വിശുദ്ധ ഡോൺ ബോസ്‌കോ നിർദ്ദേശിക്കുന്ന നല്ല വിദ്യാഭ്യാസത്തിനു വേണ്ട അഞ്ചു ഗുണങ്ങൾ

ജനുവരി 31 -ന് കത്തോലിക്കാ സഭ വിശുദ്ധനും അധ്യാപകനും സലേഷ്യൻ സഭയുടെ സ്ഥാപകനുമായ വി. ഡോൺ ബോസ്കോയുടെ ഓർമ്മ ദിനം കൊണ്ടാടുന്നു. ഇറ്റലിയിലെ ടൂറിനിൽ 1815 ജനിച്ച ജോൺ ബോസ്കോയ്ക്കു രണ്ടു വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. പിന്നീടു അമ്മയാണ് ജോണിനെ വളർത്തിയത്. വിദ്യാഭ്യാസം തുടരുന്നതിനായി നിരവധി ജോലികൾ ചെയ്ത ജോൺ, വൈദീകനായതിനു ശേഷം യുവജനങ്ങളെയും കുട്ടികളെയും പരിശീലിപ്പിക്കുന്നതിനായി ബോർഡിങ്ങ് സ്കൂളുകളും ഓററ്റോറിയങ്ങളും പള്ളികളോടു ചേർന്നു സ്ഥാപിച്ചു.

1854 സലേഷ്യൻ സഭയ്ക്കു ആരംഭം കുറിച്ചു.1888 -ൽ ഡോൺ ബോസ്കോ മരിക്കുന്നതിനു മുമ്പുതന്നെ സലേഷ്യൻ സഭയുടെ മിഷനറി പ്രവർത്തനം ഇറ്റലിക്കു പുറത്തേക്കു വ്യാപിച്ചിരുന്നു. നല്ലൊരു അധ്യാപകനായിരുന്ന ഡോൺ ബോസ്കോയുടെ ഈ പഞ്ചശീല തത്വങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രൈസ്തവ അധ്യാപകർക്കും മാതാപിതാക്കൾക്കും ഉത്തമ മാതൃകകളാണ്.

1. ആത്മാർത്ഥതയുള്ള പൗരന്മാരും നല്ല ക്രിസ്ത്യാനികളും ആക്കുക

അധ്യാപനത്തിൽ എല്ലാ വികാരങ്ങളും ഉൾക്കൊള്ളുന്നു. വാത്സല്യം, സ്നേഹം, വിശ്വാസപരം, മതപരം, സാങ്കേതികപരം തുടങ്ങി എല്ലാ വിഭാഗങ്ങളിലൂടെയും കടന്നു പോകുന്ന ഒന്നാണ് വിദ്യാഭ്യാസം. നമ്മുടെ വിദ്യാഭ്യാസം കുട്ടികളെ നല്ല പൗരന്മാരും നല്ല ക്രൈസ്തവരും ആക്കി മാറ്റുന്നതാകണം. നല്ല പൗരനാക്കി മാറ്റുക എന്നാൽ സഹജീവികളെ സ്നേഹിച്ചുകൊണ്ട് ഒരു കുടക്കീഴിൽ അണിനിരക്കുവാൻ പ്രാപ്തരാക്കുക എന്നതാണ്. നല്ല ക്രിസ്ത്യാനിയാകുക എന്നാൽ ക്രിസ്തീയ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ പഠിപ്പിക്കുക എന്നതാണ്.

2. മറ്റുള്ളവരിൽ ഉള്ള വിശ്വാസവും ആത്മവിശ്വാസവും വർധിപ്പിക്കുക

വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്‌ഷ്യം ഒരു കുട്ടിയിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതാണ്. വിശുദ്ധൻ ഓർമിപ്പിക്കുന്നു. വിദ്യാർത്ഥിക്ക് തന്റെ തന്നെ കഴിവിൽ ഉള്ള വിശ്വാസത്തോടൊപ്പം മറ്റുള്ളവരെ ആശ്രയിക്കുവാനും അവരെ വിശ്വസിക്കുവാനും ഉള്ള പരിശീലനം നൽകാം. നല്ല ബന്ധങ്ങൾ വളർത്താനും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്തുവാനും മറ്റുള്ളവരിലുള്ള വിശ്വാസം പ്രധാനപ്പെട്ടത് തന്നെ.

3. അവരെ നാം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കണം

കുഞ്ഞുങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നൽ അവരിൽ വളർത്തിയെടുക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. ഒപ്പം ശരിയായ സ്നേഹത്തെ മനസിലാക്കുവാനും പല പ്രായത്തിലും നമ്മുടെ ഉള്ളിൽ തോന്നുന്ന വികാരങ്ങളെ ശരിയായി മനസിലാക്കുവാനും വിദ്യാഭ്യാസത്തിലൂടെ സാധിക്കണം. അപ്പോഴേ വിദ്യാഭ്യാസം അതിന്റെ പൂർണ്ണമായ ലക്ഷ്യത്തിൽ എത്തുകയുള്ളൂ.

4. വിനോദവും കളികളും ഒഴിവാക്കരുത്

കുട്ടികളെ കളിയിൽ നിന്നും വിനോദങ്ങളിൽ നിന്നും ഒരിക്കലും പിന്തിരിപ്പിക്കരുത്. കാരണം കളികളിലൂടെ കുട്ടികൾ വളരുകയാണ്. മറ്റുള്ളവരെ ബഹുമാനിക്കുവാനും നിയമങ്ങൾ പഠിക്കുവാനും സമൂഹത്തോട് ഒന്നുചേർന്ന് ജീവിക്കുവാനും വിനോദങ്ങളും കളികളും കുട്ടികളെ സഹായിക്കും.

5. വിദ്യാഭ്യാസം കൃപയെക്കുറിച്ച് പഠിപ്പിക്കുന്നതാകണം

വിദ്യാഭ്യാസം ദൈവത്തെ കുറിച്ചും അവിടുത്തെ കൃപകളെക്കുറിച്ചും അറിവ് പകരുന്നതായിരിക്കണം. ദൈവവുമായി ചേർന്ന് നിൽക്കുവാൻ, ദൈവത്തെ കൂട്ടുപിടിച്ച് ജീവിക്കുവാൻ ശരിയായ വിദ്യാഭ്യാസം ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. ഈ അഞ്ചു ഘടകങ്ങൾ വിദ്യാഭ്യാസത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുവാൻ സഹായിക്കുന്നു എന്ന് വിശുദ്ധ ഡോൺ ബോസ്‌കോ തന്റെ അധ്യാപന ജീവിതം കൊണ്ട് തെളിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ