കരുണയുടെ ജപമാല ചൊല്ലുവാൻ അഞ്ചു കാരണങ്ങൾ

വ്യക്തിപരമായ ആവശ്യങ്ങൾക്കും മരണാസന്നരായവർക്കും ഒക്കെ വേണ്ടിയാണ് നാം പൊതുവെ കരുണയുടെ ജപമാല ചൊല്ലുന്നത്. ദൈവകരുണയുടെ നൊവേന ദിനങ്ങളിലൂടെയാണല്ലോ നാം കടന്നു പോകുന്നത്. കരുണ കൊന്തയുടെ പ്രാധാന്യത്തെ കൂടുതല്‍ മനസിലാക്കുന്നത് ഉചിതമാണ്. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനെയാണ് നാം കരുണക്കൊന്തയിലൂടെ പ്രത്യേകമാം വിധം ആരാധിക്കുന്നത്.

1. യേശു ആവശ്യപ്പെട്ട പ്രാർത്ഥന

പോളിഷ് സന്യാസിനിയായ വി. ഫൗസ്റ്റീനയ്ക്ക് ലഭിച്ച ദർശനങ്ങളിൽ എല്ലാം തന്നെ ദിവ്യകാരുണ്യ ഭക്തിയിൽ ആഴപ്പെടുന്നതിനുള്ള ആഹ്വാനമായിരുന്നു. കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനായിരുന്നു ദർശനത്തിൽ അറിയിച്ചത്. തുടർച്ചയായി ലഭിച്ച ദിവ്യകാരുണ്യ ദർശനങ്ങളിൽ വിശദമാക്കിയ കാര്യങ്ങൾ വിശുദ്ധ തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നു.

2. അനന്തമായ അനുഗ്രഹങ്ങൾ പ്രദാനം ചെയ്യുന്ന പ്രാർത്ഥന

കരുണയുടെ ജപമാല പ്രാർത്ഥിക്കുന്നവർക്ക് ദൈവം അനന്തമായ അനുഗ്രഹം പ്രദാനം ചെയ്യുന്നു. എത്ര വലിയ അവിശ്വാസിക്ക് വേണ്ടിയും കരുണകൊന്ത ചൊല്ലി പ്രാർത്ഥിച്ചാൽ വലിയ അനുഗ്രഹങ്ങൾ അവർക്കായി നൽകപ്പെടും. മരണസമയത്ത് ഈ ജപമാല ചൊല്ലുമ്പോൾ മരണമടയുന്നവരുടെയും പ്രാർത്ഥിക്കുന്ന വ്യക്തികളുടെയും പാപങ്ങൾ മോചിപ്പിക്കപ്പെടുമെന്നാണ് വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ പറയുന്നത്.

3. ഫ്രാൻസിസ് പാപ്പാ ശുപാർശ ചെയ്ത പ്രാർത്ഥന

ദിവ്യകാരുണ്യമാണ്‌ വിശ്വാസ ജീവിതത്തിന്റെ മൂലക്കല്ല്. യേശുവിന്റെ പുനരുദ്ധാനത്തിനു നമുക്ക് വ്യക്തത നൽകുന്ന ഒന്നാണ് ദിവ്യകാരുണ്യ ഈശോ. അതിനാൽ തന്നെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായിലൂടെ ലോകം മുഴുവൻ ദിവ്യകാരുണ്യ ഭക്തി പ്രചരിച്ചിരുന്നു. 2016 -ലെ നോമ്പ് കാലത്ത് ‘ബോക്സസ് ഓഫ് മേഴ്‌സി’ എന്ന പേരിൽ ഇന്നത്തെ ലോകത്തിന്റെ ഔഷധം എന്ന് വിശേഷിപ്പിച്ചുകൊണ്ട് കരുണയുടെ ജപമാലയടെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ എടുത്തുകാണിച്ചു.

4. വളരെ എളുപ്പത്തിൽ ചൊല്ലുവാൻ സാധിക്കുന്ന പ്രാർത്ഥന

ആദ്യം ഒരു ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് തുടങ്ങുന്ന പ്രാർത്ഥനയും പിന്നീട് ഒരു ‘നന്മ നിറഞ്ഞ മറിയമേ’ക്കും ത്രിത്വ സ്തുതിക്കും ശേഷം വിശ്വാസ പ്രമാണം ചൊല്ലുക. അതിനു ശേഷം നിത്യ പിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപ പരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കർത്താവീശോമിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാൻ കാഴ്ച വെയ്ക്കുന്നു. കരുണ കൊന്തയുടെ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു. ഏത് സമയത്തും എവിടെ നിന്നും പ്രാർത്ഥിക്കാവുന്ന ഈ കൊച്ചു പ്രാർത്ഥനയുടെ ശക്തി അപാരമാണ്.

5. അഞ്ചു മിനിറ്റ് മാത്രം നീളമുള്ള പ്രാർത്ഥന

അഞ്ചു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ പ്രാർത്ഥന ഏത് വലിയ തിരക്കിനിടയിലും ചൊല്ലാവുന്നതാണ്. ജോലിക്കിടയിലെ ഇടവേളകളിലോ, യാത്രകളിലോ ഒക്കെ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.