പറക്കും വിശുദ്ധൻ

ജീവിതപരിശുദ്ധി ഏതൊരു വിശുദ്ധജീവിതത്തിന്റെയും കാതലായ ഘടകമാണ്. ചിലപ്പോൾ ദൈവം വിശുദ്ധർക്ക് അതിമാനുഷിക കഴിവുകൾ നൽകുന്നു. ചില വിശുദ്ധർ രോഗികളെ സുഖപ്പെടുത്തുന്നു, അതിമാനുഷികമായി പീഡനങ്ങളെ അതിജീവിക്കുന്നു, മറ്റു ചിലർ ഭാവി പ്രവചിക്കുന്നു, വേറെ ചിലർ കൊടിയ തപസ് അനുഷ്ഠിക്കുന്നു. 

വി. ജോസഫ് കുപ്പർത്തിനോ വിശുദ്ധരുടെ ഇടയിൽ അതുല്യമായ ഒരു ദാനത്താൽ അനുഗ്രഹീതനായിരുന്നു. അദേഹത്തിന് പറക്കാൻ കഴിയുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ, ഇറ്റലിയിലാണ് ജോസഫ് ജനിച്ചത്. അദ്ദേഹം ജനിക്കുന്നതിനുമുമ്പേ അദ്ദേഹത്തിന്‍റെ പിതാവ് മരണമടഞ്ഞു. കുടുംബം സാമ്പത്തിക പരാധീനതയിലായി. യേശുവിന്റെ ജനനം പോലെ ജോസഫിന്റെ ജനനവും ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു. കുട്ടിക്കാലം മുതൽക്കേ ആത്മീയനിർവൃതിയും ദർശനങ്ങളും ജോസഫിന് ഉണ്ടാകുമായിരുന്നു. അദേഹത്തിന് മാനസികവും ബൗദ്ധീകവുമായ വൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നത് വളരെ വ്യക്തമായിരുന്നു.

ആത്മീയകാര്യങ്ങളിൽ തൽപരനായിരുന്ന യുവാവായ ജോസഫ്, തന്റെ സ്വന്തം നാട്ടിലെ Conventual Franciscan ആശ്രമത്തിൽ അംഗമാകാൻ പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നിട് അടുത്ത നഗരത്തിലെ Franciscan Capuchin ആശ്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഒരു തുണസഹോദരനായി ജോസഫിനെ അവർ അവിടെ സ്വികരിച്ചു. ആ പരിശ്രമം അധിനാൾ നീണ്ടുനിന്നില്ല. തുടർച്ചയായി ഉണ്ടായ ആത്മീയനിർവൃതികൾ (religious ecstasies) ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കി.

വീട്ടിൽ തിരിച്ചെത്തിയ ജോസഫ് Conventual Franciscan ആശ്രമത്തിലെ പ്രവേശനത്തിനായി വീണ്ടും സമീപിച്ചു. ജോസഫിന്റെ വർഷങ്ങൾ നീണ്ട സന്യാസ അരൂപിയും ലളിതജീവിതവും സന്യാസാശ്രമത്തിന്റെ വാതിൽ തുറപ്പിച്ചു. പഠനത്തിലെ വൈകല്യങ്ങൾ പൗരോഹിത്യ പരിശീലനത്തിൽ പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും പരീക്ഷാവേളകളിൽ അതിമാനുഷികമായ സഹായങ്ങളാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ജോസഫിനായി. പിന്നീട് ജോസഫ് പുരോഹിതനായി അഭിഷിക്തനായി.

പിന്നീടാണ് പറക്കൽ യജ്ഞം ആരംഭിക്കുന്നത്. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ ആത്മീയനിർവൃതിയിൽ ലയിച്ച് ജോസഫച്ചൻ അന്തരീക്ഷത്തിലുടെ ചരിക്കുമായിരുന്നു. സ്വന്തം മുറിയിൽ യാമപ്രാർത്ഥനകൾ ചെല്ലുന്ന സമയവും അന്തരീക്ഷത്തിലൂടെ അദ്ദേഹം പറക്കുമായിരുന്നു. പൊതു പ്രദിക്ഷണ സമയങ്ങളിൽ ഈ പറക്കൽ തുടങ്ങിയതോടെ എല്ലാവരും ഇതേപ്പറ്റി അറിയാനിടയായി. മാർപാപ്പായുമായുള്ള ഓഡിയൻസിനിടെ ഒരിക്കൽ ജോസഫ് അന്തരീക്ഷത്തിലുടെ പറന്നു. വളരെ പെട്ടന്നു തന്നെ ഈ പറക്കലിന് പ്രചുരപ്രചാരം ലഭിച്ചു. ഈ അത്ഭുതപറക്കൽ കാണാൻ ആളുകൾ ആശ്രമത്തിലേയ്ക്ക് ഒഴുകി.

ജോസഫിന്റെ പറക്കൽ അധികാരികകളെ കൂടുതൽ പ്രശ്നങ്ങളിലാക്കി. അതിനുള്ള കാരണങ്ങൾ രണ്ടായിരുന്നു. ആശ്രമജീവിതത്തിന്റെ അച്ചടക്കത്തിനും ധ്യാന്യാത്മകതയ്ക്കും ഈ പറക്കൽ മൂലം ഭംഗം വരുന്നു എന്നതായിരുന്നു ഒന്നാമത്തേതെങ്കിൽ, ദുർമന്ത്രവാദവുമായി ബന്ധപ്പെടുത്തി ഈ പറക്കലിനെ പലരും വ്യാഖ്യാനിച്ചു എന്നതായിരുന്നു രണ്ടാമത്തെ പ്രശ്നം. തൽഫലമായി സന്യാസാധികാരികൾ ജോസഫിനെ മറ്റ് പല ആശ്രമങ്ങളിലേയ്ക്കും സ്ഥലം മാറ്റിയെങ്കിലും ജോസഫിന്റെ ഈ ദിവ്യ പറക്കൽ അവസാനിപ്പിക്കാൻ സാധിച്ചില്ല.

വലിയ അദ്ധ്വാനങ്ങളുടെയും പീഡനങ്ങളുടെയും സംശയങ്ങളുടെയും അതൃപ്തികളുടെയും നടുവിലും ജോസഫച്ചൻ തന്റെ ക്രൈസ്തവ വിശ്വാസവും ക്രിസ്തുവിനോടുള്ള ആത്മസമർപ്പണവും നിരന്തരം കാത്തുസൂക്ഷിച്ചു. അറുപതാം വയസ്സിൽ സ്വർഗ്ഗീയഭവനത്തിലേയ്ക്ക് ജോസഫ് യാത്രയായി. നൂറു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1962-ൽ പുറത്തിറങ്ങിയ The Reluctant Saint എന്ന സിനിമ ജോസഫിന്റെ ജീവിതാവിഷ്കാരമാണ്.

വി. ജോസഫ് കുപ്പർത്തിനോ വൈമാനികരുടെയും വിമാനയാത്രക്കാരുടെയും ബഹിരാകാശ യാത്രക്കാരുടെയും ബുദ്ധിപരമായി ഭിന്നശേഷിയുള്ളവരുടെയും പഠനവൈകല്യമുള്ള വിദ്യാർത്ഥികളുടെയും മദ്ധ്യസ്ഥനാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.