ആത്മീയമായി ശക്തരാകാന്‍ അഞ്ച് വഴികള്‍

ബലഹീനതകളുടെ ആകെത്തുകയാണ് മനുഷ്യജന്മം. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നാം പലപ്പോഴും ബലഹീനരാകാറുണ്ട്. എന്നാല്‍ പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഈ പ്രതിസന്ധി ഘട്ടങ്ങളെ നമുക്ക് മറികടക്കാന്‍ സാധിക്കും. ദൈവത്തിന്റെ കരം പിടിച്ച് ഈ അന്ധകാരത്തെ മറികടക്കുന്നതെങ്ങനെയെന്ന് ലൈഫ് ഡേ പരിശോധിക്കുന്നു.

1. എന്റെ ബലഹീനതകള്‍ ഞാന്‍ ദൈവത്തിങ്കലര്‍പ്പിക്കുന്നു

മനുഷ്യന്റെ എല്ലാ സങ്കടങ്ങളും പ്രതിസന്ധികളും അറിയുന്നവനാണ് ദൈവം. കഴിവുകളും കുറവുകളും ദൈവത്തിന്റെ കണ്ണില്‍ നിന്ന് മറച്ചുപിടിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ‘ഞാന്‍ ബലഹീനനാണ്,  നീ മാത്രമേ എന്നെ സഹായിക്കാനുളളൂ’ എന്ന് ദൈവത്തോട് ഏറ്റുപറയുന്ന നിമിഷം അവിടുന്ന് നമ്മെ കൈവെടിയുകയില്ല. അതിനാല്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും ബലഹീനതകളും ദൈവത്തിങ്കലര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്ന സമയം ഞാന്‍ ദൈവത്തോട് കൂടിയാണ് എന്ന് ഉറച്ച് വിശ്വസിക്കുക.  പ്രതിസന്ധികള്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടുകളും ചിന്തകളും മാറിവരും. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കിട്ടിയില്ലെങ്കിലും ശക്തനായവന്‍ കൂടെയുണ്ട് എന്ന വിശ്വാസം നമ്മെ നയിക്കും.

2. ബൈബിള്‍ വചനങ്ങളും വാക്കുകളും ഞാന്‍ എഴുതി സൂക്ഷിക്കും

ബൈബിള്‍ ഒരു കവചമാണ്. തകര്‍ന്നു പോകും എന്ന് ഉറപ്പിച്ച ചില നിമിഷങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വീട്ടില്‍ ബൈബിള്‍ വചനങ്ങള്‍ എഴുതി സൂക്ഷിക്കുന്ന ശീലം നല്ലതാണ്. എളുപ്പം കാണുന്ന ഇടങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യങ്ങള്‍ എഴുതിയിടുക. വാഹനങ്ങളിലും ഇങ്ങനെ ചെയ്യാവുന്നതാണ്. യാത്രയെ പ്രാര്‍ത്ഥനാ നിര്‍ഭരമാക്കുന്ന ബൈബിള്‍ വരികള്‍ വാഹനത്തില്‍ സൂക്ഷിക്കുക.

3. ദൈവം എനിക്ക് നല്‍കിയ നന്മകളെ ഞാന്‍ ഓര്‍ത്തെടുക്കും

‘എനിക്ക് ദൈവം സങ്കടങ്ങള്‍ മാത്രം നല്‍കിയതെന്തിനാണ്’ എന്നോര്‍ത്ത് വിലപിക്കുന്നതിന് മുമ്പ് അവിടുന്ന് നല്‍കിയ അനുഗ്രഹങ്ങളെയും നന്മകളെയും ഓര്‍ത്തെടുക്കുക. പ്രാര്‍ത്ഥനാ പുസ്തകം തയ്യാറാക്കുക എന്നത് നല്ലൊരു പ്രവര്‍ത്തിയാണ്. വെറും പുസ്തകമല്ല, ദൈവം നല്‍കിയ അനുഗ്രഹങ്ങളും അവിടുത്തോട് യാചിച്ച നിയോഗങ്ങളും ഈ ബുക്കില്‍ രേഖപ്പെടുത്തി വയ്ക്കുക. ചില വന്‍പ്രതിസന്ധിഘട്ടങ്ങള്‍ വരുമ്പോള്‍ മുന്‍കാലത്ത് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ വായിച്ചു നോക്കുക. അവിടുന്ന് നമുക്ക് സങ്കടങ്ങള്‍ മാത്രമല്ല, നല്‍കിയിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

4. വിശ്വാസമുളളവരോട് ഞാന്‍ എന്റെ സങ്കടങ്ങള്‍ പങ്ക് വയ്ക്കും

‘എന്ത് ഭാരമാണെങ്കിലും അത് പങ്കിടുമ്പോള്‍ ലാഘവമുള്ളതായിത്തീരും’ എന്ന കാര്യം സത്യമാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ ആകട്ടെ, വ്യക്തിപരമായി അലട്ടുന്ന പ്രശ്‌നങ്ങളാകട്ടെ; എല്ലാം പങ്ക് വയ്ക്കപ്പെടേണ്ടതാണ്. നമ്മെ മനസ്സിലാക്കുന്ന നമുക്ക് വിശ്വാസമുള്ള ആളുകള്‍ ആയിരിക്കണം നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടത്. അല്ലാത്തപക്ഷം അവരതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണെമന്നില്ല. lifeday. നമുക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കുന്നവരായിരിക്കണം അവര്‍. നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുന്നവരായാല്‍ ഏറെ നല്ലത്.

5. എന്റെ സഹായം ആവശ്യമുള്ളവരെ ഞാന്‍ അന്വേഷിക്കും

എല്ലായ്‌പ്പോഴും നമ്മുടെ പ്രശ്‌നങ്ങള്‍ വന്‍മലകളായി അനുഭവപ്പെടുന്നത് മറ്റുള്ളവരിലേക്ക് ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാണ്. നമുക്ക് പ്രതിസന്ധികള്‍ ഉണ്ടെന്നിരിക്കെ, നമ്മുടെ സഹായം ആവശ്യമുള്ളവരും നമുക്ക് ചുറ്റുമുണ്ടാകും. അവരെ സഹായിക്കാനുള്ള മനസ്സുണ്ടാകുക. നമ്മുടെ കാഴ്ചപ്പാടുകളും ചിന്തകളും അപ്പോള്‍ മാറ്റത്തിന് വിധേയമാകും. കൂടുതല്‍ ദൈവത്തിങ്കലേക്ക് അടുക്കുന്നതിനും സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.