപട ക്ഷമയും യഥാർത്ഥ ക്ഷമയും എങ്ങനെ മനസിലാക്കാം. അതിന് നമ്മോടു തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതാണ്.

ഞാൻ ക്ഷമിക്കാൻ തയ്യാറാണോ? എന്റെ ക്ഷമയുടെ ലക്ഷ്യം മറ്റുള്ളവരെ വളരാൻ സഹായിക്കുന്നതാണോ? ക്ഷമ ചോദിക്കുന്നതിനു മുമ്പ് ഞാൻ ക്ഷമിക്കാൻ തയ്യാറാണോ? കാരണം, സ്വാർത്ഥതാല്‍പര്യത്തിനു വേണ്ടി ക്ഷമയുടെ മനോഭാവവും ആഗ്രഹവും പ്രകടിപ്പിക്കുന്നതല്ല യഥാർത്ഥ ക്ഷമ എന്ന് മനസിലാക്കുക.

4. ക്ഷമ ലഭിക്കാനായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക

ക്ഷമിക്കുമ്പോൾ ലഭിക്കുന്ന സമാധാനം നമ്മുടെ മനസ്സിനെ സുഖപ്പെടുത്തും. ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമുക്ക് വഴി കാണിച്ചുതരും. ക്ഷമിക്കാൻ ഈശോ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. നാം ക്ഷമിക്കേണ്ട എല്ലാ സാഹചര്യങ്ങളും ഓർമ്മിപ്പിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. ക്ഷമിക്കാനുള്ള കൃപക്കായി മനസു കൊണ്ട് ആഗ്രഹിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.