പ്രളയദുരിതാശ്വാസം: 600 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, ആര്‍പ്പുക്കര, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 600 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

ഓക്‌സ്ഫാം ഇന്‍ഡ്യയുടെ സഹകരണത്തോടെ ലഭ്യമാക്കിയ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രളയദുരിതങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ജനവിഭാഗങ്ങള്‍ക്ക് കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിസന്ധിഘട്ടങ്ങളെ മറികടക്കുവാന്‍ കൂട്ടായ പരിശ്രമങ്ങളും പരസ്പരം സഹായിക്കുവാനുള്ള മനസ്ഥിതിയും ഉണ്ടാകണമെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഓക്‌സ്ഫാം ഇന്‍ഡ്യ ഹ്യുമാനിറ്റേറിയന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബസബ് സര്‍ക്കാര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു.

അരി, കിഴങ്ങ്, സവാള, വെളിച്ചെണ്ണ, പഞ്ചസാര, ഉപ്പ്, തേയിലപ്പൊടി, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, സണ്‍ഫ്ലവര്‍ ഓയില്‍, റവ, മല്ലിപ്പൊടി, പുട്ട്‌പൊടി, മാസക്കുകള്‍, ഹാന്റ്‌വാഷ്, കുളിസോപ്പ്, അലക്ക് സോപ്പ്, സാനിറ്ററി പാട് എന്നിവ ഉള്‍പ്പെടുന്ന 3000 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.