മാലിയിൽ കത്തോലിക്കാ വൈദികനടക്കം അഞ്ചുപേരെ തട്ടിക്കൊണ്ടു പോയി

ഒരു വൈദികന്റെ മൃതസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ മാലിയിലെ സീജിൽ നിന്ന് സാനിലേക്കു പോവുകയായിരുന്ന വൈദികനടക്കം അഞ്ചുപേരെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി. സീജിലെ ഇടവക വികാരിയായ ഫാ. ലിയോൺ ഡ്യുൺ, സീജിലെ ഗ്രാമത്തലവൻ പാസ്കൽ സോംബോറോ, ഡെപ്യുട്ടി മേയർ കൂടാതെ കമ്മ്യൂണിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങൾ എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

19.66 ദശലക്ഷം ജനസംഖ്യയുള്ള മുസ്ലിം രാജ്യമായ മാലിയിൽ 2012 മുതൽ തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ വർദ്ധിക്കുകയാണ്. രാഷ്ട്രീയസമ്മർദ്ദം ചെലുത്താനോ, മോചനദ്രവ്യം ആവശ്യപ്പെടാനോ ആണ് സാധാരണയായി ആളുകളെ തട്ടിക്കൊണ്ടു പോകുന്നത്. മാലിയിൽ സൈന്യവും സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു സംഘവും തമ്മിൽ നിരന്തരമായ ഏറ്റുമുട്ടൽ നടക്കാറുണ്ട്. അൽ- ക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ജിഹാദി കലാപങ്ങളും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. പോരാട്ടത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു.

2017-ൽ തെക്കൻ മാലിയിൽ തട്ടിക്കൊണ്ടു പോയ ഫ്രാൻസിസ്കൻ സന്യാസിനിയായ സി. സിസിലിയ നർവേസ്‌ അൽ ക്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ കൈവശമാണെന്ന് കരുതപ്പെടുന്നു. പുതിയ ഗവണ്മെന്റ് അധികാരത്തിലേറിയിട്ടും അക്രമസംഭവങ്ങൾ വർദ്ധിക്കുന്നതിനെതിരെ മാലിയിലെ മെത്രാൻസമിതി അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.