കുടുംബജീവിതത്തിന് സഹായിക്കുന്ന അഞ്ച് വിശുദ്ധ അമ്മമാര്‍

കുടുംബജീവിതം എന്നത് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. പ്രത്യേകിച്ച് മാതാപിതാക്കള്‍ എന്ന ഉത്തരവാദിത്വം നിറവേറ്റുന്ന നേരങ്ങളില്‍, അതില്‍ പ്രത്യേകിച്ച് അമ്മമാരുടെ ഉത്തരവാദിത്വങ്ങളില്‍. പലപ്പോഴും നിരാശയിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും പോലും അത്തരം ഉത്തരവാദിത്വങ്ങള്‍ പലരെയും നയിക്കാറുണ്ട്. നിസ്സഹായരായി പോവുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് സഹായികളായി വര്‍ത്തിക്കുന്ന ചില ആത്മീയ അമ്മമാരുണ്ട്. വേദനാജനകമായ അവസരങ്ങളില്‍ അവരോട് മാദ്ധ്യസ്ഥ്യം യാചിച്ചാല്‍ ആശ്വാസം ലഭിക്കുകയും ചെയ്യും. അവരുടെ ജീവിതം ആഴത്തില്‍ പരിശോധിച്ചാല്‍ മനസിലാവുന്ന മറ്റൊന്നു കൂടിയുണ്ട്. അവരുടെ ജീവിതങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്ന്. ഇത്തരത്തില്‍ വിശുദ്ധജീവിതം നയിച്ച്, സ്വര്‍ഗ്ഗസന്നിധിയില്‍ വിശുദ്ധപദവി അലങ്കരിക്കുന്ന ഏതാനും വിശുദ്ധ അമ്മമാരെ പരിചയപ്പെടാം..

1. വിശുദ്ധ മോനിക്ക

വി. അഗസ്റ്റിന്റെ മാതാവ്. മകന്റെ മാനസാന്തരത്തിനു വേണ്ടി വളരെക്കാലം ദൈവത്തോടു പ്രാര്‍ത്ഥിച്ച അമ്മ. ക്ഷമയോടെ മകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന അമ്മ. ദൈവവിശ്വാസത്തിന്റെ ആഴം വ്യക്തമാക്കിയ അമ്മ. മക്കളുടെ ദുര്‍നടത്തം ഓര്‍ത്ത് ദുഃഖിക്കുകയും അവരുടെ മാനസാന്തരം ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്ക് വി. മോനിക്കയോട് മാദ്ധ്യസ്ഥ്യം യാചിക്കാം.

2. വി. മദര്‍ തെരേസ

ഒരു മക്കളെയും പ്രസവിച്ചിട്ടില്ലെങ്കിലും ആയിരങ്ങള്‍ക്ക് അമ്മയായിരുന്നു മദര്‍ തെരേസ. ഏറ്റെടുത്ത മക്കളോട് കരുണയും വാത്സല്യവും ആവോളം പ്രകടിപ്പിച്ച അമ്മ. മക്കളായി കരുതിയവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ നടത്തിക്കൊടുത്ത അമ്മ. ദൈവത്തോട് ചേര്‍ന്നുനിന്ന് മക്കളിലേയ്ക്ക് സ്‌നേഹം ചൊരിയേണ്ടതെങ്ങനെയെന്ന് വി. മദര്‍ തെരേസ പഠിപ്പിക്കും.

3. വി. ജിയാന്ന മോള

അമ്മ എന്ന നിലയില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഈ വിശുദ്ധയോട് സഹായം തേടാം. ജീവന്‍ പോകുമെന്നറിഞ്ഞിട്ടും ഉദരത്തിലായിരുന്ന കുഞ്ഞിന് അവര്‍ ജന്മം കൊടുത്തു. ഗര്‍ഭസ്ഥ ശിശുക്കളുടെയും ഗര്‍ഭിണികളായ അമ്മമാരുടെയും മധ്യസ്ഥയാണ് വി. ജിയാന്ന മോള.

4. വി. ഫ്രാന്‍സിസ് ഓഫ് റോം

കുടുംബാംഗങ്ങളില്‍ നിന്നുണ്ടായ അവഗണനകള്‍ വകവയ്ക്കാതെ വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടും അവരോട് വിദ്വേഷം കാട്ടാതെ ആറു മക്കളുടെ അമ്മമായ വി. ഫ്രാന്‍സിസ് ദൈവത്തോട് അടുത്ത് ജീവിച്ചു. എല്ലാ തിക്താനുഭവങ്ങളുടെയും ഇടയിലും കുടുംബാംഗങ്ങളുടെ ഐക്യത്തിനായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍.

5. പരിശുദ്ധ മറിയം

സര്‍വ്വഗുണങ്ങളുടെയും മാതാവായ മറിയത്തോടാണ് ഏതൊരു അമ്മയും പ്രാര്‍ത്ഥിക്കേണ്ടത്. മറിയത്തോട് ചേര്‍ന്നുനിന്നുള്ള കുടുംബജീവിതം അനുഗ്രഹപൂരിതമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.