നല്ല സുഹൃത്താകാൻ മക്കൾക്ക് പറഞ്ഞുകൊടുക്കേണ്ട അഞ്ചു കാര്യങ്ങൾ

ഇന്ന് പല കുട്ടികളുടെയും ലോകം സോഷ്യൽ മീഡിയയിലും സ്വന്തം മുറിക്കുള്ളിലുമായി ചുരുങ്ങുന്ന അവസ്ഥ ഏറുകയാണ്. അതോടൊപ്പം സ്വയം ഉൾവലിയുന്ന സ്വഭാവമുള്ളവരായും അവർ മാറുന്നു. സോഷ്യൽ മീഡിയയുടെ അതിപ്രസരം മൂലം അല്ലാതെയുള്ള സുഹൃത്തുക്കളുടെ എണ്ണം കുറയുന്നു. ധാരാളം സുഹൃത്തുക്കൾ ഉണ്ട്. എന്നാൽ, ഒരു നല്ല സുഹൃത്തായിരിക്കാൻ പലർക്കും അറിയില്ല. മറ്റുള്ളവർക്ക് നല്ല സുഹൃത്തായി മാറാൻ മക്കൾക്ക് പറഞ്ഞുകൊടുക്കേണ്ട അഞ്ചു കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്

തങ്ങൾക്ക് ജീവിതത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ബോധപൂർവ്വം മനസിലാക്കാതെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു സംസാരിക്കുന്ന രീതി മക്കൾക്കുണ്ടെങ്കിൽ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത് പിന്നീട് അസൂയയിലേക്കും സന്തോഷമില്ലായ്മയിലേക്കും സ്നേഹക്കുറവിലേക്കും അവരെ നയിച്ചേക്കാം. ഓരോ വ്യക്തിയെയും അവരായിരിക്കുന്ന വിധം അംഗീകരിക്കാനും സ്നേഹിക്കാനുമുള്ള പരിശീലനം രക്ഷിതാക്കൾ മക്കൾക്ക് നൽകുക. അത് നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ അവരെ സഹായിക്കും.

2. കൂട്ടുകാർ തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ അത് അവർ സ്വയം പരിഹരിക്കട്ടെ

ചെറിയ അഭിപ്രായവ്യത്യാസവും വിയോജിപ്പുകളും സുഹൃത്തുക്കൾ തമ്മിൽ ഉണ്ടാകുമ്പോൾ, അവ മുതിർന്നവർ പരിഹരിക്കാൻ ശ്രമിക്കാതെ കുട്ടികൾക്കു തന്നെ അത് വിട്ടുകൊടുക്കുക; അവർ അത് പരിഹരിക്കട്ടെ. വിയോജിപ്പുകൾ കൈകാര്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കുകയും സമാധാനപരമായി പരിഹരിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

3. കുടുബാംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധം

മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പരിശീലനം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധം കാത്തുസൂക്ഷിക്കുക. പരസ്‌പര സഹവാസം ആസ്വദിക്കാൻ ഇത് കുട്ടികളെ സഹായിക്കും.

4. പരസ്പരം ആസ്വദിക്കുന്ന കാര്യങ്ങൾ തിരിച്ചറിയുക

സുഹൃത്തുക്കൾക്ക് പരസ്പരം ഇഷ്ടപ്പെടുന്ന ഒരേ പോലെയുള്ള കാര്യങ്ങൾ ഉണ്ടാകാം. അവ എന്താണെന്ന് തിരിച്ചറിയുക. പരസ്പരമുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ഇത് സഹായിക്കും.

5. ഒരു ടീമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുക

സഹോദരങ്ങളുമായും മറ്റുള്ളവരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ഒരു ടീമായി പ്രവർത്തിക്കുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഒരു കാര്യം ഒരുമിച്ച് ചെയ്യാനുള്ള പരിശീലനം കൊടുക്കുമ്പോൾ, നല്ല കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പരിശീലനവും കൂടിയാണ് അതുവഴി നാം മക്കൾക്ക് നൽകുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.