ദിനചര്യകൾക്കിടയിൽ ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ള അഞ്ചു വഴികൾ

ജോലിസ്ഥലത്തും വീട്ടിലുമായി തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പ്രാർത്ഥനയ്ക്കും ആത്മീയ കാര്യങ്ങൾക്കും സമയം ലഭിക്കുന്നില്ല എന്നതാണ് പലരുടെയും പരാതി. എന്നാൽ, ഈ ജോലികളൊക്കെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുവാൻ നമുക്ക് സാധിക്കും. അതെങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

നമ്മുടെ ചിന്തയെ പുനർ ക്രമീകരിക്കുകയാണെങ്കിൽ, ഏതവസരവും പ്രാർത്ഥനയാക്കി മാറ്റാൻ എനിക്ക് കഴിയും. പലവിധ ജോലികൾ ചെയ്തുകൊണ്ട് വിശുദ്ധ ജീവിതം നയിച്ച നിരവധി വിശുദ്ധരുണ്ട്. ദൈവവുമായി കൂടുതൽ അടുക്കാൻ അവരുടെ ദൈനംദിന ജോലികൾ തന്നെ അവർ മാർഗമാക്കി. ഉദാഹരണത്തിന്, ഡൊമിനിക്കൻ ആശ്രമത്തിൽ ചേരാൻ ആവശ്യപ്പെട്ടപ്പോൾ മറ്റ് ആളുകൾ ചെയ്യാൻ ആഗ്രഹിക്കാത്ത ജോലികൾ ചെയ്യാൻ മാർട്ടിൻ ഡി പോറസിനെ അനുവദിച്ചിരുന്നുള്ളു. ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ഒരു സേവകനായിരുന്നു. പ്രത്യേക അനുമതി ലഭിച്ചതിനുശേഷം മാത്രമേ രോഗികളെ പരിചരിക്കാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നുള്ളൂ. വളരെയേറെ കഷ്ടപ്പാടുകൾ അദ്ദേഹം ജീവിതത്തിൽ അനുഭവിച്ചു.  മാത്രമല്ല അദ്ദേഹം വലിയ പുസ്തകങ്ങൾ എഴുതുകയോ രാജ്യങ്ങളെ മുഴുവൻ സുവിശേഷവത്കരിക്കുകയോ ചെയ്തില്ല. എന്നാൽ, ദൈവവുമായി കൂടുതൽ അടുക്കാൻ ചെറിയ ജോലികൾ വരെ പരാതിയില്ലാതെ സ്നേഹത്തോടെ അദ്ദേഹം ചെയ്തു.

ഇതുപോലെ ഇന്ന് ജീവിക്കാൻ നമുക്കും സാധ്യമാണ്. അവ എങ്ങനെയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ദിവസത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ പ്രാർത്ഥനയ്ക്കായി മാറ്റിവെയ്ക്കുക

ഒരു നീണ്ട വരിയിൽ കാത്തിരിക്കുകയാണോ? തറയിൽ തുടയ്ക്കുകയാണോ? എന്തുമായിക്കൊള്ളട്ടെ, ആ സമയം പ്രാർത്ഥനയുടെ മനോഭാവത്തിൽ ആയിരിക്കുവാൻ നമുക്ക് സാധിക്കും. ജപമാലയുടെ ഒരു രഹസ്യം ചൊല്ലുവാൻ തുടങ്ങാം. കൂടുതൽ ഏകാഗ്രത ആവശ്യമുള്ള സമയമാണെങ്കിൽ ഈ ചെയ്യുന്ന കാര്യം നന്നായി ചെയ്യുവാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുവാൻ സാധിക്കും. അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ കുരിശടയാളം വരച്ചുകൊണ്ട് പ്രാർത്ഥനയുടെ മനോഭാവം പുലർത്തുവാൻ സാധിക്കും.

2. അനുദിന ബുദ്ധിമുട്ടുകളെ സമർപ്പിച്ചുകൊണ്ട് ജോലി ചെയ്യാം

ക്ഷമ ആവശ്യമുള്ളപ്പോൾ, കൂടുതൽ മടുപ്പ് അനുഭവപ്പെടുമ്പോൾ ഒക്കെ ആ ചെറിയ ബുദ്ധിമുട്ടുകളെ പ്രാർത്ഥന ആവശ്യമുള്ളവർക്ക് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ സാധിക്കും. സ്വന്തം വിഷമങ്ങളേക്കാൾ മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസും കൂടിയാണ് നാം ഇതിലൂടെ ആർജ്ജിച്ചെടുക്കുന്നത്. നമ്മളേക്കാൾ വേദന അനുഭവിക്കുന്ന ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ടെന്ന് മറക്കാതിരിക്കാം.

3. യാത്രചെയ്യുമ്പോൾ പ്രാർത്ഥിക്കാം

യാത്ര തുടങ്ങുമ്പോഴും ഡ്രൈവ് ചെയ്യാൻ തുടങ്ങുമ്പോഴും നമുക്ക് പ്രാർത്ഥിക്കാം. അതിലൂടെ കണ്ടു മുട്ടുന്ന വ്യക്തികളെയും യാത്ര ചെയ്യുന്ന മറ്റുള്ളവരെയും യേശുവിന് സമർപ്പിക്കാം. മാത്രമല്ല, നമ്മുടെ സംരക്ഷണത്തിന് ഏല്പിച്ചിരിക്കുന്ന കാവൽ മാലാഖമാരുടെ പ്രത്യേക സംരക്ഷണം യാചിക്കുവാനും നമുക്ക് സാധിക്കും.

4. ആത്മീയ പ്രബോധനങ്ങളോ പാട്ടുകളോ ശ്രവിക്കുക

വൃത്തിയാക്കുന്ന സമയങ്ങളോ ഭക്ഷണം പാകം ചെയ്യുന്ന സമയത്തോ നല്ല ആത്മീയ പ്രബോധനങ്ങളോ ഗാനങ്ങളോ ശ്രവിക്കുന്നത് ആത്മീയ ഉണർവും നല്ല ഉൾക്കാഴ്ചകളും പ്രചോദനകളും ലഭിക്കുന്നതിന് സഹായിക്കും. നിശബ്ദമായി ഇരിക്കുന്ന ഇത്തരം വേളകളിലോ അല്ലെങ്കിൽ, ആകുലപ്പെട്ടിരിക്കുന്ന സമയങ്ങളിലോ ഇത്തരം നല്ല കാര്യങ്ങൾ ശ്രവിക്കുന്നത് നമ്മെ കൂടുതൽ ഉന്മേഷമുള്ളവരും ആത്മീയമായി ഉണർവുള്ളവരുമാക്കും.

5. ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രാർത്ഥിക്കാം

‘യേശുവേ, ഈ ഭക്ഷണത്തിന് നന്ദി’ എന്നോ ‘കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ’ എന്നോ ഉള്ള ചെറിയ പ്രാർത്ഥനകൾ ഭക്ഷണത്തിന് മുൻപ് ചൊല്ലാം. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തെയും അത് പാകം ചെയ്തവരെയും ദൈവത്തിന് സമർപ്പിക്കാം. ഭക്ഷണസമയത്ത് ദൈവത്തിന് നന്ദി പറയുമ്പോൾ ഒരു ദിവസം തന്നെ പല സമയങ്ങളിൽ ദൈവ സാന്നിധ്യ സ്മരണയിൽ ജീവിക്കുവാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.