പ്രാര്‍ത്ഥനയുടെ സാന്ത്വനമായി ഫ്രാന്‍സിസ് പാപ്പാ: പാപ്പായുടെ 2020-ലേയ്ക്ക് ഒരു തിരനോട്ടം

ഇന്നത്തെ ലോകത്തിന്റെ പ്രതിസന്ധിയില്‍ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ വിശ്വാസികള്‍ക്ക് പ്രത്യാശയുടെ ആത്മീയപ്രചോദനമായ ഫ്രാന്‍സിസ് പാപ്പായുടെ 2020-ലേയ്ക്ക് ഒരു തിരനോട്ടം…

1. മഹാമാരിക്കെതിരെ പ്രാര്‍ത്ഥനയുടെ സായാഹ്നം

വി. പത്രോസിന്റെ ചത്വരം നിശബ്ദതയാല്‍ ശോകമൂകമായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് 27, വെള്ളി പാപ്പായുടെ നേതൃത്വത്തില്‍ അനിതരസാധാരണമായ പ്രാര്‍ത്ഥനാസായാഹ്നമായിരുന്നു അത്. മഹാമാരിയില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയായിരുന്നു പാപ്പായുടെ പ്രാര്‍ത്ഥന. കുരിശ് പ്രത്യാശയുടെ നങ്കൂരമാണെന്ന്, റോമിലെ സാന്‍ മര്‍ചേലോയുടെ ദേവാലയത്തില്‍ നിന്നും കൊണ്ടുവന്ന പുരാതനമായ മരക്കുരിശിന്റെ മുന്നില്‍ നിന്നു നയിച്ച പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ പ്രസ്താവിച്ചു. വളരെ മനോഹരമായും പ്രാര്‍ത്ഥനാനിര്‍ഭരമായും ലോകം തത്സമയം വീക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്ത പ്രാര്‍ത്ഥനാ യാമമായിരുന്നു ഇത്.

2. പൊതുകൂടിക്കാഴ്ചാ പരിപാടികള്‍

കഴിഞ്ഞ ഒരു വര്‍ഷത്തെ പൊതുകൂടിക്കാഴ്ച വേദിയിലെ മതബോധനപരിപാടികളുടെ കേന്ദ്രം പ്രാര്‍ത്ഥനയായിരുന്നു. പ്രാര്‍ത്ഥനയെ ആദ്യം വിശ്വാസത്തിന്റെ ശ്വാസമായി വിവരിക്കുന്ന പാപ്പാ, സൗഖ്യദാനം, അഷ്ടഭാഗ്യങ്ങള്‍ എന്നീ ധ്യാനങ്ങളും ലളിതമായും പ്രായോഗികമായും പ്രബോധിപ്പിക്കുകയുണ്ടായി. മഹാമാരി മൂലം പത്രോസിന്റെ ചത്വരം, പോള്‍ ആറാമന്‍ ഹാള്‍, വി. ഡമാഷീന്റെ ചത്വരം, അപ്പസ്‌തോലിക അരമനയിലെ ഗ്രന്ഥാലയം എന്നീ വേദികളിലായി മാറിമാറി പരിപാടികള്‍ നടക്കുകയുണ്ടായി.

3. ത്രികാല പ്രാര്‍ത്ഥനാ പരിപാടികള്‍

മഹാമാരി കാരണമാക്കിയ അകല്‍ച്ചയുടെ വര്‍ഷത്തില്‍ നടത്തിയ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണങ്ങളില്‍ പാപ്പായുടെ സമീപനം സമാധാനത്തിനുള്ള യാചനകളായിരുന്നു. 58 ത്രികാല പ്രാര്‍ത്ഥനാ പരിപാടികളാണ് 2020-ല്‍ വത്തിക്കാനില്‍ നടന്നത്. “തന്റെ ചിന്തകള്‍ സംഘര്‍ഷങ്ങളാല്‍ യാതനകള്‍ അനുഭവിക്കുന്ന ജനതകളുടെ മദ്ധ്യത്തിലാണ്…” എന്നിങ്ങനെ ആരംഭിക്കുന്ന, പാപ്പായുടെ കരളലയിപ്പിക്കുന്ന സമാധാനത്തിനുള്ള യാചനകള്‍ ദിഗന്തങ്ങളില്‍ പ്രതിധ്വനിക്കുന്നതാണ്. അങ്ങനെ തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയും ഡിജിറ്റല്‍ മാദ്ധ്യമങ്ങളിലൂടെ ലോകമെമ്പാടും എത്തിച്ചേരുകയും ചെയ്ത ത്രികാല പ്രാര്‍ത്ഥനാസന്ദേശങ്ങള്‍ സമാധാനത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള അപേക്ഷകളായി പരിണമിക്കുന്നത് കാണാമായിരുന്നു.

4. സാന്താമാര്‍ത്തയില്‍ നിന്നും ദിവ്യബലി തത്സമയം

ചൈനയ്ക്കുശേഷം ലോകശ്രദ്ധയില്‍പ്പെട്ട വൈറസ് ആക്രമണം ആദ്യം ഇറ്റലിയിലായിരുന്നു. അതുമൂലം ജനങ്ങള്‍ക്ക് അവരുടെ ദേവാലയങ്ങളില്‍ ദിവ്യബലി തടസ്സപ്പെട്ടപ്പോള്‍ 2020 മാര്‍ച്ച് 9 മുതല്‍ മെയ് 18 വരെ അനുസ്യൂതമായി പാപ്പാ ഡിജിറ്റല്‍ സാങ്കേതികതയിലൂടെ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ നിന്നും ദിവ്യബലി തത്സമയം ഇറ്റാലിയന്‍ ജനതയ്ക്കു മാത്രല്ല, ലോകത്തിനു മുഴുവന്‍ ലഭ്യമാക്കിയത് എവിടെയും വലിയ ആത്മീയ ഉണര്‍വ്വായി. അനുദിനം പാപ്പാ പങ്കുവച്ച വചനധ്യാനവും ദിവ്യബലിക്കുശേഷമുള്ള പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും ആശീര്‍വ്വാദവും കുടുംബങ്ങളുടെ ചെറിയ കൂട്ടായ്മകള്‍ക്ക് സൗഖ്യദാനത്തിന്റെയും സാന്ത്വനത്തിന്റെയും ദൈവത്തിലുള്ള പ്രത്യാശയുടെയും അനുഭവമായിരുന്നു.

5. “എല്ലാവരും സഹോദരങ്ങള്‍” (Tutti Fratelli)

ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാമത്തെ ചാക്രികലേഖനമാണ് Tutti Fratelli – എല്ലാവരും സഹോദരങ്ങള്‍. ഒക്ടോബര്‍ 4-ന് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ദൂതനായ വി. ഫ്രാന്‍സിസിന്റെ തിരുനാളില്‍ അസ്സീസി പട്ടണത്തില്‍ സിദ്ധന്റെ ഭൗതികശേഷിപ്പുകളുടെ ബസിലിക്കയില്‍ വച്ചാണ് പ്രകാശനം ചെയ്തത്. സാഹോദര്യവും സാമൂഹികസൗഹൃദവും നീതിയും സമാധാനവുമുള്ള ഒരു മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയെന്ന ലക്ഷ്യവുമായിട്ടാണ് പാപ്പാ ഈ ചാക്രികലേഖനം പ്രബോധിപ്പിച്ചിരിക്കുന്നത്. മാനവികതയുടെ എല്ലാ മേഖലകളിലുമുള്ള എല്ലാത്തരം യുദ്ധങ്ങളും ഉപേക്ഷിക്കാനാവണമെന്നും നാമെല്ലാവരും ഒരേ വള്ളത്തില്‍ ആകയാല്‍ ഈ ലോകത്തെ രക്ഷിക്കാന്‍ സാഹോദര്യക്കൂട്ടായ്മയ്ക്കു മാത്രമേ സാധിക്കൂ എന്നതാണ് പാപ്പായുടെ നിഗമനം. ഈ ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗ്ഗരേഖയാണ്, എല്ലാവരും സഹോദരങ്ങള്‍!

6. തദ്ദേശജനതകള്‍ക്കു വേണ്ടി (Querida Amazonia)

ഫ്രാന്‍സിസ് പാപ്പാ പ്രബോധിപ്പിച്ച മെത്രാന്മാരുടെ ആമസോണിയന്‍ സിനഡിനു ശേഷമുള്ള പ്രബോധനമാണിത്. തദ്ദേശ ജനതകള്‍ക്കുവേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടിയുള്ള സിനഡ് ലോകശ്രദ്ധയാകര്‍ഷിച്ച മെത്രാന്മാരുടെ സമ്മേളനവുമായിരുന്നു. അതില്‍ ഉരുത്തിരിഞ്ഞ തദ്ദേശജനതകളുടെ പരിസ്ഥിതി, അവരുടെ സംസ്‌കാര തനിമ, അവരുടെ ഭൂസ്വത്ത് എന്നിവയെ സംബന്ധിച്ച കാര്യങ്ങളാണ് പ്രബോധനത്തിന്റെ ഉള്ളടക്കം.

7. അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!

ചാക്രികലേഖനത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷം – സമഗ്രമാനവ പുരോഗതിയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാന്‍ അടയന്തിര നടപടിക്രമങ്ങള്‍ പാപ്പാ സംവിധാനം ചെയ്യുകയുണ്ടായി. പ്രത്യേകിച്ച്, ഭൂമിയുടെ ഉപരിതലത്തിലെ ഹരിതവാതക ബഹിര്‍ഗമനത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഉടമ്പടിയില്‍ നിന്നും വന്‍കിട രാഷ്ട്രങ്ങള്‍ പിന്‍മാറിയപ്പോള്‍ സഭാതലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നത് പാപ്പായുടെ പദ്ധതിയായിരുന്നു. ചാക്രികലേഖനത്തിന്റെ അഞ്ചാം വാര്‍ഷികാചരണത്തില്‍ ഒരു വര്‍ഷം നീളുന്ന പദ്ധതിയുടെ മുഖ്യഘടകം പരിസ്ഥിതി സംരക്ഷണമായി മുന്നോട്ടുനീങ്ങുകയാണ്.

8. കുടുംബജീവിതത്തെ ബലപ്പെടുത്തുവാന്‍

ഫ്രാന്‍സിസ് പാപ്പാ കുടുംബങ്ങളുടെ വര്‍ഷം പ്രഖ്യാപിക്കും. 2021-ല്‍ മാര്‍ച്ച് 19-ന് ആരംഭിച്ച് 2022 മാര്‍ച്ച് 19-ന് വി. യൗസേപ്പിതാവിന്റെ തിരുനാളില്‍ സമാപിക്കുന്നതാണ് പാപ്പാ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുന്ന കുടുംബങ്ങളുടെ വര്‍ഷം. കുടുംബസ്‌നേഹത്തെ സംബന്ധിക്കുന്ന അപ്പസ്‌തോലിക പ്രബോധനം ‘സ്‌നേഹത്തിന്റെ ആനന്ദം’ (Amoris Laetitia) എന്ന മെത്രാന്മാരുടെ സിനഡിന്റെ പ്രബോധനമാണ് ഇതിന് മാര്‍ഗ്ഗരേഖയാകുന്നത്. കുടുബങ്ങളിലെയും ദാമ്പത്യബന്ധങ്ങളിലെയും സ്‌നേഹത്തെക്കുറിച്ചു പഠിപ്പിക്കുന്നതും 2016 മാര്‍ച്ച് 19-ന് പ്രബോധിപ്പിച്ചതുമായ അപ്പസ്‌തോലിക പ്രബോധനം Amoris Laetitia, സ്‌നേഹത്തിന്റെ ആനന്ദത്തിന്റെ പഠനത്തിലൂടെ കുടുംബജീവിതങ്ങളെ ഇനിയും ബലപ്പെടുത്താം, പിന്‍തുണയ്ക്കാം എന്ന പദ്ധതിയാണ് പാപ്പാ 2020-ല്‍ തുടക്കമിട്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട്, 2020-ലാണ് പാപ്പാ വി. യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത്. ഡിസംബര്‍ 8, 2020-ന് ആരംഭിച്ച വര്‍ഷം ഡിസംബര്‍ 8, 2021-ന് അവസാനിക്കും. 1870 ഡിസംബര്‍ 8-ന് സഭ വി. യൗസേപ്പിതാവിനെ ആഗോളസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി അനുസ്മരണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് സിദ്ധന്റെ വര്‍ഷമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020-ന്റെ അവസാനത്തെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് 2021-ല്‍ മാര്‍ച്ച് 19-ന് ആരംഭിച്ച് 2022 മാര്‍ച്ച് 19-ന് വി. യൗസേപ്പിതാവിന്റെ തിരുനാളില്‍ സമാപിക്കുന്ന കുടുംബവര്‍ഷം പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി പാപ്പാ വെളിപ്പെടുത്തിയത്.

9. നിശബ്ദവും ഹൃദയസ്പര്‍ശിയുമായ പാപ്പായുടെ പ്രാര്‍ത്ഥനകള്‍

2020 മാര്‍ച്ച് 27. ദുഃഖവെള്ളിയാഴ്ച വത്തിക്കാനില്‍ വി. പത്രോസിന്റെ ചത്വരത്തില്‍ സായാഹ്നത്തില്‍ നടത്തിയ കുരിശിന്റെ വഴിയുടെ അന്ത്യത്തില്‍ ഒരു പ്രഭാഷണത്തില്‍ മുഴുകാതെ, മാനവികത അനുഭവിക്കുന്ന മഹാമാരിയുടെ ക്ലേശങ്ങളെ ഒരു മൗനനൊമ്പരമായി കുരിശിന്‍ ചുവട്ടില്‍ സമര്‍പ്പിച്ചത് ഹൃദയസ്പര്‍ശിയായിരുന്നു. അതുപോലെ ഇറ്റലിയില്‍ മഹാമാരി മൂര്‍ച്ഛിച്ച അവസ്ഥയില്‍ ഡിസംബര്‍ 8, അമലോത്ഭവ തിരുനാളിലെ സായാഹ്നത്തില്‍ റോമിലെ സ്പാനിഷ് ചത്വരത്തില്‍ പൊടിമഴയില്‍ ഒരു കുടക്കീഴില്‍ കയ്യില്‍ ഒരുകുല വെള്ളഓര്‍ക്കിഡ് പൂക്കളുമായി പുരാതനമായ സ്തൂപത്തിന്റെ കാല്‍ക്കല്‍ നിന്നുകൊണ്ട് മുകളില്‍ അമലോത്ഭവനാഥയെ നോക്കി മൗനമായി ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചതിനുശേഷം പുഷ്പാര്‍ച്ചന നടത്തി മടങ്ങിയതും മനം കവര്‍ന്ന പ്രാര്‍ത്ഥനാമുഹൂര്‍ത്തമായിരുന്നു.

10. ഈസ്റ്റര്‍ 2020-ന്റെ സമാധാന സന്ദേശം

മഹാമാരി മൂലം 2020-ലെ ഈസ്റ്ററിന്റെ “ഊര്‍ബി എത് ഓര്‍ബി” സന്ദേശം ഔപചാരികതകള്‍ ഇല്ലാത്തതും വി. പത്രോസിന്റെ ബസിലിക്കയിലെ അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ നിന്നു നല്‍കിയതുമായിരുന്നു. ലോകത്ത് ആയിരങ്ങള്‍ മരിച്ചുവീഴുന്ന മഹാമാരിക്കിടയില്‍ സ്വാര്‍ത്ഥവും രാഷ്ട്രീയവുമായ താല്പര്യങ്ങള്‍ക്കുവേണ്ടി നിര്‍ദ്ദോഷികളായ മനുഷ്യരെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം കൊലചെയ്യുന്ന യുദ്ധങ്ങളെയും ആഭ്യന്തര കലാപങ്ങളെയും പാപ്പാ എണ്ണിപ്പറഞ്ഞ് അപലപിച്ചു. പ്രത്യേകിച്ച് മൊസാംബിക്കിലെ കാബോ ഡെലാഡോയില്‍ മൂന്നുവര്‍ഷമായി തുടരുന്ന കലാപത്തെ പാപ്പാ ലോകശ്രദ്ധയില്‍ കൊണ്ടുവരുകയും സമാധാനാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

11. അടുത്ത ലോകയുവജനോത്സവത്തിനുള്ള ആഹ്വാനം

നവംബര്‍ 22 ക്രിസ്തുരാജ മഹോത്സവത്തില്‍ 2023-ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ അരങ്ങേറേണ്ട ലോക യുവജനോത്സവത്തിനായി പാപ്പാ യുവജനങ്ങളെ അഭിസംബോധന ചെയ്തു. വി. പത്രോസിന്റെ ബസിലിക്കയില്‍ കോവിഡിന്റെ പ്രോട്ടോക്കോളില്‍ നടന്ന ദിവ്യബലിക്കുശേഷം, 2019 പനാമ യുവജനോത്സവത്തിന്റെ പ്രതിനിധികള്‍ കൈമാറിയ കുരിശും കന്യകാനാഥയുടെ വര്‍ണ്ണനാചിത്രവും ലിസ്ബണ്‍ യുവജനോത്സവത്തിന്റെ പ്രതിനിധികളെ പാപ്പാ ഏല്പിക്കുകയും, 2023 ആഗസ്റ്റില്‍ ലിസ്ബണില്‍ സംഗമിക്കേണ്ട ലോകയുവജനോത്സവത്തിന്റെ പ്രചാരണജാഥയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

12. കര്‍ദ്ദിനാള്‍ മെക്കാറിക്ക് റിപ്പോര്‍ട്ടും സഭയുടെ സുതാര്യതയും

ലൈംഗികപീഡന കേസുകളില്‍ സഭയുടെ നിലപാടില്‍ മറവും ഒളിവും ഉണ്ടാകില്ലെന്നു തെളിയിക്കുന്നതാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റു വഴി പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയ കര്‍ദ്ദിനാള്‍ മെക്കാറിക്കിന്റെ കേസിലെ അന്വേഷണത്തിന്റെയും സഭാനടപടിക്രമങ്ങളുടെയും സുതാര്യമായ റിപ്പോര്‍ട്ട്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഏറെ വ്യക്തികളും പ്രസ്ഥാനങ്ങളും സഭയ്ക്കും ഫ്രാന്‍സിസ് പാപ്പായ്ക്കുമെതിരെ ഉയര്‍ത്തിക്കൊണ്ടിരുന്ന സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി കൂടിയായിരുന്നു, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെട്ട പ്രകാരം 2020 ഒക്ടോബറില്‍ പ്രസിദ്ധപ്പെടുത്തിയ മെക്കാറിക് കേസിന്റെ റിപ്പോര്‍ട്ട്.

13 സഭാനവീകരണത്തിന്റെ ശ്രദ്ധേയമായ വര്‍ഷം

സഭാഭരണ സംബന്ധിയും ഏറെ നവീനതകള്‍ ഉള്‍ക്കൊള്ളുന്നതുമായ പുതിയ സ്വാധികാര പ്രബോധനം (Apostolic Constitution) ഫ്രാന്‍സിസ് പാപ്പാ ഉപദേശക സമിതിയായ കര്‍ദ്ദിനാള്‍ സംഘത്തിന്റെയും സഭാഭരണത്തിലുള്ള വിവിധ വകുപ്പുകളുടെയും സഹായത്തോടെ പൂര്‍ത്തീകരിച്ച വര്‍ഷമാണ് 2020. അഴിമതിക്കെതിരെയുള്ള വ്യക്തമായ സാമ്പത്തിക നയങ്ങള്‍, പുതിയ സാമ്പത്തിക അധികാരസമിതി, സാമ്പത്തിക സമിതിയിലെ ചില അഴിച്ചുപണികള്‍, അധികാര കൈമാറ്റം, അഴിമതിയില്‍ അകപ്പെട്ടവരെ സൗമ്യമായി പുറത്താക്കിയ സംഭവങ്ങള്‍ എന്നിവ 2020-ല്‍ ലോകം കണ്ട ഫ്രാന്‍സിസ് പാപ്പയുടെ ആത്മീയതയുടെയും സഭാസമര്‍പ്പണത്തിന്റെയും അടയാളങ്ങളാണ്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.