ദുരിതാശ്വാസവുമായി തൃശൂര്‍ അതിരൂപത, 15ലെ സ്തോത്രക്കാഴ്ചയും സമര്‍പ്പിക്കും

തൃശൂര്‍: മഴക്കെടുതികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു തൃശൂര്‍ അതിരൂപതയുടെ രണ്ടാം ഘട്ട സഹായങ്ങളുമായുള്ള വാഹനം തിങ്കള്‍ രാവിലെ ഒമ്പതരയ്ക്ക് വയനാട്ടിലേക്കു പുറപ്പെടും.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ നിര്‍ദേശാനുസരണം ഇന്നലെ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അടിയന്തര സംഘടന ഏകോപന സമിതിയോഗമാണ് അടിയന്തര സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.
പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവുമായ 15നു പള്ളികളില്‍ കുര്‍ബാനമധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചയും പണവും സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വിനിയോഗിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. സമാഹരിക്കുന്ന തുക 19നു മുമ്പ് അതിരൂപതാ സാമ്പത്തിക കാര്യാലയത്തില്‍ ഏല്‍പിക്കണമെന്നും ആര്‍ച്ച്ബിഷപ് നിര്‍ദേശം നല്‍കി.

വയനാട്, മാനന്തവാടി മേഖലകളില്‍ പ്രളയവും ഉരുള്‍പൊട്ടലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു നല്‍കാനുള്ള അയ്യായിരം കിറ്റുകളാണ് അതിരൂപതയില്‍ സജ്ജമാക്കുന്നത്. 1,200 പേര്‍ക്കു പുതപ്പ്, ബെഡ്ഷീറ്റ്, പായ, തലയിണ, വസ്ത്രങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അയ്യായിരം കിറ്റുകളില്‍ അരി, പയര്‍, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണു തയാറാക്കുന്നത്. ഇവ വിതരണം ചെയ്യാനും ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാനും മുപ്പതംഗ വോളന്ററിയര്‍മാരും വയനാട്ടിലേക്കു തിരിക്കുന്നുണ്ട്. ഇന്നു മുതല്‍ മൂന്നു ദിവസം തുടര്‍ച്ചയായി ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കാനാണ് ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര ഏകോപന സമിതി യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് നാളേയും ബുധനാഴ്ചയും കിറ്റുകളുമായി ദുരിത കേന്ദ്രങ്ങളില്‍ തൃശൂര്‍ അതിരൂപതയുടെ വാഹനവും വോളന്ററിയര്‍മാരും എത്തും.

തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സാന്ത്വനം, സന്യാസ സമൂഹങ്ങള്‍, വിവിധ ഭക്തസംഘടനകള്‍, സെമിനാരിക്കാര്‍, സെന്‍റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തര സഹായം എത്തിക്കുന്നത്. ഇന്നലെ വിവിധ പള്ളികളില്‍നിന്നു സമാഹരിച്ച തുകയും സാധനങ്ങളും ദുരിതാശ്വാസത്തിനായി വിനിയോഗിക്കുന്നുണ്ട്.

ഇതിനു പുറമേ, സി.എല്‍.സി.യുടെ ആഭിമുഖ്യത്തില്‍ വോളണ്‍ിയര്‍മാര്‍ ഇക്കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തതിനു പുറമേ, ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പരിശോധനയും മരുന്നുവിതരണവും നടത്തി.

മഴക്കെടുതിയുടെ ആദ്യഘട്ടത്തില്‍ തൃശൂര്‍ ജില്ലയുടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ തൃശൂര്‍ അതിരൂപതയുടെ സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു. പുതപ്പ് അടക്കമുള്ള ഇനങ്ങളുമായി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ക്യാമ്പുകളില്‍ എത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നു നിര്‍ദേശം നല്‍കിയ ആര്‍ച്ച്ബിഷപ് നല്ല കാലാവസ്ഥയുണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടു.

ഏകോപനസമിതി യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ, ഏകോപനസമിതി സെക്രട്ടറി ശ്രീ. എ. എ. ആന്‍റണി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീമതി മേരി റെജീന, സാന്ത്വനം ഡയറക്ടര്‍ ഫാ. തോമസ് പൂപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.