വെളിവുകെട്ട വിചാരണകൾ 

സി. ഡോ. തെരേസ് ആലഞ്ചേരി എസ്.എ.ബി.എസ്.

പരിസരം മറന്ന് അയാൾ വിളിച്ച് പറഞ്ഞു. ഈ മനുഷ്യൻ സത്യമായും ദൈവപുത്രൻ തന്നെ. ഇത്തരം ഒരു മരണം ഗാഗുൽത്തായുടെ ആദ്യ അനുഭവമാണ്. ഇതിന് മുമ്പ് ആരും ഇത്ര കുലീനമായി മരിച്ചിട്ടില്ല “ആകാശങ്ങൾക്കുയരെ ഒരു കുന്നിൻചെരുവിൽ കുരിശുമരം പൂത്തുനിൽക്കുന്നു. മനുഷ്യപുത്രന്റെ രക്തം വാർന്ന കുരിശ്. മലഞ്ചെരുവിൽ കിടന്ന് ദ്രവിച്ചു പോകാതെ ആകാശങ്ങൾക്കു മീതേ വിശുദ്ധന്മാക്കളുടെ കുന്നിൻ ചെരുവിൽ ഒരു മരമായിത്തിരുന്നു. കാറ്റടിച്ച് അതിന്റെ ശിഖരങ്ങളിൽ നിന്ന് പൂക്കൾ കൊഴിയുന്നു. അത് മേഘങ്ങളിൽ വീഴുന്നു”. അരൂപിയുടെ മൂന്നാം പ്രാവ് എന്ന നോവലിൽ പെരുമ്പടവം എന്ന നോവലിസ്റ്റ് കുറിച്ചതാണി വരികൾ.

പീലാത്തോസും അദ്ദേഹം പ്രതിനിധാനം ചെയുന്ന ജനക്കൂട്ടവും വിചാരണയില്ലാത്ത വിധികളും വിചാരണകളും കൊണ്ട് ഈശോയെ കുരിശിലേക്ക് നയിച്ചു. പിഴച്ചു പോയ വാക്കുകളിൽ നീതിമാന്റെ തല കുടുങ്ങിപ്പോയി. ഇതിനിടയിൽ പ്രത്തോറിയത്തെ  നടുക്കിയത് ജനക്കൂട്ടത്തിന്റെ ആരവമല്ലായിരുന്നു. മറിച്ച് ക്രിസ്തുവിന്റെ മൗനം ആയിരുന്നു. ഉള്ളിൽ സത്യം പേറുന്നവർക്കുമാത്രമേ ആക്രോശങ്ങൾക്കിടയിൽ മൗനം പാലിക്കാൻ കഴിയു. അവന്റെ മൗനം ദേശത്തിന്റെ അധിപനെ അത്ഭുതപ്പെടുത്തി എന്ന് ബൈബിളിന്റെ സാക്ഷ്യവും. സംസാരിക്കാം വാക്കുകൾക്ക് നിശബ്തതയേക്കാൾ പ്രകാശമുണ്ടെന്നറിയുമ്പോൾ മുതൽ. അതുവരെ മൗനത്തെ പ്രണയിക്കാം. കാര്യങ്ങൾ മനസിലാക്കതെ വിധി പറയുന്നവരുടെ എണ്ണം ഇന്ന് പെരുകികൊണ്ടിരിക്കുന്നു.

കാലികസമൂഹത്തിലെ മാധ്യമവിചാരണകൾ ഓരോ വ്യക്തിയും പൊതിഞ്ഞു സൂക്ഷിച്ച വിഴുപ്പുഭണ്ഡാരങ്ങളുടെ എഴുന്നള്ളിപ്പുകളാണ്. തങ്ങൾക്കിഷ്ടമില്ലാത്തവരെയും തങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കാത്തവരെയും കൊന്നുകൊലവിളിക്കുന്ന മാനുഷിക സന്തോഷത്തിന്റെ ലഹരിയിലാണ് കാലിക സമൂഹം. സുബോധം നഷ്ടപ്പെട്ട വിധികളും, വിചാരണകളും, അഭിപ്രായ പ്രകടനങ്ങളും മാനസിക വൈകല്യങ്ങളുടെ പാർശ്വഫലങ്ങളാണ് എന്ന് തിരിച്ചറിയാം. കൂടെ നടന്ന് അത്താഴം വിളമ്പികൊടുത്തിട്ടും തിരിച്ചറിയാതെപോയ കാഴ്ചനഷ്ടപ്പെട്ടവർക്കുവേണ്ടി ഉത്ഥിതൻ വീണ്ടും കാത്തിരിക്കുന്നു പ്രാതലൊരുക്കികൊണ്ട്….

സി. ഡോ. തെരേസ് ആലഞ്ചേരി എസ്. എ. ബി. എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.