ദൈവഹിതം നിറവേറ്റാനൊരുങ്ങുന്നവർക്കു മുന്നിൽ സാത്താൻ വിരിക്കുന്ന കെണി

നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തിനുള്ള പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വി. ഫ്രാൻസിസ് ഡി സാലസ് പഠിപ്പിക്കുന്ന ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം. തീരെ ചെറിയ കാര്യങ്ങളിൽ പോലും ദൈവഹിതം നിറവേറ്റാനായുള്ള വ്യഗ്രതയും പരിഭ്രമവും ചിലപ്പോൾ, സാത്താന് പ്രലോഭന വേദിയായി തീരാമെന്നാണ് വിശുദ്ധൻ പഠിപ്പിക്കുന്നത്. കാരണം, ദൈവഹിതം നിറവേറ്റാനുള്ള ഒരു വ്യക്തിയിലെ തീവ്രമായ ആഗ്രഹത്തിൽ സാത്താൻ ഇടപെടുകയും അതിനെ സംശയത്തിലേയ്ക്ക് അല്ലെങ്കിൽ ഭയത്തിലേയ്ക്ക് വഴിതിരിച്ച് വിടും. അങ്ങനെ ദൈവഹിതം ഏതെന്ന് തിരിച്ചറിയാനാവാതെ ആ വ്യക്തി കുഴങ്ങും. അതുവഴിയായി ആ വ്യക്തിയുടെ സമയവും സന്തോഷവും സമാധാനവുമെല്ലാം നഷ്ടമാവുന്നു.

അതുപോലെ തന്നെ ചിലർ ചിന്തിക്കും, രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുള്ളത് അല്ലെങ്കിൽ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടാത്തതാണ് ദൈവം ആഗ്രഹിക്കുന്നത്. കാരണം, ആ സഹനത്തിലൂടെ ദൈവം എന്നെ ശുദ്ധീകരിക്കാനാവും ആഗ്രഹിക്കുക, കുരിശ് ചുമക്കാനാണല്ലോ ഈശോ പറഞ്ഞിട്ടുള്ളത് എന്നൊക്കെ. എന്നാൽ, ആ ചിന്തയും തെറ്റാണെന്ന് വിശുദ്ധൻ പറയുന്നു. നാം കൂടുതലായി ആഗ്രഹിക്കുന്നതു തന്നെയാണത്രേ ദൈവവും ആഗ്രഹിക്കുന്നത്. അത് പക്ഷേ, ദൈവഹിതത്തിന് വിധേയപ്പെട്ടു കൊണ്ട് ചെയ്യണമെന്നു മാത്രം.

വിശുദ്ധിയോടെ ജീവിക്കണമെന്ന് സദാ ഓർത്ത് അതിന് സാധിക്കാതെ വരുമ്പോൾ ആകുലപ്പെട്ട്, സാത്താന് നമ്മുടെയുള്ളിൽ പ്രവേശിക്കാനുള്ള വഴിയൊരുക്കരുത് എന്നാണ് വി. ഫ്രാൻസിസ് ഡി സാലസ് ഓർമ്മിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു: ‘ലില്ലിപ്പൂവിനെ പോലെ ആകാൻ റോസിന് കഴിയില്ല. റോസിനെ പോലെയാവാൻ ലില്ലിപ്പൂവിനും കഴിയില്ല. എന്നാൽ, അവ രണ്ടും അതതിന്റെ രീതിയിൽ അതിമനോഹരങ്ങളുമാണ്.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.