“എന്റെ ഗോഡ് ഫാദറിനായി പ്രാർത്ഥിക്കാമോ”? – കുർബാനയ്ക്കിടെ വൈദികനോട് അഞ്ചു വയസുകാരന്റെ ചോദ്യം

ബ്രസീലിലെ പട്ടോസ് ഡി മിനാസ് രൂപതയിലെ ഇടവകയിൽ കുർബാനയ്ക്കിടെ ഫാ. ആർതർ ഒലിവേരയോട് ഒരു അഞ്ചു വയസുകാരൻ ചോദിച്ചത് ഇപ്രകാരമാണ്: “കോവിഡ് ബാധിച്ച എന്റെ ഗോഡ് ഫാദറിനായി പ്രാർത്ഥിക്കാമോ?” ഒരു അഞ്ചു വയസ്സിന്റെ നിഷ്കളങ്കതയിൽ നിന്നുയര്‍ന്ന ആ ചോദ്യം മുതിർന്ന പലരുടെയും വിശ്വാസത്തെ ആഴപ്പെടുത്തിയിരിക്കണം, തീർച്ച.

“ലളിതമായ രീതിയിൽ, ധൈര്യത്തോടെ, വിശ്വാസത്തോടെ ചോദിച്ച ഈ കുട്ടിയെപ്പോലെയായിരിക്കണം നമ്മൾ. ഇത് ദൈവത്തിൽ നിന്നുള്ള ഒരു സന്ദേശമാണ്. വിശ്വാസം നമ്മെ ചലിപ്പിക്കുന്നതാകണം” എന്നുപറഞ്ഞ ഫാ. ഒലിവേര, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോ കണ്ട ശേഷം അത് അനേകർക്ക് അവരുടെ വിശ്വാസജീവിതത്തെ പരിശോധിക്കാൻ പ്രചോദനമായി എന്ന് സാക്ഷ്യപ്പെടുത്തുന്നു.

മെയ് 16-ന് പാട്രോസീനിയോയിലെ സാവോ ഫ്രാൻസിസ്കോ ചാപ്പലിലെ വിശുദ്ധ കുർബാനയ്ക്കിടെയാണ് സംഭവം. ജോവോ മിഗുവൽ എന്ന അഞ്ചു വയസുകാരനാണ് വിഷമത്തോടെ തന്റെ ഗോഡ്‌ ഫാദറിനായി പ്രാർത്ഥിക്കാമോ എന്ന ചോദ്യവുമായി വൈദികനെ സമീപിച്ചത്. അവനോടൊപ്പം പ്രാർത്ഥിച്ചശേഷം ഫാ. ഒലിവേര അവിടെയുണ്ടായിരുന്നവരെ അഭിസംബോധന ചെയ്തു പറഞ്ഞു: “ഇതിനേക്കാൾ മനോഹരമായ ഒരു അടയാളം നിങ്ങൾക്ക് വേണോ? യേശു എപ്പോഴും നമ്മോടൊപ്പമുണ്ട്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.