ജോലിയും കുടുംബജീവിതവും എങ്ങനെ സന്തുലിതമാക്കാമെന്ന് കാണിച്ചു തരുന്ന 5 വിശുദ്ധർ

ആധുനിക ലോകം വളരെ തിരക്കുകൾ നിറഞ്ഞതാണ്. ജീവിതം പച്ചപിടിപ്പിക്കാനുള്ള ഓട്ടമാണ് എവിടെയും. ഇവിടെ ഒരു ജോലി വളരെ അത്യന്താപേക്ഷിതമാണ്. ഓഫിസിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ഓഫീസിലേയ്ക്കും ഉള്ള ഓട്ടത്തിനിടെ പലരുംപറയുന്ന ഒന്നാണ് മടുത്തു എന്നത്. തിരക്കുകളും മടുപ്പും നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയിൽ നിന്ന് അകലുവാനും കാരണമാകാം.

കുടുംബജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോവുക എന്നത് അല്പം പ്രയാസം ഉള്ള കാര്യമാണ്. എന്നാൽ ജോലിതിരക്കുകൾ ഉണ്ടായിരുന്നിട്ടും അതിനിടയിലും കുടുംബത്തെ സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ വിശുദ്ധരായി വളർത്തുകയും ചെയ്ത വ്യക്തികളുണ്ട്. സഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ അഞ്ചു വിശുദ്ധരുടെ ജീവിതത്തിലൂടെ കടന്നുപോകാം. അവരെ മാതൃകയാക്കാം.

1. വിശുദ്ധ ബേസിലും വിശുദ്ധ എമ്മീലിയയും

ഈ വിശുദ്ധ ദമ്പതികൾ ഒൻപതു മക്കളുടെ മാതാപിതാക്കളാണ്. മക്കളിൽ പലരും സഭയിലെ വിശുദ്ധരുമാണ്. വിശുദ്ധ ബേസിൽ ഒരു അഭിഭാഷകനായിരുന്നു. അദ്ദേഹവും അദ്ദേഹത്തിൻറെ ഭാര്യ എമ്മീലിയയും വിശുദ്ധന്റെ അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. വിശുദ്ധ ബേസിലിന്റെ അമ്മയുടെ സഹായത്താൽ ഈ ദമ്പതികൾക്ക് തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൽ വളർത്തുവാനും ആ വിശ്വാസത്തിൽ നിലനിർത്തുവാനും സാധിച്ചു. ബേസിലിന്റെ മരണ ശേഷം എമ്മീലിയ തന്റെ മക്കൾക്ക് സ്വത്ത് വീതം വച്ച് നൽകുകയും ഒരു മകൾക്കൊപ്പം ലളിതമായ ജീവിതം നയിക്കുകയും ചെയ്തു. എമ്മീലിയയ്ക്കും മകൾക്കും ഒപ്പം ധാരാളം സ്ത്രീകൾ താമസിക്കാൻ എത്തി. അങ്ങനെ അവർ ഒരു സന്യാസ സമൂഹത്തിനു രൂപം നൽകി.

2. കൃഷിക്കാരനായ വിശുദ്ധ ഇസിഡോറും വിശുദ്ധ മരിയയും

വിശുദ്ധ ഇസിഡോർ തന്റെ ഭാര്യയായ മരിയയ്‌ക്കൊപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്തു വന്നിരുന്നു. ഇവർക്ക് ഒരു കുഞ്ഞുണ്ടായി. എങ്കിലും ചെറുപ്പത്തിൽ തന്നെ ആ കുഞ്ഞു മരിച്ചു പോയി. ഇസിഡോർ വളരെ ഭക്തനായ ഒരു മനുഷ്യനായിരുന്നു. കഠിനമായി അധ്വാനിക്കുകയും തന്റെ പ്രയത്നങ്ങൾ എല്ലാം ദൈവത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ പ്രാർത്ഥനയ്ക്കും സമയം കണ്ടെത്തിയിരുന്നു. മരിയ വളരെ ആദിത്യ മര്യാദ ഉള്ളവളായിരുന്നു. അവൾ ഭക്ഷണം ഉണ്ടാക്കുകയും വിശന്നു വലഞ്ഞു തന്റെ പക്കൽ എത്തുന്നവർക്ക് ആഹാരം നൽകുകയും ചെയ്തിരുന്നു. എത്ര തിരക്കുണ്ടായാലും പ്രാർത്ഥിക്കുവാനായി സമയം കണ്ടെത്തുകയും ജോലികൾ കൃത്യ സമയത്ത് തീർക്കുകയും ചെയ്തിരുന്നു.

3. വിശുദ്ധ ലൂയിസ് മാർട്ടിനും വിശുദ്ധ സെലി മാർട്ടിനും  

ഈ വിശുദ്ധ ദമ്പതികൾ എല്ലാവർക്കും പരിചിതരാണ്. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കൾ. കൊച്ചുത്രേസ്യയെ കൂടാതെ മറ്റു നാല് മക്കൾ കൂടിയുണ്ടായിരുന്നു ഈ വിശുദ്ധ ദമ്പതികൾക്ക്. ഇരുവരും ഒരുമിച്ച് ലേസ് ബിസിനസ് നടത്തുകയായിരുന്നു. ലൂയിസ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുകയും സെലി ബിസിനസ് നോക്കിനടത്തുകയും ചെയ്തു പോന്നു. തങ്ങളുടെ ജോലിക്കിടയിലും അവർ പ്രാർത്ഥനയ്ക്കായി പ്രത്യേകം ശ്രദ്ധിക്കുകയും കുടുംബത്തിന്റെ ഉന്നമനത്തിനായി ആത്മാർഥമായി പരിശ്രമിക്കുകയും ചെയ്തിരുന്നു.

4. വിശുദ്ധ വലിയ നേർസസ്‌

നേർസസ്‌ ഒരു രാജകുമാരിയെയാണ് വിവാഹം ചെയ്‌തിരുന്നത്‌. അവർക്കു ഒരു കുഞ്ഞുണ്ടായിരുന്നു. വിശുദ്ധ ഐസക് ദി ഗ്രേറ്റ്. നേർസസ്‌ തന്റെ ഭാര്യയുടെ മരണ ശേഷം അർമേനിയൻ രാജാവിന്റെ കോടതിയിൽ ജോലി ചെയ്യാൻ തുടങ്ങി. വൈകാതെ തന്നെ ബിഷപ്പാകുകയും രാജാവിന്റെ നെറികേടിനെ ചൂണ്ടിക്കാണിച്ചതിനു അദ്ദേഹത്തെ വധിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ മകൻ തന്റെ പിതാവിന്റെ പാത പിന്തുടർന്നു. വിവാഹ ശേഷം ഭാര്യ മരിച്ച ഐസക് സന്യാസ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. അർമേനിയൻ സഭയെ വളർച്ചയുടെ പാതയിൽ എത്തിക്കുവാൻ വിശുദ്ധ ഐസക്കിന് കഴിഞ്ഞു.

5. വിശുദ്ധ ജിയന്ന മൊള്ള

നാലുമക്കളുടെ അമ്മയായ ഈ വിശുദ്ധ കുട്ടികളുടെ ഡോക്ടറായിരുന്നു. തന്റെ ഭർത്താവായ പിയെത്രോയ്‌ക്കൊപ്പം സന്തോഷത്തോടെ കുടുംബജീവിതം നയിച്ചിരുന്നു. ഇടവക ദൈവാലയവുമായി അടുത്തു നിന്നിരുന്ന ജിയന്ന സമയം കിട്ടുമ്പോഴൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചിരുന്നു. ജിയ ന്നയും പിയെത്രോയും ചേർന്ന് സ്നേഹം നിറഞ്ഞ ഒരു കുടുംബം കെട്ടിപ്പൊക്കുവാൻ ശ്രമിച്ചിരുന്നു. മുപ്പത്തിയൊൻപതാം വയസിൽ തന്റെ കുഞ്ഞിനായി ഈ വിശുദ്ധ ജീവൻ സമർപ്പിച്ചു.

ജീവിതത്തിൽ തിരക്കുകൾ എല്ലാവർക്കും ഉണ്ട്. ആ തിരക്കുകളെയും ഉത്തരവാദിത്വങ്ങളെയും ദൈവത്തിനായി സമർപ്പിക്കുമ്പോഴാണ് അവ കൂടുതൽ വിശുദ്ധീകരിക്കപ്പെടുന്നത്.