ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷിയുള്ള വ്യക്തികളുള്ള 124 കുടുംബങ്ങള്‍ക്കാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധസേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം പ്രയാസത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തമൊരുക്കുന്നതിലൂടെ സഹമനുഷ്യരോടുള്ള കരുതലാണ് നാം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് അതിജീവനപാതയില്‍ അശരണരായ ആളുകള്‍ക്ക് കൈത്താങ്ങാകുവാന്‍ സാധിക്കണമെന്നും കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധസംഘടനകള്‍ ഇതിനായി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി. റോയി എന്നിവര്‍ പ്രസംഗിച്ചു.

ഭക്ഷ്യകിറ്റ് വിതരണപദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അരി, പഞ്ചസ്സാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം, കുക്കിംഗ് ഓയില്‍, ഉപ്പ്, കടുക് എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.