ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനം – അറിയേണ്ടതെല്ലാം

ഇറാഖിന്റെ മണ്ണിലേക്ക് എത്തുന്ന പത്രോസ് ശ്ലീഹായുടെ ആദ്യത്തെ പിൻഗാമിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. ഈ പ്രത്യേകതയോടൊപ്പം തന്നെ മറ്റനവധി സവിശേഷതകൾ ഈ യാത്രയ്ക്കും സന്ദർശനത്തിനുമുണ്ട്. ഇറ്റലിക്ക് പുറത്തുള്ള ഫ്രാൻസിസ് പാപ്പായുടെ 33 -മത് യാത്രയാണിത്. ചരിത്ര പ്രാധാന്യമുള്ള ഈ യാത്രയുടെ പ്രധാനപ്പെട്ട അഞ്ചു പ്രത്യേകതകൾ:

1. ഇറാഖ് സന്ദർശനം: ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ദീർഘകാല ആഗ്രഹം

ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് നിറവേറ്റാൻ കഴിയാത്ത സ്വപ്നങ്ങളിലൊന്നാണ് ഫ്രാൻസിസ് പപ്പാ പൂർത്തീകരിക്കുവാൻ പോകുന്നത്. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജന്മ സ്ഥലം സന്ദർശിക്കുവാൻ രണ്ടായിരാം ആണ്ടില്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ചില രാഷ്ട്രീയപരമായ കാരണങ്ങളാലും സുരക്ഷാ പ്രശ്നങ്ങളാലും അന്ന് സാധിച്ചില്ല.

ഫ്രാൻസിസ് പാപ്പയുടെ മനസ്സിലും അത് തന്നെയായിരുന്നു ഉണ്ടായിരുന്നത്. തന്റെ മുൻഗാമിയുടെ വലിയ ആഗ്രഹത്തെ ഹൃദയത്തിൽ ചേർത്തുവെച്ചുകൊണ്ട് അദ്ദേഹം അതിനു തയാറാകുകയായിരുന്നു. ഇറാഖിലെ ജനങ്ങളെ താൻ രണ്ടാമതും നിരാശപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല എന്നും തന്റെ മുൻഗാമി മെസപ്പൊട്ടേമിയയുടെ മണ്ണിൽ കാലുകുത്തുവാൻ കഴിയാത്തതിൽ കരഞ്ഞുവെന്നും ഫ്രാൻസിസ് പാപ്പാ മുൻപ് പറഞ്ഞിരുന്നു. ജോൺ പോൾ രണ്ടാമന്റെ ആഗ്രഹ പൂര്‍ത്തികരണംപോലെ ഇരുപത് വർഷങ്ങൾക്ക് ശേഷം തനിക്ക് അബ്രഹാമിന്റെ ജന്മനാട്ടിലേക്ക് പോകുവാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും പാപ്പാ വെളിപ്പെടുത്തി.

2. കോവിഡ് -19 കാലത്തെ പാപ്പയുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര

2019 നവംബർ 26 -ന് ജപ്പാന്‍ – തായ്‌ലാന്‍ഡ്‌ സന്ദര്‍ശനത്തിനു ശേഷം തിരികെ റോമിൽ വന്നിറങ്ങിയ അദ്ദേഹം പിന്നീട് ഒരു വർഷത്തേക്ക് യാത്ര പോകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഏതാനും ആഴ്ചകൾക്കു ശേഷം സംഭവിച്ച കോവിഡ് പ്രതിസന്ധി, അദ്ദേഹത്തിന്റെ ഇന്തോനേഷ്യയിലേക്കും പപ്പുവ ന്യൂഗിനിയിലേക്കുമുള്ള യാത്രകൾ റദ്ദാക്കി. ആരോഗ്യ അടിയന്തര അവസ്ഥകൾ നിലവിലുണ്ടെങ്കിൽ ഇറാഖിലേക്കുള്ള യാത്ര പോലും ആദ്യ ഘട്ടത്തിൽ മാറ്റിവെയ്ക്കുവാൻ തീരുമാനിച്ചിരുന്നു.

3. 15 മണിക്കൂർ ആകാശത്ത്; സന്ദർശനത്തിനിടയിൽ ഒൻപത് വിമാന യാത്രകൾ

നാല് ദിവസത്തെ സന്ദർശനത്തിൽ പാപ്പാ ഒൻപത് വിമാന യാത്രകൾ നടത്തും. ഏകദേശം 15 മണിക്കൂർ ആകാശത്ത് ചെലവഴിക്കും. കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് കൂടുതൽ ഇടങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.

4. ആരോഗ്യ- സുരക്ഷാ അനിശ്ചിതാവസ്ഥ

ലോകം നേരിടുന്ന ആരോഗ്യ പ്രതിസന്ധിയിൽ ഇറാഖിന്റെ സ്ഥിതിയും വ്യത്യസ്‍തമല്ല. എന്നിരുന്നാലും ഭരണകൂടം പേപ്പൽ സന്ദർശനത്തെ മുൻ നിർത്തിക്കൊണ്ട് ലോക്‌ഡൗണും കർഫ്യുവുമടക്കം നിരവധി സുരക്ഷാ സംവിധാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥിതി വളരെ ആശങ്കാ ജനകമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റോക്കറ്റ് ആക്രമണങ്ങളും ചാവേറാക്രമണങ്ങളും രാജ്യത്തിന്റെ അസ്ഥിരമായ സുരക്ഷയെ വ്യക്തമാക്കുന്നതാണ്. തന്റെ കുടുംബത്തിലെ ദുരിതമനുഭവിക്കുന്നവരെ കാണുവാൻ പോകുന്നത് ഏറ്റവും വലിയ കാര്യമാണ്. അതിനാൽ തന്നെ ഈ യാത്രയെ ‘അനുകമ്പയോടെ സന്ദർശനമെന്നാണ്’ ഇറാഖി ജനത വിശേഷിപ്പിക്കുന്നത്.

5. ചരിത്ര പ്രധാനമായ കൂടിക്കാഴ്ചകൾ

ഫ്രാൻസിസ് പാപ്പായും ലോകത്തിലെ ഉയർന്ന ഷിയാ മുസ്ലിം അധികാരികളുമായി നടക്കുവാൻ പോകുന്ന കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള നേതാക്കൻമാർ തമ്മിലുള്ള ഈ കൂടിക്കാഴ്ചകളിലൂടെ ഇതര മതസ്ഥരെ മറന്നിട്ടില്ലെന്നും ലോകത്തിലെ സമാധാനവും സുരക്ഷയും ഉറപ്പിക്കുന്നതിൽ സൗഹൃദ സംഭാഷണത്തിന് വലിയ പങ്കുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

സുനീഷ നടവയല്‍ 

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.