പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുങ്ങാൻ അഞ്ച് മാർഗ്ഗങ്ങൾ

എല്ലാക്കാലത്തും സ്ഥലത്തും സംസ്കാരത്തിലും ജന്മദിനാഘോഷങ്ങൾ വലിയ ആനന്ദത്തിന്റെ ഉത്സവങ്ങളാണ് – ജീവന്റെ ഉറവിടമായ ദൈവം മനുഷ്യകുടുംബത്തിലേയ്ക്ക് മറ്റൊരു മനുഷ്യനെ നൽകുന്ന അനുസ്മരണമാണല്ലോ ഓരോ ജന്മദിനവും. എല്ലാ വർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി വലിയ സന്തോഷത്തോടെ സഭ, ജീവിക്കുന്ന ദൈവവും നമ്മുടെ രക്ഷകനുമായ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

മറിയത്തിന്റെ ജന്മദിനത്തിന് വലിയ പ്രത്യേകതയുണ്ട്. ദൈവം മറിയത്തെ ദൈവമാതാവായി, സഭയുടെ മാതാവായി, നമ്മുടെ മാതാവായി തിരഞ്ഞെടുത്ത ദിനം. അതിനാൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനത്തിൽ നാം സന്തോഷിക്കണം. അമ്മയുടെ ജന്മദിനത്തിനൊരുങ്ങാൻ ഇതാ അഞ്ച് വഴികൾ.

1. ഹൃദയശുദ്ധിയിൽ വളരുക

മറിയത്തിന്റെ അമലോത്ഭവം, പരിശുദ്ധ കന്യകാമറിയത്തിന്റെ പാപരഹിത ജീവിതമാണ് നമ്മുടെ മനസ്സിൽ കൊണ്ടുവരിക. അവൾ ജന്മപാപമില്ലാതെ ജനിക്കുകയും പാപമില്ലാതെ ജീവിക്കുകയും ചെയ്തു. അവളെ സ്നേഹിക്കുന്നവര്‍ പാപത്തിന്റെ വിഷഭയത്തിൽ നിന്ന് അകന്നുനിൽക്കണമെന്ന് മറിയം ആഗ്രഹിക്കുന്നു. അതിനാൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു വിശുദ്ധ കമ്പസാരം നടത്തി ഹൃദയത്തെ നിർമ്മലമാക്കുക.

മഹാനായ വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള മരിയൻ തീർത്ഥാടനകേന്ദ്രങ്ങൾ ആത്മീയ ക്ലിനിക്കുകളാണ്. കാരണം, അവയെല്ലാം പാപികൾക്ക് വിശുദ്ധീകരണത്തിനായി നല്ല കുമ്പാരത്തിന് അവസരമൊരുക്കുന്ന അഭയസ്ഥാനങ്ങളാണ്. “പാപരഹിതയായി ജനിച്ച മറിയമേ, നിന്നിൽ അഭയം തേടുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമേ.”

2. മറിയത്തെപ്പറ്റി ചിന്തിക്കുക; മറിയത്തോട് സഹായം അഭ്യർത്ഥിക്കുക 

“Maria cogita, Maria invoca” എന്ന ലത്തീൻ പ്രയോഗത്തിന്റെ അർത്ഥം, ‘മറിയത്തെപ്പറ്റി ചിന്തിക്കുക മറിയത്തോട് സഹായം അഭ്യർത്ഥിക്കുക’ എന്നതാണ്. ഒരു കൊച്ചുകുട്ടി അമ്മുടെ കൈപിടിച്ചു നടക്കുന്നതുപോലെ മറിയത്തോടൊപ്പം നടന്ന് അവളെപ്പറ്റി ചിന്തിച്ച് അവളോടു പ്രാർത്ഥിക്കുക. അമ്മയുടെ ഈ ജന്മദിനത്തിൽ അവളുടെ നാമം നമ്മുടെ അധരത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ.

3. മറിയത്തെ അവളുടെ പുണ്യത്തിൽ അനുകരിക്കു

മരിയ വിജ്ഞാനശാസ്ത്രത്തിലെ അതികായനായ വി. ലൂയിസ് ഡി മോൺഫെർട്ടിന്റെ ‘യഥാർത്ഥ മരിയൻഭക്തി – True Devotion to Mary’ എന്ന പുസ്തകത്തിൽ, മറിയം പരിശീലിച്ചിരുന്ന പ്രധാനപ്പെട്ട പത്ത് പുണ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്നേഹമാണ്. ദൈവത്തെയും സഹോദരങ്ങളെയും എങ്ങനെ സ്നേഹിക്കണം എന്നതിന്റെ ഉത്തമ പാഠപുസ്തകമാണ് പരിശുദ്ധ മറിയം. സ്നേഹത്തിൽ വളരാൻ നാം അനുയാത്ര ചെയ്യേണ്ട മാർഗ്ഗദീപമാണ് മറിയം.

4. മറിയത്തെപ്പറ്റിയുള്ള നല്ല പുസ്തകങ്ങൾ വായിക്കുക

വി. ലൂയീസ് ഡീ മോൺഫോർട്ട് മറിയത്തെ വിളിക്കുക, ‘ദൈവത്തിന്റെ അമൂല്യമായ കലാസൃഷ്ടി’ എന്നാണ്. ‘The Glories of Mary’ എന്ന മരിയൻ ക്ലാസിക്കലിൽ, മരിയൻ വേദപാരംഗതൻ എന്നറിയപ്പെടുന്ന വി. അൽഫോൻസ് ലിഗോരിയുടെ പുസ്തകം, ഈശോയോടും പരിശുദ്ധ മാതാവിനോടുമുള്ള സ്നേഹത്താൽ നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ഉത്തമ ഉപാധിയാണ്. ‘പരിശുദ്ധ രാജ്ഞി…’ എന്ന പ്രാർത്ഥനയുടെ മനോഹരമായ വിവരണം ഈ ഗ്രന്ഥത്തിൽ വി. അൽഫോൻസ് നൽകുന്നു. മറിയത്തെ, മാലാഖമാരുടെ രാജ്ഞി, വിശുദ്ധരുടെ രാജ്ഞി, രക്തസാക്ഷികളുടെ രാജ്ഞി, കന്യകളുടെ രാജ്ഞി തുടങ്ങിയ സംജ്ഞകൾ വചനത്തിന്റെ വെളിച്ചത്തിൽ അൽഫോൻസ് ലിഗോരി വിവരിക്കുന്നു. ഈശോയോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള സ്നേഹത്താൽ എരിയുവാൻ The Glories of Mary സഹായിക്കുന്നു. ഈ ഗ്രന്ഥങ്ങളോ മറ്റു മരിയൻ വിജ്ഞാനഗ്രന്ഥങ്ങളോ ഈ മരിയൻ ആഴ്ചയിൽ വായിക്കുന്നത് ഉത്തമമായിരിക്കും.

5. ജപമാല പ്രാർത്ഥന ശീലമാക്കുക

പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്ക് ജീവിതത്തിൽ എണ്ണമറ്റ അനുഗ്രഹങ്ങളാണ് ലഭിക്കുക. പരിശുദ്ധ മറിയത്തിൻ്റെ പിറന്നാളിനൊരുങ്ങാൻ ഫലപ്രദമായ മറ്റൊരു വഴിയാണ് ജപമാല പ്രാർത്ഥന. നമുക്കുമുമ്പേ കടന്നുപോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ അഞ്ചു ഫലങ്ങൾ നമ്മോട് പറഞ്ഞുതരുന്നു.

a. ജീവിതത്തിൽ ധാരാളം സമാധാനം ലഭിക്കുന്നു

“നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക” – പതിനൊന്നാം പീയൂസ് പാപ്പ.

b. ജപമാല പ്രാർത്ഥനാ സമയം കൂടുതൽ സാന്ദ്രമാകുന്നു

“പ്രാർത്ഥിക്കാനുള്ള ഏറ്റവും മഹത്തരമായ മാർഗ്ഗം ജപമാല ചൊല്ലി പ്രാർത്ഥിക്കകയാണ്” – വി. ഫ്രാൻസീസ് ദി സാലസ്.

c. ജപമാലയിലെ രഹസ്യങ്ങളും പ്രാർത്ഥനകളും ധ്യാനിക്കുന്നതിനാൽ നമ്മൾ ദൈവവചനത്തോട് കൂടുതൽ അടുപ്പമുള്ളവരാകുന്നു

“ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!” (ലൂക്കാ 1:28).

d. ക്രിസ്തുശിഷ്യത്വത്തിൽ വളരുന്നു 

“ജപമാല ചൊല്ലുക, നമ്മുടെ പാപങ്ങളുടെ വിരസത, നന്മ നിറഞ്ഞ മറിയത്തിന്റെ ഏകതാളത്താൽ അനുുഗ്രഹിക്കപ്പെടട്ടെ!” – വി. ജോസ് മരിയ എസ്ക്രീവ.

e. ക്രിസ്തുവിന്റെ ശരീരമായ സഭയോടും സ്വർഗ്ഗത്തോടും നമ്മെ കൂടുതൽ ബന്ധിപ്പിക്കുന്നു

“സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരുവശത്ത് നമ്മുടെ കരങ്ങളും മറുവശത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും. ജപമാല പ്രാർത്ഥന പരിമിളധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേയ്ക്കു പറന്നുയരുന്നു” – ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ.

ഈ അഞ്ചു വഴികളിലൂടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനായി നമുക്കൊരുങ്ങാം…

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.