മാർപാപ്പ ക്രിസ്തുമസ് ആശംസ നേർന്നപ്പോൾ പിറന്നാൾ ആശംസ നേർന്ന് സാന്താ മാർത്താ ക്ലിനിക്കിലെ അംഗങ്ങൾ

90 വർഷത്തിലേറെയായി അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ക്ലിനിക്കാണ് വത്തിക്കാനിലെ സാന്താ മാർത്താ. വത്തിക്കാനിലെ മാർപാപ്പയുടെ വസതിയിൽ നിന്ന് കല്ലേറ് ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു.

1922 ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് ക്ലിനിക്കിന് തുടക്കമിട്ടത്. 2005 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇവിടം സന്ദർശിച്ചിരുന്നു. പോൾ ആറാമൻ ഹാളിലാണ് ക്ലിനിക്കിലെ ജീവനക്കാരും രോഗികളും കുടുംബാംഗങ്ങളുമായുള്ള 800 ഓളം ആളുകളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

എളിമപ്പെടാൻ കുട്ടികൾ പഠിപ്പിക്കും

പരിശുദ്ധ അമ്മ ഇന്ന് റോമിൽ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ഉണ്ണീശോയുമായി ഈ ക്ലിനിക്കിൽ എത്തിയേനെ. കുട്ടികളോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ അവർ നമ്മെ പലതും പഠിപ്പിക്കും. ജീവിതത്തിന്റെ യാഥാർത്ഥ്യം മനസിലാക്കാൻ ആദ്യം ചെയ്യേണ്ടത് കുട്ടികളെ പോലെ ചെറുതാവുക എന്നതാണ്. അഹങ്കാരികൾക്ക് പലതും മനസിലാക്കാൻ സാധിക്കാറില്ല. കാരണം അവർ സ്വയം താഴ്ത്തുകയോ എളിമപ്പെടുകയോ ചെയ്യുന്നില്ല. നാം എത്ര വലിയവരായാലും ഉന്നത ഉദ്യോഗസ്ഥരായാലും കുഞ്ഞുങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ചെറുതാകാനും എളിമപ്പെടാനുമാണ്. അതുവഴി ജീവിതത്തെയും മനുഷ്യരെയും മനസിലാക്കാൻ സാധിക്കും. പാപ്പാ പറഞ്ഞു.

പിറന്നാൾ ആശംസകൾ

ഡിസംബർ പതിനേഴിന് പിറന്നാൾ ആഘോഷിക്കുന്ന മാർപാപ്പയ്ക്കായി വലിയൊരു കേക്കും സമ്മേളനത്തിൽ എത്തിയവർ ഒരുക്കിയിരുന്നു. “ഇത്രയും വലിയ കേക്ക് കഴിച്ചാൽ ദഹനക്കേടൊന്നും വരില്ലെന്ന് പ്രതീക്ഷിക്കുന്നു”. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേർന്ന ശേഷം കേക്ക് മുറിക്കുന്നതിനിടെ പാപ്പാ തമാശയായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.