കുടുംബങ്ങൾക്ക് എഴുതിയ കത്തിൽ നിന്നുള്ള പാപ്പായുടെ അഞ്ച് ഉദ്ധരണികൾ

തന്റെ പ്രാർത്ഥനകളിൽ എപ്പോഴും കുടുംബങ്ങൾ ഉണ്ടെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഈ പകർച്ചവ്യാധിയുടെ സമയം ഒരു പരീക്ഷണത്തിന്റെ സമയമായിരുന്നെന്നും അത് ഏറ്റവും കൂടുതൽ ബാധിച്ചത് ദുർബലരായിട്ടുള്ളവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പായുടെ ക്രിസ്തുമസ് കത്ത് കുടുംബങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിന്റെ അടയാളവും അതോടൊപ്പം തന്നെ കുടുംബങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുമാണ്. കുടുംബങ്ങൾക്ക് എഴുതിയ കത്തിൽ നിന്നുള്ള പാപ്പായുടെ അഞ്ച് ഉദ്ധരണികൾ ചുവടെ ചേർക്കുന്നു…

1. അബ്രഹാം

അനിശ്ചിതത്വവും ഏകാന്തതയും പ്രിയപ്പെട്ടവരുടെ നഷ്ടവും അനുഭവിച്ചിട്ടുള്ളവരാണ് നമ്മിൽ പലരും. നമ്മുടെ ചില സുരക്ഷിത കേന്ദ്രങ്ങൾ, കാര്യങ്ങൾ ചെയ്യാനുള്ള പരിചിതമായ നമ്മുടെ വഴികൾ, സ്വാഭിലാഷങ്ങൾ എന്നിവയൊക്കെ ഉപേക്ഷിച്ച് നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവർത്തിക്കാൻ ചിലപ്പോൾ നാം നിർബന്ധിതരാകാറുണ്ട്. അബ്രഹാം തന്റെ ജീവിതത്തിൽ അങ്ങനെ ആയിരുന്നു.

2. വിവാഹം എന്ന ദൈവവിളി

വിവാഹം ഒരു ദൈവവിളിയാണ്. ഒരു തോണി പോലെയാണത്. തിരമാലകളാൽ വലയം ചെയ്യപ്പെട്ടതും എന്നാൽ വളരെ ശക്തവുമാണ് ഈ കൂദാശ. എങ്കിലും ദാമ്പത്യം എന്ന കൂദാശയിൽ, യേശു ആ വള്ളത്തിൽ ഉണ്ടെന്നത് നാം ഒരിക്കലും മറക്കരുത്. അവൻ നിങ്ങളെക്കുറിച്ച് ശ്രദ്ധാലുവാണ്. കൊടുങ്കാറ്റിനിടയിലും അവൻ നിങ്ങളുടെ അരികിൽ തന്നെയുണ്ട്.

3. ദൈവിക വ്യവസ്ഥയിലേക്കുള്ള ഉപേക്ഷിക്കൽ

കർത്താവിന്റെ കരങ്ങളിൽ നമ്മെത്തന്നെ ഏൽപ്പിച്ചാൽ മാത്രമേ നമുക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയൂ. നിങ്ങൾക്കു ചുറ്റുമുള്ള നിരവധി സാഹചര്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ നിങ്ങളുടെ ബലഹീനതയും ശക്തിയില്ലായ്മയും തിരിച്ചറിയുക. എന്നാൽ അതേ സമയം നിങ്ങളുടെ ബലഹീനതയിൽ ക്രിസ്തുവിന്റെ ശക്തി പ്രകടമാകുമെന്നും വിശ്വസിക്കുക.

4. ക്ഷമ എല്ലാ മുറിവുകളെയും സുഖപ്പെടുത്തുന്നു

ക്ഷമ എല്ലാ മുറിവുകളെയും സുഖപ്പെടുത്തുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ, പ്രാർത്ഥനയിൽ പക്വത കൈവരിക്കുന്ന ആന്തരിക തീരുമാനത്തിന്റെ ഫലമാണ് പരസ്പരക്ഷമ. വിവാഹിതർ ക്രിസ്തുവിലേക്ക് തിരിയുകയും അവരുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ ക്രിസ്തു ചൊരിഞ്ഞ കൃപയിൽ നിന്നും വരുന്ന ഒരു സമ്മാനമാകുകയാണ് ചെയ്യുന്നത്.

5. സന്തോഷം

തങ്ങൾ കർത്താവിന്റെ അരികിലായി നടക്കുന്നുവെന്ന് അറിയുന്നവരുടെ സന്തോഷം ഇല്ലാതാക്കാൻ ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുകൾക്കും കഴിയില്ല. നിങ്ങളുടെ ജീവിതം ഉത്സാഹത്തോടെ ജീവിക്കുക. നിങ്ങളുടെ മുഖം ദുഃഖത്താലോ, വ്യസനത്താലോ ആയിരിക്കാൻ ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ ഭർത്താവിനോ, ഭാര്യക്കോ നിങ്ങളുടെ പുഞ്ചിരി ആവശ്യമാണ്. നിങ്ങളുടെ കുട്ടികൾക്ക് നിങ്ങളുടെ പ്രോത്സാഹനങ്ങൾ ആവശ്യമാണ്. നിങ്ങളുടെ മറ്റ് കുടുംബങ്ങൾക്കും വൈദികർക്കും നിങ്ങളുടെ സാന്നിധ്യവും സന്തോഷവും ആവശ്യമാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.