ചെറിയ കുട്ടികളെ വിശുദ്ധരെക്കുറിച്ച് പഠിപ്പിക്കാനുള്ള രസകരമായ അഞ്ച് മാർഗ്ഗങ്ങൾ

ദൈവത്തിനായി ജീവിക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്നറിയുന്നത് ജീവിതകാലം മുഴുവൻ നമുക്ക് ഒരു വലിയ പ്രോത്സാഹനമാണ്. വിശുദ്ധജീവിതം നയിച്ച അവരെയെല്ലാം നമ്മുടെ കൊച്ചുകുട്ടികൾക്ക് എങ്ങനെ പരിചയപ്പെടുത്തിക്കൊടുക്കാം എന്നത് മാതാപിതാക്കൾക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അവരറിയാതെ തന്നെ നമുക്ക് വിശുദ്ധരുടെ ജീവിതത്തെ പരിചയപ്പെടുത്താൻ നിരവധി മാർഗ്ഗങ്ങളുണ്ട്…

1. കളറിംഗ് ബുക്ക്

കുട്ടികൾക്കെല്ലാവർക്കും തന്നെ കളറിംഗ് ബുക്കിലെ കഥാപാത്രങ്ങൾക്ക് നിറം കൊടുക്കാൻ ഇഷ്ടമായിരിക്കും. വിശുദ്ധരുടെ ചിത്രങ്ങളും അവരുടെ ജീവിതകഥകളും അടങ്ങുന്ന പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്. കുട്ടികൾക്കൊപ്പമിരുന്നുകൊണ്ട് നിറം കൊടുക്കാൻ അവരെ സഹായിക്കുന്നതിനോടൊപ്പം തന്നെ വിശുദ്ധരുടെ ജീവിതകഥകളും വായിച്ചുകൊടുക്കാം. അല്ലെങ്കിൽ നമ്മുടേതായ ശൈലിയിൽ വിവരിച്ചുകൊടുക്കാം. അങ്ങനെ വിശുദ്ധരെയും അവരുടെ ജീവിതത്തെയും നമുക്ക് കുട്ടികൾക്ക് പരിചയപ്പെടുത്താം.

2. ഒരുമിച്ചു വായിക്കുക

വായിക്കാൻ പഠിച്ചുവരുന്ന കുട്ടികൾക്ക് വിശുദ്ധരുടെ ജീവിതകഥകൾ വിവരിക്കുന്ന ചിത്രകഥാപുസ്തകങ്ങൾ സമ്മാനമായി നൽകാം. അവർക്കൊപ്പമിരുന്ന് അവരെ വായിപ്പിക്കാം. വായിക്കാൻ പഠിക്കുന്നതിനോടപ്പം തന്നെ അവർ വിശുദ്ധരെയും അവരുടെ ജീവിതത്തെയും ഇതിലൂടെ മനസിലാക്കുകയാണ്.

3. കഥകൾ കേൾക്കുക

വിശുദ്ധരുടെ ജീവിതകഥകൾ വിവരിക്കുന്ന നിരവധി വീഡിയോ ചാനലുകളുണ്ട്. ആഴ്ചയിലൊരിക്കലോ രണ്ടു തവണയോ നിങ്ങൾക്ക് ഇത്തരം വീഡിയോകൾ കുട്ടികളെ കാണിക്കുകയും കേൾപ്പിക്കുകയും ചെയ്യാം. വീഡിയോകൾ കാണിക്കുമ്പോൾ അതിലെ ദൃശ്യങ്ങൾ അവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നതിനാൽ ഭാവിയിൽ അവർക്ക് അത് പെട്ടെന്ന് ഓർമ്മിക്കുവാൻ സാധിക്കുന്നു എന്ന ഗുണം കൂടിയുണ്ട്.

4. വിശുദ്ധരുടെ ചെറിയ രൂപങ്ങൾ നൽകാം

നിങ്ങളുടെ കുട്ടികളുടെ ഒരു ദിവസത്തിൽ വിശുദ്ധരെ ഉൾപ്പെടുത്താനുള്ള മറ്റൊരു രസകരമായ മാർഗ്ഗം അവരുടെ ചിത്രങ്ങളാണ്. കുട്ടികളുടെ ബാഗിലോ, കീ-ചെയിനിലോ വിശുദ്ധരുടെ ചെറിയ രൂപങ്ങളോ ചിത്രങ്ങളോ ചേർത്തുവയ്ക്കാം. അതിനോടൊപ്പം വിശുദ്ധരുടെ ജീവിതകഥയും കുട്ടികൾക്ക് വിവരിച്ചുനൽകാം. പിന്നീട് എപ്പോഴൊക്കെ ആ രൂപം കൈകളിലെടുത്താലും തീർച്ചയായും അവർ ആ വിശുദ്ധന്റെ ജീവിതവും ഓർമ്മിക്കും; അവരുടെ ഉള്ളിൽ ഒരു ചെറിയ പ്രാർത്ഥന ഉണ്ടാകും.

5. നാമഹേതുക തിരുനാൾ ആഘോഷിക്കുക

കുടുംബത്തിലെ ഓരോരുത്തർക്കും ഓരോ വിശുദ്ധരുടെയും പേരുകൾ ഉണ്ടായിരിക്കും. അവരെ നമ്മുടെ പ്രത്യേക രക്ഷാധികാരികളായി പരിചയപ്പെടുത്തുക. അതിനുശേഷം വിശുദ്ധരുടെ തിരുനാൾ ദിനം വരുന്ന ദിനങ്ങളിൽ അത് ആഘോഷിക്കുക. ആ ദിവസം വിശുദ്ധനെക്കുറിച്ചും വിശുദ്ധന്റെ/ വിശുദ്ധയുടെ ജീവിതത്തിൽ നടന്ന ചില സംഭവകഥകളുമൊക്കെ എല്ലാവർക്കുമായി വിവരിച്ചു കൊടുക്കുക. അങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ പല തവണകളായി നിരവധി വിശുദ്ധരെ കുട്ടികൾക്ക് പരിചയപ്പെടുത്താം.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.