
ഈശോയുടെ ജനനത്തിനായി ഹൃദയത്തെ ഒരുക്കാൻ അഞ്ച് കാര്യങ്ങൾ ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിക്കുന്നു. ജീവിതസാഹചര്യത്തിന് അനുയോജ്യമായ ചില കാര്യങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ട് ക്രിസ്തുമസിനായി ഒരുങ്ങാനാണ് പാപ്പാ നിർദ്ദേശിക്കുന്നത്. അതിനായി പാപ്പാ നിർദ്ദേശിക്കുന്ന അഞ്ചു കാര്യങ്ങൾ ഇതാ…
1. ഒറ്റപ്പെട്ടു കഴിയുന്നവരെ ഫോൺ വിളിച്ച് ആശംസകൾ അറിയിക്കുക
ഏകാന്തതയിൽ കഴിയുന്നവരോട് ആശംസകൾ അറിയിക്കുകയും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ കഴിയുന്നുവെന്നത് നമുക്കു ചെയ്യാവുന്ന വലിയൊരു നന്മയാണ്.
2. പ്രായമായവരെയും രോഗികളെയും സന്ദർശിക്കുക
അനാരോഗ്യം മൂലം വേദനിക്കുന്നവരെയും കിടപ്പുരോഗികളെയും സന്ദർശിക്കുക. അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുക.
3. ദരിദ്രരെ സേവിക്കുക
ദരിദ്രരെ ഒരിക്കലും മാറ്റിനിർത്താതെ അവരെ നമ്മിലൊരാളായി കണ്ട് സ്നേഹിക്കണം. അവരുടെ ആവശ്യങ്ങളിൽ സഹായിക്കണം.
4. ക്ഷമ ചോദിക്കുക, ക്ഷമിക്കുക
നമ്മൾ വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുകയും നമ്മൾ ക്ഷമിക്കാനുള്ളവരോട് ക്ഷമിക്കുകയും ചെയ്യുക. പറഞ്ഞുതീർക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കുക.
5. ഒരുക്കത്തോടെ കുമ്പസാരത്തിന് ഒരുങ്ങുക
അനുതപിച്ച്, നല്ല കുമ്പസാരം നടത്തി പാപമോചനം സ്വീകരിക്കുക. എളിമയോടെ കർത്താവിന്റെ സന്നിധിയിൽ ആയിരിക്കാനും പ്രാർത്ഥിക്കാനും ശ്രമിക്കുക.
ഐശ്വര്യ സെബാസ്റ്റ്യൻ