കുടുംബജീവിതം ശോഭനമാക്കാന്‍

‘കൂടുമ്പോള്‍ ഇമ്പമുള്ളതാകണം’ കുടുംബം എന്നാണ് പറയുന്നത്. വിവാഹത്തിലൂടെയാണ് ഒരു കുടുംബം ഉണ്ടാകുന്നത്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ വളർന്ന, രണ്ടു വ്യത്യസ്ത ഭവനങ്ങളിൽ വളർന്ന രണ്ടു പേര്‍ ഒന്നിച്ച് ജീവിച്ചു തുടങ്ങുന്നു. ഇങ്ങനെ വരുമ്പോള്‍ രണ്ടു പേര്‍ക്കും രണ്ടു സ്വഭാവങ്ങളാണ് ഉള്ളത് എന്ന് മനസിലാക്കുക. പരസ്പരം അറിഞ്ഞു അതുമായി പൊരുത്തപ്പെട്ടു മുന്നോട്ടു പോകുമ്പോളാണ് ഒരു നല്ല കുടുംബജീവിതം കൈവരിക്കാന്‍ നമുക്ക് സാധിക്കുക.

കുടുംബജീവിതം സന്തോഷകരമാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ…

1. ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ടുകൊണ്ടുപോവുക. ജോലിക്ക് അമിതപ്രാധാന്യം കൊടുത്ത് കുടുംബജീവിതത്തെ താഴ്ത്തിക്കെട്ടാതിരിക്കുക.

2. സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം അര്‍ഹതയുള്ളവരെ സഹായിക്കുന്നതിനായി വിനിയോഗിക്കുക.

3. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം, ആത്മീയകാര്യങ്ങള്‍, ഉന്നതപഠനം, ഉല്ലാസം എന്നിവക്കായും സമയം കണ്ടെത്തുക.

4. ചെറിയ കാര്യങ്ങളുടെ പോലും മൂല്യം അറിയിച്ച് മക്കളെ വളര്‍ത്തുക. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് മക്കളെ തിരുത്തുക.

5. ചെറിയ കാര്യങ്ങള്‍ പോലും ദമ്പതികള്‍ പരസ്പരം തുറന്നു സംസാരിക്കുക.

6. ഒരുമിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുകയോ, മൊബൈൽ ഫോണിൽ സംസാരിക്കുകയോ ചെയ്യാതെ കുടുംബാംഗങ്ങളുമായി സംസാരിക്കുക.

7. സ്വാര്‍ത്ഥത വെടിയുക. എന്റെ കാര്യം മാത്രം എന്നു ചിന്തിക്കാതെ കുടുംബത്തിന്റെ മുഴുവൻ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക. മറ്റ് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാൻ ശ്രമിക്കുക.

8. ജീവിതപങ്കാളിക്കു വേണ്ട പരിഗണനയും ബഹുമാനവും നല്‍കുക.

9. വിവാഹേതര ബന്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്‍പസുഖത്തിനായി നിങ്ങള്‍ ചെന്നുവീഴുന്ന കെണികള്‍ ജീവിതം തകര്‍ത്തേക്കാം.

10. ദാമ്പത്യജീവിതത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയണം.