കോളേജ് ജീവിതം ഈശോയോടൊപ്പം സുന്ദരമാക്കാം ഈ അഞ്ചു മാർഗ്ഗങ്ങളിലൂടെ

ജീവിതത്തിലെ, സന്തോഷം നിറഞ്ഞതും ഉല്ലാസകരവുമായ കാലഘട്ടമാണ് കോളേജ് ജീവിതം. ആടിപ്പാടിയും യാത്രകൾ നടത്തിയും ഒക്കെ ജീവിതം ആഘോഷമാക്കുന്ന സമയം. ഈ സമയം ദൈവത്തോടൊപ്പം ആയിരുന്നാൽ നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുവാൻ കഴിയും.

കോളേജ് ജീവിതത്തിന്റെ തിരക്കുകളിൽ വിശ്വാസപരമായി നമുക്കുണ്ടായിരുന്ന പല ശീലങ്ങളും നഷ്ടമായേക്കാം. കൂട്ടുകാരുടെ സ്വാധീനവും നാം ജീവിക്കുന്ന ചുറ്റുപാടുമൊക്കെ നമ്മുടെ നല്ല ശീലങ്ങൾക്ക് വിഘാതം സൃഷ്ടിച്ചെന്നു വരാം. ഇത്തരം അവസരങ്ങളിൽ നമ്മുടെ വിശ്വാസജീവിതത്തെ നിധി പോലെ കാത്തുസൂക്ഷിക്കുവാൻ അഞ്ച് പരിഹാര മാർഗ്ഗങ്ങളിതാ..

1. വിശ്വാസത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന വ്യക്തികളെ കണ്ടെത്തുക

കോളേജിൽ നമ്മുടെ വിശ്വാസജീവിതത്തെ അനുകൂലിക്കുന്നവർ പൊതുവെ കുറവായിരിക്കാം. എന്നാൽ, കോളേജിന് അകത്തോ പുറത്തോ വിശ്വാസജീവിതത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന വ്യക്തികളെ കണ്ടെത്തുകയും അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുക. നമ്മുടെ വിശ്വാസജീവിതം കൂടുതൽ ആഴമുള്ളതാകാൻ ഇത്തരം ബന്ധങ്ങൾ സഹായിക്കും.

2. ഞായറാഴ്ച കുർബ്ബാനകളിൽ മുടങ്ങാതെ പങ്കെടുക്കുക.

ഇടവക ദേവാലയത്തോട് ചേർന്നുനിന്ന് കുർബാനയിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കാളിയാവുക. ഒപ്പം നമ്മുടെ കൂട്ടുകാരെയും വിശുദ്ധ ബലിയിലേയ്ക്ക് നയിക്കുന്ന നല്ല പ്രചോദകരാകുവാനും കഴിയണം. നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണെന്ന് കരുതി വിശുദ്ധ കുർബാനയ്ക്ക് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുമ്പോൾ അത് വിശ്വാസജീവിതത്തെ ബലപ്പെടുത്തും. തന്നെയുമല്ല ദൈവവുമായി അടുത്തു നിൽക്കുവാനും ജീവിതത്തെ പോസിറ്റീവായി കാണുവാനും വിശുദ്ധ കുർബാന സ്വീകരണം നമ്മെ സഹായിക്കും.

3. സംസാരത്തിലൂടെ നല്ല സന്ദേശം പങ്കുവയ്ക്കുക.

നാം എന്ത് വിശ്വസിക്കുന്നുവോ അത് പങ്കുവയ്ക്കാനുള്ള തുറന്ന വേദിയാണ് ക്യാമ്പസ്. അതിനാൽ തന്നെ ദൈവകാര്യങ്ങളെക്കുറിച്ചും അർത്ഥവത്തായ ഒരു ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂട്ടുകാരുമായി പങ്കുവയ്ക്കുകയും പോസിറ്റീവായ ഊർജ്ജം പകരുകയും ചെയ്യുക. ഓർക്കുക, നല്ല സന്ദേശങ്ങൾ നന്മയുള്ള മനസുകളിൽ നിന്ന് മാത്രമേ വരികയുള്ളൂ.

4. വിശ്വാസപരമായ കാര്യങ്ങൾ പഠിക്കുക.

വിശുദ്ധരുടെ പുസ്തകങ്ങൾ വായിക്കുകയും വിശ്വാസപരമായ കാര്യങ്ങൾ കേൾക്കുവാൻ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്യുക. സോഷ്യൽ മീഡിയ, നല്ല പുസ്തകങ്ങൾ എന്നിവ വഴി പ്രചോദനാത്മകമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതും നല്ലതാണ്.

5. ബൈബിൾ വായന

എല്ലാ ദിവസവും കുറച്ചു സമയം ബൈബിൾ വായനക്കായി നീക്കിവയ്ക്കുക. അത് ഒരു ശീലമാക്കുവാൻ മറ്റുള്ളവർക്ക് പ്രേരണ നൽകുന്നത് ഒരു ക്രിസ്ത്യാനിയുടെ കടമയാണ് എന്ന ചിന്ത ഉണ്ടാകുന്നതും നന്ന്. ക്യാമ്പസിന്റെ ഉള്ളിൽ തന്നെ ഏതെങ്കിലും ചാപ്പൽ ഉണ്ടെങ്കിൽ ദിവ്യകാരുണ്യ ഈശോയെ ഇടയ്ക്ക് സന്ദർശിക്കുന്നതും നല്ലൊരു ശീലമാണ്.

നമ്മുടെ വിശ്വാസം പങ്കുവയ്ക്കാനുള്ള ഏതൊരു അവസരത്തെയും നല്ല രീതിയിൽ വിനിയോഗിക്കേണ്ടത് ആവശ്യമാണ്. അങ്ങനെ  ക്യാമ്പസും സുഹൃത്തുക്കളും ഈശോയെ അറിയട്ടെ. അങ്ങനെ നല്ലൊരു വിശ്വാസജീവിതം നയിക്കുന്ന തലമുറയെ വാർത്തെടുക്കുവാൻ സാധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ